ലാഹോര്‍: പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങൾ നേരിടുന്ന ക്രൂര പീഡനങ്ങളെ ഉയർത്തിക്കാട്ടി പുതിയ റിപ്പോർട്ട്. കറാച്ചി നഗരത്തിൽ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു തന്നെ വിവാഹം ചെയ്യണമെന്ന ആവശ്യം നിരസിച്ചതിന്റെ പേരിൽ ക്രൈസ്തവ യുവതിക്ക് നേരെ മുസ്ലിം യുവാവ് ആസിഡ് ആക്രമണം നടത്തി.
19 കാരിയായ സുനിതാ മാസിഹ് എന്ന ക്രൈസ്തവ യുവതിക്ക് നേരെയാണ് കമ്രാൻ അല്ലാ ബക്ഷ് എന്ന യുവാവ് ആസിഡ് ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ സുനിത ആശുപത്രിയിൽ ചികിത്സയിലാണ്.
സുനിതാ മാസിഹ്
2023 ഫെബ്രുവരി ഒന്നിനാണ് സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് കേസും രജിസ്റ്റർ ചെയ്ത പാകിസ്ഥാൻ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരയോട് പ്രതിക്ക് പ്രണയം തോന്നിയിരുന്നുവെന്നും എന്നാൽ പെൺകുട്ടി വിസമ്മതിച്ചതാണ് ആക്രമണത്തിന് കാരണമെന്നും പ്രാഥമിക അന്വേഷണത്തിൽ പ്രതി പോലീസിനോട് പറഞ്ഞു.
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം കറാച്ചിയിലെ ഫ്രെയർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മാതാപിതാക്കൾ മരിച്ചതിനെ തുടർന്ന് കറാച്ചിയിലെ മാസും ഷാ കോളനിയിൽ സഹോദരിക്ക് ഒപ്പമാണ് സുനിതാ താമസിച്ചിരുന്നത്. പ്രതിയായ കമ്രാൻ ഇരയുടെ അയൽവാസിയാണെന്ന് പറയപ്പെടുന്നു.
സംഭവ ദിവസം സുനിത കറാച്ചിയിലെ കാലാ പുൽ പ്രദേശത്ത് ചില ജോലികൾക്കായി വീട്ടിൽ നിന്ന് പോയിരുന്നു. കാന്റ് സ്റ്റേഷനിൽ നിന്ന് ബസിൽ കയറാൻ ഒരുങ്ങുമ്പോഴാണ് കമ്രാൻ പെൺകുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിച്ചത്. ആക്രമണത്തിന് ശേഷം കമ്രാൻ സ്ഥലത്ത് നിന്ന് ഉടൻ രക്ഷപ്പെട്ടു. ആസിഡ് ആക്രമണത്തിൽ സുനിതയുടെ ശരീരത്തിൽ 20 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.
കമ്രാന്റെ ആക്രമണത്തിന് ശേഷം തന്റെ മുഖത്തും കാലുകളിലും കണ്ണുകളിലും ഗുരുതരമായി പൊള്ളലേറ്റതായും റോഡിൽ വീണു നിലവിളിക്കാൻ തുടങ്ങിയതായും ആശുപത്രി കിടക്കയിൽ പോലീസുകാരോട് അവൾ വിവരിച്ചു. ക്രിസ്ത്യൻ മതം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിക്കാൻ സുനിതയ്ക്ക് മേൽ കമ്രാൻ സമ്മർദ്ദം ചെലുത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്.
കമ്രാന്റെ പ്രവൃത്തിയെക്കുറിച്ച് പലതവണ പരാതിപ്പെട്ടിരുന്നെങ്കിലും തങ്ങളുടെ പരാതി അവഗണിച്ചതായി സുനിതയുടെ കുടുംബാംഗങ്ങൾ പറഞ്ഞു. കമ്രാൻ ബക്ഷ് ഇരയെ നിരന്തരം സമ്മർദ്ദം ചെലുത്തിയപ്പോൾ, താൻ ക്രിസ്തുമതം ഉപേക്ഷിക്കുകയോ വിവാഹം കഴിക്കുകയോ ചെയ്യില്ലെന്ന് സുനിത അയാളോട് വ്യക്തമായി പറയുകയും ചെയ്തു.
അതിനിടെ സുനിത മസിഹും കമ്രാന്റെ നടപടിയെക്കുറിച്ച് പോലീസിൽ പരാതിപ്പെട്ടിരുന്നുവെങ്കിലും പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. 19 വയസ് മാത്രമുള്ള പെൺകുട്ടിയുടെ ജീവിതം മാനസികമായും, ശാരീരികമായും കമ്രാൻ നശിപ്പിച്ചുവെന്ന് സുനിതയുടെ അമ്മാവനായ ജോൺ മാസിഹ് പറഞ്ഞു. കുറ്റകൃത്യത്തിന്റെ പേരിൽ ശിക്ഷിച്ചാൽ പോലും, സുനിതയ്ക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാൻ സാധിക്കുമോയെന്നും അദ്ദേഹം ചോദിക്കുന്നു.
ആസിഡ് ആക്രമണത്തിന് ശേഷം കമ്രാനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാകിസ്ഥാൻ പീനൽ കോഡിന്റെ 336-ബി വകുപ്പ് പ്രകാരമാണ് കമ്രാനെതിരെ കേസെടുത്തിരിക്കുന്നതെന്ന് കറാച്ചി പോലീസിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സഗീർ അഹമ്മദ് വ്യക്തമാക്കി. പിന്നീട് കമ്രാനെ പൊലീസ് രണ്ടു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട പെൺകുട്ടികൾ പാക്കിസ്ഥാനിൽ അക്രമങ്ങൾക്ക് ഇരയാകുന്നത് സാധാരണ സംഭവമായി മാറിയിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.