'ബജറ്റില്‍ ഭാവി കേരളത്തിന് വേണ്ടിയുള്ള പദ്ധതികളും ആശയങ്ങളും': പ്രതിഷേധം കടുത്തപ്പോള്‍ ന്യായീകരണവുമായി ധനമന്ത്രി

'ബജറ്റില്‍ ഭാവി കേരളത്തിന് വേണ്ടിയുള്ള പദ്ധതികളും ആശയങ്ങളും': പ്രതിഷേധം കടുത്തപ്പോള്‍  ന്യായീകരണവുമായി ധനമന്ത്രി

തിരുവനന്തപുരം: ബജറ്റിനെതിരെ സംസ്ഥാനമൊട്ടാകെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ബജറ്റിനെ ന്യായീകരിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഭാവി കേരളത്തിനു വേണ്ടിയുള്ള നിരവധി പദ്ധതികളും ആശയങ്ങളുമാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരുന്നതെന്നാണ് ധനമന്ത്രി പറയുന്നത്.

കാല്‍ നൂറ്റാണ്ടിനുള്ളില്‍ കേരളത്തെ ഏതൊരു വികസിത രാജ്യത്തോടും സമാനമായ അടിസ്ഥാന സൗകര്യ വികസനത്തിലേക്കും ജീവിത സൗകര്യങ്ങളിലേക്കും ഉയര്‍ത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യമാണ് എല്‍ഡിഎഫ് സര്‍ക്കാരിനുള്ളത്. ആ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ബജറ്റ് തയ്യാറാക്കപ്പെട്ടതെന്നും ബാലഗോപാല്‍ ഫേയ്സ്ബുക്ക് കുറിപ്പിലൂടെ ന്യായീകരിച്ചു.

സെസും സര്‍ചാര്‍ജും പിരിക്കുന്നത് ഇടതു നയമാണോ എന്ന് ചോദിക്കുന്നവരുണ്ട്. പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കുമേല്‍ കേന്ദ്രം ചുമത്തുന്ന സെസുകള്‍ക്കും സര്‍ചാര്‍ജുകള്‍ക്കും ഇപ്പോഴും ഇടതുപക്ഷം എതിരു തന്നെയാണ്. ആ നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്നും ബാലഗോപാല്‍ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

കാരണം പെട്രോളും ഡീസലും സംസ്ഥാനങ്ങള്‍ക്ക് നികുതി ചുമത്താന്‍ അധികാരമുള്ള ഉല്‍പന്നങ്ങളാണ്. സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കടന്നു കയറി നികുതിക്ക് മേല്‍ നികുതി എന്ന പേരില്‍ സംസ്ഥാനങ്ങളുമായി വീതം വെക്കേണ്ടതില്ലാത്ത സെസുകളും സര്‍ചാര്‍ജുകളും ചുമത്തുന്നതില്‍ യാതൊരു ന്യായവുമില്ല.

ഒരു ലിറ്റര്‍ പെട്രോളിന്മേല്‍ കേന്ദ്രം ചുമത്തുന്ന സെസ് 20 രൂപയോളമാണ്. വില വര്‍ധനയുടെ യഥാര്‍ത്ഥ കാരണമിതാണ്. സംസ്ഥാന വില്‍പ്പന നികുതിയുടെ പരിധിയില്‍ വരുന്ന ഒരു ഉല്‍പന്നത്തിന്മേല്‍ കടന്നു കയറി സര്‍ചാര്‍ജും സെസും ചുമത്തുന്ന കേന്ദ്രത്തിന്റെ നടപടി തന്നെ തെറ്റാണ്. അതാണ് പിന്‍വലിക്കേണ്ടതെന്നും മന്ത്രി പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.