അദാനിയെച്ചൊല്ലി പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ദമാകും; രാജ്യവ്യാപകമായി പ്രതിഷേധവുമായി കോണ്‍ഗ്രസ്

അദാനിയെച്ചൊല്ലി പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ദമാകും; രാജ്യവ്യാപകമായി പ്രതിഷേധവുമായി കോണ്‍ഗ്രസ്

ന്യൂഡൽഹി: അദാനി വിഷയത്തിൽ മൂന്നാം തവണയും അടിയന്തര പ്രമേയ നോട്ടീസ് നൽകാനൊരുങ്ങി കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ കക്ഷികള്‍. കഴിഞ്ഞ രണ്ട് തവണയും ആവശ്യം തള്ളിയതിനെ തുടർന്ന് പാര്‍ലമെന്റ് പ്രക്ഷുബ്‍ദമായിരുന്നു. ഇന്നും അതിന്റെ തുടർച്ചയാകാനാണ് സാധ്യത. കഴിഞ്ഞ രണ്ട് തവണയും അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പാര്‍ലമെന്റ് നടപടികൾ സ്തംഭിച്ചിരുന്നു.

അദാനി വിഷയത്തിൽ ഈയാഴ്ച സ്വീകരിക്കേണ്ട തന്ത്രങ്ങൾ ആലോചിക്കാൻ പ്രതിപക്ഷം ഇന്ന് രാവിലെ യോഗം ചേരുന്നുണ്ട്. രാജ്യസഭ പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെയുടെ പാർലമെന്റ് മന്ദിരത്തിലെ ഓഫിസിലാണ് യോഗം. 

നന്ദിപ്രമേയ ചർച്ചയും 2023-24 പൊതുബജറ്റ് ചർച്ചയും ലോക്സഭയുടെയും രാജ്യസഭയുടെയും ഈയാഴ്ചത്തെ അജണ്ടയിൽ ഉൾപ്പെടുത്തിയ സാഹചര്യത്തിലാണ് പ്രതിപക്ഷ യോഗം. സംയുക്ത പാർലമെന്ററി അന്വേഷണമോ സുപ്രീംകോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമോ വേണമെന്നാണ് പ്രതിപക്ഷ ആവശ്യം.

ഈ ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപകമായി ജില്ലാ തലങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കും. എല്‍ഐസി, എസ്ബിഐ പോലുള്ള സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്ത് അദാനി ഗ്രൂപ്പിനെ കേന്ദ്രം വഴിവിട്ട് സഹായിക്കുകയായിരുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. അദാനി വിവാദത്തില്‍ പ്രധാനമന്ത്രിയുടെ മൗനവും കോൺഗ്രസിനെ ചൊടിപ്പിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിക്കെതിരെ കോൺഗ്രസിൻ്റെ ചോദ്യ പരമ്പരയ്ക്കും ഇന്നലെ തുടക്കമായി. 

ആദ്യ ദിനം മൂന്ന് ചോദ്യങ്ങളാണ് ഉന്നയിച്ചത്. അദാനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ ഇഡി, സിബിഐ പോലുള്ള ഏജൻസികളെ ഉപയോഗിക്കുമോ, അദാനിയുടെ സഹോദരൻ ഉൾപ്പെട്ട പനാമാ പാണ്ടോര പേപ്പർ വെളിപ്പെടുത്തലുകളിലെ അന്വേഷണ ഗതിയെങ്ങനെ, രാജ്യത്തെ എയർപോർട്ടുകളും, തുറമുഖങ്ങളും അദാനിയെ ഏൽപിച്ചത് മതിയായ അന്വേഷണം നടത്തിയാണോ തുടങ്ങിയ ചോദ്യങ്ങളാണ് ആദ്യദിനം ഉന്നയിച്ചത്.

എസ്ബിഐ അടക്കം ഇന്ത്യയിലെയും വിദേശത്തെയും ബാങ്കുകൾ ഓഹരി ഈടായി സ്വീകരിച്ച് അദാനിക്ക് നൽകിയ വായ്പ രണ്ടു ലക്ഷം കോടിയിലേറെയെന്നാണ് കണക്ക്. അദാനിയുടെ ഓഹരി ഇടിയുമ്പോൾ ബാങ്കിംഗ് രംഗവും പ്രതിസന്ധിയിലാവുമെന്ന് പറയുന്നതിലെ ന്യായം ഇതാണ്. എന്നാൽ അദാനിക്കുണ്ടാവുന്ന തിരിച്ചടി ഓഹരി വിപണിയെ ബാധിക്കില്ലെന്നായിരുന്നു കേന്ദ്ര ധനകാര്യമന്ത്രി നി‍ർമ്മലാ സീതാരാമന്‍റെ പ്രതികരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.