വീണ്ടും 'അബദ്ധം': കൊളംബിയന്‍ ആകാശത്ത് കണ്ടെത്തിയ ബലൂണ്‍ തങ്ങളുടേതെന്ന് ചൈന

വീണ്ടും 'അബദ്ധം': കൊളംബിയന്‍ ആകാശത്ത് കണ്ടെത്തിയ ബലൂണ്‍ തങ്ങളുടേതെന്ന് ചൈന

ബീജിങ്: അമേരിക്കയുടെ ആകാശത്ത് കണ്ടെത്തിയ ചൈനീസ് ചാര ബലൂണിനു സമാനമായി ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ കൊളംബിയയുടെ വ്യോമാതിര്‍ത്തിയിലും ബലൂണ്‍ പറന്ന സംഭവത്തില്‍ വിശദീകരണവുമായി ചൈന. കൊളംബിയയ്ക്കു മുകളിലൂടെ പറന്ന ബലൂണ്‍ തങ്ങളുടേതാണെന്ന് ചൈന സ്ഥിരീകരിച്ചു.

ലാറ്റിന്‍ അമേരിക്കന്‍, കരീബിയന്‍ വ്യോമമേഖലകളിലേക്ക് ബലൂണ്‍ അബദ്ധത്തില്‍ പ്രവേശിച്ചതാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ബലൂണുമായി സാമ്യമുള്ള ഒരു വസ്തു വെള്ളിയാഴ്ച ശ്രദ്ധയില്‍ പെട്ടുവെന്നും തങ്ങളുടെ വ്യോമ പരിധി കഴിയും വരെ അതിനെ നിരീക്ഷിച്ചിരുന്നുവെന്നും കൊളംബിയന്‍ വ്യോമസേന വെളിപ്പെടുത്തിയിരുന്നു. 17,000മീറ്റര്‍ ഉയരത്തിലാണ് ബലൂണ്‍ കണ്ടെത്. മണിക്കൂറില്‍ 46 കിലോമീറ്റര്‍ വേഗതയുണ്ടായിരുന്നു. വസ്തുവിന്റെ ഉത്ഭവം കണ്ടെത്താന്‍ മറ്റ് രാജ്യങ്ങളുമായും സ്ഥാപനങ്ങളുമായും ഏകോപ്പിച്ച് അന്വേഷണം നടത്തുകയാണെന്ന് വ്യോമസേന അറിയിച്ചു. ഇതിനു പിന്നാലെയാണ് ചൈനീസ് പ്രതിനിധി വിശദീകരണവുമായി രംഗത്തെത്തിയത്.

രണ്ടും ആളില്ലാ കാലാവസ്ഥാ നിരീക്ഷണ വിമാനങ്ങളാണെന്നും അത് കാലാവസ്ഥാ മാറ്റങ്ങളെതുടര്‍ന്ന് ദിശ തെറ്റി അബദ്ധത്തില്‍ ലാറ്റിന്‍ അമേരിക്കന്‍, കരീബിയന്‍ വ്യോമമേഖലയില്‍ പ്രവേശിക്കുകയും ചെയ്തതാണെന്നും വക്താവ് മാവോ നിംഗ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

'ചൈന ഉത്തരവാദിത്തമുള്ള രാജ്യമാണ്, എല്ലായ്‌പ്പോഴും അന്താരാഷ്ട്ര നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നു. ഞങ്ങള്‍ ഇക്കാര്യം ബന്ധപ്പെട്ട കക്ഷികളുമായി സംസാരിച്ച് ഉചിതമായ രീതിയില്‍ കൈകാര്യം ചെയ്യുകയാണ്. ബലൂണ്‍ രാജ്യത്തിന് ഒരു ഭീഷണിയും അപകടവും ഉണ്ടാക്കില്ല. - അവര്‍ കൂട്ടിച്ചേര്‍ത്തു.

മൂന്നു ലോറികളുടെ വലുപ്പമുള്ള ബലൂണ്‍ കാലാവസ്ഥ പഠനത്തിനുള്ള സിവിലിയന്‍ എയര്‍ഷിപ്പാണെന്നാണ് ചൈന ആവര്‍ത്തിക്കുമ്പോഴും ചാര ബലൂണാണെന്നാണ് അമേരിക്കയുടെ വാദം.

ദിവസങ്ങളോളം അമേരിക്കയുടെ വ്യോമ പരിധിയില്‍ തങ്ങിയ ബലൂണ്‍ ചൈനയുടെ ചാര ബലൂണാണെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം യു.എസ് വെടിവെച്ചിട്ടിരുന്നു. ബലൂണ്‍ യു.എസ് വെടിവെച്ചിട്ടതോടെ ചൈനയും യു.എസും തമ്മിലുള്ള ബന്ധത്തിലും വിള്ളല്‍ വീണിരുന്നു.

ആളില്ലാ സിവിലിയന്‍ ആകാശക്കപ്പല്‍ വെടിവച്ചിട്ട അമേരിക്കന്‍ നടപടിയില്‍ കടുത്ത അതൃപ്തിയും പ്രതിഷേധവും ചൈന അറിയിച്ചു. സംഭവത്തിന് പിന്നാലെ യു.എസ്. വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ചൈനാ സന്ദര്‍ശനം മാറ്റിവയ്ക്കുകയും ചെയ്തു.

ഈ ബലൂണുകള്‍ അമേരിക്കക്കാരുടെ മനസില്‍ ഞെട്ടലും ഭീതിയുമുണ്ടാക്കിയിട്ടുണ്ടെന്ന് പെര്‍ത്ത് യുഎസ്എഷ്യ സെന്റര്‍ സിഇഒ ഗോര്‍ഡണ്‍ ഫ്‌ളേക്ക് പറയുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് ഒഴികെ, അമേരിക്കന്‍ ഭൂപ്രദേശം ഒരിക്കലും ഭീഷണിയിലായിട്ടില്ല. അതിനാല്‍ ഇത് അമേരിക്കയുടെ മനസിനെ സ്വാധീനിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.