വ്യാഴത്തിന് ചുറ്റും പുതിയ 12 ഉപഗ്രഹങ്ങൾ: ശനിയുടെ റെക്കോർഡ് തകർന്നു; സൗരയൂഥത്തിൽ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹം ഇനി വ്യാഴം

വ്യാഴത്തിന് ചുറ്റും പുതിയ 12 ഉപഗ്രഹങ്ങൾ: ശനിയുടെ റെക്കോർഡ് തകർന്നു; സൗരയൂഥത്തിൽ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹം ഇനി വ്യാഴം

കേപ് കനവറൽ: ഉപഗ്രഹങ്ങളുടെ എണ്ണത്തിൽ വ്യാഴം വീണ്ടും ശനിയെ പിന്നിലാക്കി. പുതിയ 12 ഉപഗ്രഹങ്ങളെ ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയന്റെ മൈനർ പ്ലാനെറ്റ് സെന്ററിന്റെ പട്ടികയിൽ ഉൾപെടുത്തിയതോടെ ആകെ 92 ഉപഗ്രഹങ്ങളാണ്‌ വ്യാഴത്തിന് സ്വന്തമായുള്ളത്. 83 ഉപഗ്രഹങ്ങളുമായി ശനി രണ്ടാം സ്ഥാനത്താണ്.

ഇതിന് മുമ്പുണ്ടായിരുന്ന ഔദ്യോഗിക ലിസ്റ്റ് അനുസരിച്ച് വ്യാഴത്തിന് 80 ഉപഗ്രഹങ്ങളായിരുന്നു ഉണ്ടായിരുന്നത്. വിവിധ രാജ്യങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന വൻ ടെലിസ്കോപ്പുകളുടെ സഹായത്തോടെയാണ് ഇവയെ കണ്ടെത്തിയത്. 2021 ലും 2022 ലും ഹവായിയിലും ചിലിയിലും ദൂരദർശിനികൾ ഉപയോഗിച്ചാണ് പുതിയ ഉപഗ്രഹങ്ങളെ കണ്ടെത്തിയതെന്ന് ഗവേഷണത്തിന് നേതൃത്വം കൊടുത്ത കാർണഗീ ഇൻസ്റ്റിറ്റ്യൂഷനിലെ സ്‌കോട്ട് ഷെപ്പേർഡ് പറഞ്ഞു. തുടർ നിരീക്ഷണങ്ങളിലൂടെ സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന് ചുറ്റുമുള്ള അവയുടെ ഭ്രമണപഥം സ്ഥിരീകരിച്ചു.

ഈ ഏറ്റവും പുതിയ ഉപഗ്രഹങ്ങൾക്ക് 0.6 മൈൽ മുതൽ 2 മൈൽ (1 കിലോമീറ്റർ മുതൽ 3 കിലോമീറ്റർ വരെ) വലിപ്പമുണ്ടെന്ന് ഷെപ്പേർഡ് വ്യക്തമാക്കി. അതിനാൽ തന്നെ സ്വയം ഗോളാകൃതി കൈവരിക്കാൻ വേണ്ട ഗുരുത്വാകർഷണ ശേഷിയൊന്നും ഇവയ്ക്കില്ല. പുതുതായി കണ്ടെത്തിയ ഉപഗ്രഹങ്ങൾക്ക് ഇതുവരെ പേര് നൽകിയിട്ടില്ല.

നാല് നൂറ്റാണ്ടുമുമ്പേ ശലീലിയോ ഗലീലി താൻ സ്വയം നിർമിച്ച ഒരു ടെലിസ്കോപ്പിലൂടെ വ്യാഴത്തിന്റെ നാല് ഉപഗ്രഹങ്ങളെ ആദ്യമായി കണ്ടെത്തിയത്. ഇതു കൂടാതെ ഗലീലിയോയുടെ സമകാലികനായിരുന്ന ജർമൻ ശാസ്ത്രജ്ഞൻ സൈമൺ മാറിയസ് ഇവയെ സ്വതന്ത്രമായി കണ്ടെത്തുകയും അവയ്ക്ക് അയോ, യൂറോപ്പ, ഗാനിമീഡ്, കാലിസ്തോ എന്നീ പേരുകൾ നൽകുകയും ചെയ്തു.

ഇവയ്ക്കെല്ലാം 3000 കിലോമീറ്ററിലധികം വ്യാസമുണ്ട്. ഇവയിൽ യൂറോപ്പ ഒഴികെ മറ്റു മൂന്നെണ്ണവും ചന്ദ്രനേക്കാൾ വലുതാണ്. ഇതിൽ അയോ ധാരാളം അഗ്നിപർവ്വതങ്ങളുള്ള ഉപഗ്രഹമാണ്. അവയിൽ ചിലത് നമ്മുടെ മൗണ്ട്എവറസ്റ്റിനേക്കാൾ ഉയരമുള്ളവയാണ്. യൂറോപ്പ, ഗാനിമീഡ്, കാലിസ്തോ എന്നിവയിൽ ഐസും അതിനടിയിൽ ദ്രാവകരൂപത്തിലുള്ള ജലവും ധാരാളമായി ഉണ്ടെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്.

ഇക്കാര്യങ്ങൾ പഠിക്കാനായി യൂറോപ്യൻ സ്പേസ് ഏജൻസി ഈ വർഷം ഏപ്രിലിൽ ജൂസ് (Jupiter Icy Moons Explorer – JUICE) എന്ന പേരിൽ ഒരു ബഹിരാകാശ പേടകത്തെ അങ്ങോട്ടയക്കും. എട്ട് വർഷത്തിലധികം യാത്ര ചെയ്ത് 2031 ൽ ജൂസ് വ്യാഴത്തിനടുത്തെത്തും. ഇതു കൂടാതെ നാസയും യൂറോപ്പ ക്ലിപ്പർ (Europa Clipper) എന്ന ഒരു ബഹിരാകാശ പേടകത്തെ യൂറോപ്പയിലേക്ക് അയക്കുന്നുണ്ട്.

2024 ൽ വിക്ഷേപിക്കപ്പെടുന്ന ഈ പേടകം 2030 ൽ യൂറോപ്പയുടെ അടുത്തെത്തുമെന്നാണ് കണക്ക്. അവിടുത്തെ ജലത്തിൽ സൂക്ഷ്മജീവികൾക്ക് വളരാൻ കഴിയും എന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. ഭൗമേതര ജീവികൾക്ക് വളരെ സാദ്ധ്യത കല്പിച്ചിട്ടുള്ള ഒരു ഇടമാണ് വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പ.

സൗരയൂഥത്തിൽ 27 ഉപഗ്രഹങ്ങളുമായി യുറാനസ് ആണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്ത് 14 ഉപഗ്രഹങ്ങളുമായി നെപ്റ്റ്യൂൺ ഉണ്ട്. ചൊവ്വക്ക് രണ്ടും ഭൂമിക്ക് ഒന്നും ഉപഗ്രഹങ്ങളാണുള്ളത്. ബുധനും ശുക്രനും ഉപഗ്രഹങ്ങളില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.