കറാച്ചി: പാകിസ്ഥാനില്‍ വീണ്ടും ചാവേര്‍ ആക്രമണം.ബലൂചിസ്ഥാന്‍ പ്രവിശ്യയിലുള്ള ക്വറ്റയിലെ പൊലീസ് ആസ്ഥാനത്തെ ചെക്‌പോസ്റ്റ് ലക്ഷ്യമിട്ട് തെഹ്രീകെ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
പൊലീസ് ആസ്ഥാനത്തിന്റെ പ്രവേശന കവാടത്തിന് സമീപമാണ് സ്‌ഫോടനം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം തെഹ്രീകെ താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) ഏറ്റെടുത്തു. കഴിഞ്ഞയാഴ്ച പാകിസ്ഥാനിലെ പെഷവാറിലെ പള്ളിയില്‍ ടിടിപി നടത്തിയ ചാവേര്‍ ആക്രമണത്തില്‍ നൂറിലധികം പേരാണ് മരിച്ചിത്. ഇരുനൂറിലധികം പേര്‍ക്കാണ് പരിക്കേറ്റത്.
പൊലീസ് ആസ്ഥാനത്തിനടുത്തെ പള്ളിയില്‍ നമസ്‌കാര സമയത്ത് പൊലീസ് വേഷത്തില്‍ എത്തിയ ചാവേറാണ് പൊട്ടിത്തെറിച്ചത്. അതിസുരക്ഷാ മേഖലയിലെ പള്ളിയില്‍ ഏര്‍പ്പെടുത്തിയിരുന്ന ത്രിതല സുരക്ഷാ വലയം മറികടന്നാണ് ചാവേര്‍ എത്തിയത്.
ഇന്ത്യക്കെതിരെ അടക്കം പോരാടാന്‍ വിവിധ പാക് ഭരണകൂടങ്ങള്‍ വളര്‍ത്തിയ ഭീകര സംഘമാണ് തെഹ്രീകെ താലിബാന്‍ പാകിസ്ഥാന്‍. അഫ്ഗാന്‍ താലിബാന് സമാനമായ പ്രത്യയശാസ്ത്രമാണ് തെഹ്രീകെ താലിബാനും പിന്തുടരുന്നത്. ചില കാര്യങ്ങളില്‍ മാത്രമാണ് വ്യത്യസ്തത.
സാമ്പത്തികമായി ആകെ തകര്‍ന്ന് നില്‍ക്കുന്ന പാകിസ്ഥാനെ ടിടിപിയുടെ ആക്രമണങ്ങള്‍ കൂടുതല്‍ പരുങ്ങളിലാക്കിയിട്ടുണ്ട്. അധികാരം പിടിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നാണ് കരുതുന്നത്. 2007 ല്‍ ബൈത്തുള്ള മെഹ്സൂദെയാണ് ടിടിപി രൂപീകരിച്ചത്. നൂര്‍ വാലി മെഹ്സൂദാണ് സംഘടനയുടെ ഇപ്പോഴത്തെ നേതാവ്.
പാകിസ്ഥാനിലെ മിക്ക താലിബാന്‍ ഗ്രൂപ്പുകളും ടിടിപിയുടെ കീഴിലാണ് ഒത്തു ചേരുന്നത്. ഇവരുടെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ പ്രധാനം പാകിസ്ഥാന്‍ ഭരണകൂടത്തിനെതിരായ ചെറുത്തു നില്‍പ്പും രാജ്യത്ത് ശരി അത് നിയമം നടപ്പാക്കലുമാണ്. പാകിസ്ഥാന്‍ സായുധ സേനയ്ക്കും ഭരണകൂടത്തിനുമെതിരെ ഭീകരാക്രമണം നടത്തി പാകിസ്ഥാന്‍ സര്‍ക്കാരിനെ അട്ടിമറിക്കുക എന്നതാണ് ടിടിപിയുടെ ഏറ്റവും പ്രധാന ലക്ഷ്യം.
അഫ്ഗാനിസ്ഥാന്‍-പാകിസ്ഥാന്‍ അതിര്‍ത്തിയിലുള്ള ഗോത്ര മേഖലയിലാണ് ഇവരുടെ പ്രധാന പ്രവര്‍ത്തന കേന്ദ്രം. 2020 ല്‍ വര്‍ഷങ്ങള്‍ നീണ്ട വിഭാഗീയതയ്ക്കും ചേരിപ്പോരിനും ശേഷം നൂര്‍ വാലി മെഹ്സൂദിന്റെ നേതൃത്വത്തില്‍ ടിടിപി പുനസംഘടനയ്ക്കും പുനരേകീകരണത്തിനും വിധേയമായി. 2021 ഡിസംബര്‍ 10 ന് വെടിനിര്‍ത്തല്‍ അവസാനിച്ചതിന് ശേഷം അഫ്ഗാനിസ്ഥാനിലെ സങ്കേതങ്ങളില്‍ നിന്ന് പാകിസ്ഥാന്‍ സുരക്ഷാ സേനയ്ക്കെതിരായ ആക്രമണം ടിടിപി വര്‍ധിപ്പിച്ചു.
2022 ഏപ്രില്‍ 16 ന് അഫ്ഗാനിസ്ഥാനിലെ ഖോസ്ത്, കുനാര്‍ പ്രവിശ്യകളില്‍ പാകിസ്ഥാന്‍ വ്യോമാക്രമണം നടത്തിയതോടെയാണ് ടിടിപി കൂടുതല്‍ ചാവേര്‍ ആക്രമണങ്ങള്‍ നടത്താന്‍ തുടങ്ങിയത്. ഓഗസ്റ്റില്‍ അഫ്ഗാനിസ്ഥാനില്‍ തന്റെ സഹോദരന്‍ ഉമര്‍ ഖാലിദ് ഖുറസാനി കൊല്ലപ്പെട്ടതിന്റെ പ്രതികാരമായാണ് പെഷവാറിലെ പള്ളിയില്‍ നടത്തിയ ചാവേര്‍ ആക്രമണമെന്ന് ടിടിപി കമാന്‍ഡര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.