എകാധിപത്യ ഭരണകൂടത്തിനെതിരേ ശബ്ദമുയര്‍ത്തിയ നിക്കരാഗ്വേ ബിഷപ്പിന് 26 വര്‍ഷം തടവ്; ശിക്ഷ നാടുകടക്കാന്‍ വിസമ്മതിച്ചതിന്

എകാധിപത്യ ഭരണകൂടത്തിനെതിരേ ശബ്ദമുയര്‍ത്തിയ  നിക്കരാഗ്വേ ബിഷപ്പിന് 26 വര്‍ഷം തടവ്; ശിക്ഷ നാടുകടക്കാന്‍ വിസമ്മതിച്ചതിന്

മനാഗ്വേ: വീട്ടുതടങ്കലില്‍ കഴിയുന്ന നിക്കരാഗ്വേയിലെ മതഗല്‍പ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് റോളാന്‍ഡോ അല്‍വാരസിന് 26 വര്‍ഷം തടവുശിക്ഷ. എകാധിപത്യ ഭരണാധികാരി ഡാനിയേല്‍ ഒര്‍ട്ടേഗയുടെ സ്വാധീനത്തിലുള്ള കോടതിയാണ് ബിഷപ്പിന് 26 വര്‍ഷവും നാല് മാസവും ജയില്‍ ശിക്ഷ വിധിച്ചത്. ഭരണകൂടത്തെ വിമര്‍ശിച്ചതിന്റെ പേരിലാണ് വ്യാജ ആരോണങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ ഓഗസ്റ്റില്‍ ബിഷപ്പിനെ വീട്ടുതടങ്കലിലാക്കിയത്.

മനാഗ്വേ അപ്പീല്‍ കോടതിയിലെ ജഡ്ജ് ഹെക്ടര്‍ ഏര്‍ണസ്റ്റോയാണ് ജന്മനാടിനെ വഞ്ചിച്ചുവെന്ന അടിസ്ഥാനരഹിതമായ കുറ്റം ചുമത്തി ബിഷപ്പ് അല്‍വാരസിനെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചത്. വിവിധ കേസുകളിലെ വ്യത്യസ്ത ശിക്ഷാകാലയളവ് പ്രകാരം, 26 വര്‍ഷവും നാലുമാസവും തുടര്‍ച്ചയായി ജയിലില്‍ കഴിയേണ്ടതായി വരും. അതായത് 2049 ഏപ്രില്‍ 13 വരെ ബിഷപ്പ് അല്‍വാരസ് ജയിലില്‍ കഴിയണമെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്.

222 രാഷ്ട്രീയ തടവുകാരെ അമേരിക്കയിലേക്ക് ഭരണകൂടം നാടുകടത്തിയതിന്റെ പിറ്റേദിവസമാണ് കോടതി വിധി വന്നത്. നാടുകടക്കാന്‍ ബിഷപ്പ് റോളാന്‍ഡോ അല്‍വാരസ് വിസമ്മതിച്ചിരുന്നു. നാടുകടത്തപ്പെട്ടവരുടെ സംഘത്തില്‍ അഞ്ചു വൈദികരും ഒരു ഡീക്കനും രണ്ടു സെമിനാരിക്കാരും ഉണ്ടായിരുന്നെങ്കിലും, തന്റെ ജനത്തോടൊപ്പം രാജ്യത്തുതന്നെ നിലയുറപ്പിക്കാന്‍ ബിഷപ്പ് തീരുമാനമെടുക്കുകയായിരുന്നു. സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് വൈദികരെ ഉള്‍പ്പെടെ നാടുകടത്തിയത്.

ഏകാധിപത്യ ഭരണകൂടത്തിനെതിനെതിരേ നിരന്തരം പോരാടുകയും വിമര്‍ശിക്കുകയും ചെയ്ത ബിഷപ്പ്, ഡാനിയല്‍ ഒര്‍ട്ടേഗയുടെ കണ്ണിലെ കരടായി മാറിയിരുന്നു.

തന്റെ ആളുകളെ ഉപേക്ഷിക്കാന്‍ തയ്യാറാകാതെ രാജ്യത്ത് തുടര്‍ന്ന ധീരനായ ബിഷപ്പ് റോളാന്‍ഡോ അല്‍വാരസ് അടക്കമുള്ള രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്ന് അമേരിക്കന്‍ ജനപ്രതിനിധി സഭാംഗം ക്രിസ് സ്മിത്ത് വെള്ളിയാഴ്ച പറഞ്ഞു. അദ്ദേഹത്തിന്റെ മോചനത്തിനു വേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പ ശബ്ദിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.

ഏകാധിപത്യ ഭരണകൂടത്തിനെതിരെ നടന്ന ജനാധിപത്യ പ്രക്ഷോഭങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ശക്തമായ പ്രതിഷേധവുമായി കത്തോലിക്ക സഭ രംഗത്തുവന്നതാണ് പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയെ ചൊടിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.