കാര്‍ കത്തിയത് ഷോര്‍ട്ട്സര്‍ക്യൂട്ട് മൂലം; പെര്‍ഫ്യൂമും സാനിറ്റൈസറും തീവ്രതകൂട്ടിയെന്ന് അന്വേഷണ സംഘം

കാര്‍ കത്തിയത് ഷോര്‍ട്ട്സര്‍ക്യൂട്ട് മൂലം; പെര്‍ഫ്യൂമും സാനിറ്റൈസറും തീവ്രതകൂട്ടിയെന്ന് അന്വേഷണ സംഘം

കണ്ണൂര്‍: യുവദമ്പതിമാര്‍ മരിക്കാനിടയായ കാര്‍ അപകടം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്ന് പ്രത്യേക അന്വേഷണ സംഘം. തീ ആളിപ്പടരാന്‍ ഇടയാക്കിയത് കാറിലുണ്ടായിരുന്ന സാനിറ്റൈസറും സുഗന്ധത്തിനായി ഉപയോഗിക്കുന്ന സ്പ്രേയുമാകാമെന്നും കണ്ണൂര്‍ ആര്‍.ടി.ഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഉത്തരമേഖല ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം കാറില്‍ നിന്ന് കിട്ടിയ മറ്റ് വസ്തുക്കളുടെ രാസപരിശോധനാ ഫലം പുറത്തുവന്നിട്ടില്ല. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ പ്രത്യേകമായി നിയോഗിച്ച സംഘത്തില്‍ കണ്ണൂര്‍ ആര്‍.ടി.ഒ. ഇ.എസ് ഉണ്ണികൃഷ്ണനുപുറമെ എം.വി.ഐമാരായ പി.വി.ബിജു, ജഗന്‍ലാല്‍ എന്നിവരും ഉണ്ടായിരുന്നു. സംഘം സാങ്കേതിക വിദഗ്ധരുടെ സാന്നിധ്യത്തില്‍ അപകടത്തിനിടയായ കാര്‍ തിങ്കളാഴ്ച പരിശോധിച്ചിരുന്നു.

ഫെബ്രുവരി രണ്ടിനായിരുന്നു കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപം അപകടമുണ്ടായത്. അപകടത്തില്‍ കുറ്റിയാട്ടൂര്‍ സ്വദേശികളായ ടി.വി.പ്രജിത്ത് (35), ഗര്‍ഭിണിയായിരുന്ന ഭാര്യ റീഷ (26)എന്നിവരാണ് മരിച്ചത്. മരിച്ച ഇരുവരും വാഹനത്തിന്റെ മുന്‍വശത്താണ് ഇരുന്നത്. അപകടം നടക്കുമ്പോള്‍ റീഷയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ നാലുപേരും വാഹനത്തിലുണ്ടായിരുന്നു. ഇവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് വാഹനത്തില്‍ തീ പടരാന്‍ കാരണമെന്നായിരുന്നു പ്രാഥമിക പരിശോധന നടത്തിയ ആര്‍.ടി. ഒ. ഇ.എസ്. ഉണ്ണികൃഷ്ണന്‍ അറിയിച്ചിരുന്നത്. കാറിന്റെ ഡാഷ് ബോര്‍ഡില്‍ നിന്നാണ് തീ പടര്‍ന്നെന്നായിരുന്നു വിലയിരുത്തല്‍. അതേസമയം, ബോണറ്റിലേക്കോ പെട്രോള്‍ ടാങ്കിലേക്കോ തീ പടര്‍ന്നിരുന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.