ഇക്വറ്റോറിയല്‍ ഗിനിയയില്‍ മാര്‍ബര്‍ഗ് വൈറസ് പടരുന്നു; ഒമ്പത് മരണം; എബോള പോലെ മാരകം

ഇക്വറ്റോറിയല്‍ ഗിനിയയില്‍ മാര്‍ബര്‍ഗ് വൈറസ് പടരുന്നു; ഒമ്പത് മരണം; എബോള പോലെ മാരകം

ഗിനിയ: ഇക്വറ്റോറിയൽ ഗിനിയയിൽ വ്യാപിക്കുന്ന മാരകമായ മാർബർഗ് വൈറസ് ബാധയെ തുടർന്ന് ഒമ്പത് പേർ മരിച്ചു. വൈറസ് ബാധ കൂടുതലായി കണ്ടെത്തിയ കീ-എൻടെം പ്രവിശ്യയെ പൂർണമായി ക്വാറന്റൈനിലാക്കി. കീ-എൻടെം പ്രവിശ്യയിലും സമീപ ജില്ലയായ മോംഗോമോയിലും ജാഗ്രത പ്രഖ്യാപിച്ചതായി ആരോഗ്യമന്ത്രി മിതോഹ ഒൻഡോ അയേകബ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കെ-എൻടെമിലെ 4,325 പേരെ ക്വാറന്റൈനിലാക്കി. ലോകാരോഗ്യ സംഘടനയുമായും ഐക്യരാഷ്ട്രസഭയുമായും കൂടിയാലോചിച്ച ശേഷം ലോക്ക്ഡൗൺ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാർബർഗ് ഹെമറാജിക് ഫീവർ എന്നറിയപ്പെട്ടിരുന്ന മാർബർഗ് വൈറസ് രോഗത്തിന് കാരണമാകുന്നതാണ് മാർബർഗ് വൈറസ്. എബോള വൈറസിന്‍റെ കുടുംബത്തിൽപ്പെട്ട മാർബർഗ് വൈറസ് മൂലമുണ്ടാകുന്ന രോഗത്തിന് മരണ നിരക്ക് 88 ശതമാനമാണ്. 1967ൽ ജർമനിയിലെ മാർബർഗ് നഗരത്തിലും സെർബിയയിലെ ബെൽഗ്രേഡിലുമാണ് വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്.

രോഗ ബാധിതനുമായുള്ള സമ്പർക്കത്തിലൂടെയാണ് മാർബർഗ് വൈറസ് പടരുന്നത്. ഇത് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കോ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കോ പടരാം. രോഗ ബാധിതരുടെ ശരീരദ്രവങ്ങൾ, ചർമ്മം, കോശങ്ങൾ, രക്തം എന്നിവയിലൂടെയാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നത്. സ്രവങ്ങളാൽ മലിനമായ കിടക്ക, വസ്ത്രം എന്നിവ ഉപയോഗിക്കുന്നതിലൂടെയും രോഗം പകരാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.