കൊച്ചി: കളമശേരി മെഡിക്കല്‍ കോളജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ കുട്ടിയെ ഹാജരാക്കണമെന്ന് സി.ഡബ്ല്യൂ.സിയുടെ ഉത്തരവ്. തിങ്കളാഴ്ച ഹാജരാക്കാന്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിയമവിരുദ്ധമായാണ് കുട്ടിയെ ദത്ത് നല്‍കിയതെന്ന് സി.ഡബ്ല്യൂ.സി കണ്ടെത്തിയിരുന്നു.
ആറ് മാസം പ്രായമായ കുട്ടിയെ ദമ്പതികള്‍ ദത്തെടുത്തത് നിയമവിരുദ്ധമായാണെന്നാണ് സി.ഡബ്ല്യൂ.സിയുടെ കണ്ടെത്തല്‍. തൃപ്പുണിത്തുറയിലുള്ള ദമ്പതികള്‍ക്കാണ് കുട്ടിയെ കൈമാറിയത്. ഇവരെ കണ്ടെത്തി കുട്ടിയെ അടിയന്തരമായി ഹാജരാക്കാനാണ് നിര്‍ദേശം.
മെഡിക്കല്‍ കോളജിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് എ. അനില്‍ കുമാറിന് പുറമേ കൂടുതല്‍പ്പേര്‍ കേസില്‍ പ്രതിചേര്‍ക്കപ്പെടുമെന്നാണ് സൂചന. കളമശേരി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസെടുത്തതിന് പിന്നാലെ തൃപ്പുണിത്തുറ വടക്കേക്കോട്ട സ്വദേശികളായ ദമ്പതികള്‍ ഒളിവില്‍ പോയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
നിയമവിരുദ്ധമായി ദത്തെടുത്ത കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് സമ്പാദിക്കാനായാണ് വ്യാജ സര്‍ട്ടിഫിക്കറ്റിനുള്ള ശ്രമം നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. അതിനാല്‍ ദമ്പതികളും കേസില്‍ പ്രതികളാവും.
അതേസമയം കുട്ടിയെ ദത്തെടുത്ത ദമ്പതികളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊര്‍ജ്ജിതമാക്കി. യഥാര്‍ഥ മാതാപിതാക്കളെ കണ്ടെത്തി കുഞ്ഞിനെ തിരികെയേല്‍പ്പിക്കാനുള്ള നടപടികളുമായാണ് സി.ഡബ്ല്യൂ.സി മുന്നോട്ട് പോകുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.