സമുദ്രനിരപ്പ് ഉയരുന്നത് വന്‍ നഗരങ്ങളെ മുക്കും; ബൈബിളില്‍ പറയുന്നതു പോലെ കൂട്ട പലായനത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് യു.എന്‍

സമുദ്രനിരപ്പ് ഉയരുന്നത് വന്‍ നഗരങ്ങളെ മുക്കും; ബൈബിളില്‍ പറയുന്നതു പോലെ കൂട്ട പലായനത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് യു.എന്‍

ന്യൂയോര്‍ക്ക്: കാലാവസ്ഥാ വ്യതിയാനം മൂലം സമുദ്ര നിരപ്പുയരുന്നത് സൃഷ്ടിക്കുന്ന വന്‍ ഭീഷണിയെ കുറിച്ച് മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭാ തലവന്‍. ഇന്ത്യ, ബംഗ്ലാദേശ്, ചൈന, ഇന്തോനേഷ്യ, നെതര്‍ലാന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങളാണ് ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നത്. ലോകമെമ്പാടുമുള്ള ചെറിയ ദ്വീപുകളും മറ്റ് താഴ്ന്ന തീരപ്രദേശങ്ങളിലും താമസിക്കുന്ന ദശലക്ഷക്കണക്കിന് ജനങ്ങള്‍ പ്രത്യാഘാതം അനുഭവിക്കുമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.

സമുദ്രനിരപ്പ് ഉയരുന്നത് ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള യു.എന്‍ രക്ഷാ സമിതിയിലെ ആദ്യ ചര്‍ച്ചയിലാണ് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ മുന്നറിയിപ്പ്.

സമുദ്രനിരപ്പ് ഉയരുന്നതിനാല്‍ മുംബൈ, ന്യൂയോര്‍ക്ക് തുടങ്ങിയ വന്‍ നഗരങ്ങള്‍ കടലിനടിയിലാകും. 1900 മുതല്‍ ആഗോള ശരാശരി സമുദ്രനിരപ്പ് ഉയരുകയാണ്. കഴിഞ്ഞ 11,000 വര്‍ഷങ്ങളിലെ അപേക്ഷിച്ചു കഴിഞ്ഞ 3,000 വര്‍ഷമായി സമുദ്രത്തിലെ ചൂടിന്റെ അളവും കൂടി വരുകയാണ്. വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്റെ അഭിപ്രായത്തില്‍, ആഗോള താപനം 1.5 ഡിഗ്രിയില്‍ പരിമിതപ്പെടുത്തിയാല്‍ പോലും സമുദ്രനിരപ്പ് ഉയരുമെന്ന് ഗുട്ടെറസ് പറഞ്ഞു.

കൂടുതല്‍ താപനില വര്‍ധിക്കുന്നതോടെ സമുദ്രനിരപ്പില്‍ ഇരട്ടി വര്‍ദ്ധന ഉണ്ടാകും. കെയ്റോ, ലാഗോസ്, മാപുട്ടോ, ബാങ്കോക്ക്, ധാക്ക, ജക്കാര്‍ത്ത, മുംബൈ, ഷാങ്ഹായ്, കോപ്പന്‍ഹേഗന്‍, ലണ്ടന്‍, ലോസ് ഏഞ്ചല്‍സ്, ന്യൂയോര്‍ക്ക്, ബ്യൂണസ് അയേഴ്സ്, സാന്റിയാഗോ എന്നിവയുള്‍പ്പെടെ എല്ലാ ഭൂഖണ്ഡങ്ങളിലെയും മെഗാ നഗരങ്ങള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും. വന്‍ നഗരങ്ങള്‍ക്കൊപ്പം തീരപ്രദേശങ്ങളില്‍ താമസിക്കുന്ന 90 കോടി ജനങ്ങളെ സംബന്ധിച്ച് ഇത് വലിയ വെല്ലുവിളിയാണ്. ഭൂമിയിലെ ആകെ ജനസംഖ്യയുടെ പത്തില്‍ ഒന്ന് വരുമിത്.

വരും ദശകങ്ങളില്‍ സിന്ധു, ഗംഗ, ബ്രഹ്‌മപുത്ര നദികള്‍ ചുരുങ്ങും. ഹിമാലയന്‍ നദീതടങ്ങളില്‍ താമസിക്കുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ സമുദ്രനിരപ്പ് ഉയരുന്നതിന്റെയും ഉപ്പുവെള്ളം കയറുന്നതിന്റെയും പ്രത്യാഘാതങ്ങള്‍ അനുഭവിക്കും. സാമ്പത്തികമായി ദുര്‍ബലമായ രാജ്യങ്ങളെ സംബന്ധിച്ച് ഇത് ''വധശിക്ഷ'ക്ക് സമാനമാണ്.

നാസയുടെ കണക്കനുസരിച്ച്, അന്റാര്‍ട്ടിക്കയില്‍ ഓരോ വര്‍ഷവും ശരാശരി 150 ബില്യണ്‍ ടണ്‍ കണക്കില്‍ മഞ്ഞ് ഉരുകുന്നു. ഗ്രീന്‍ലാന്‍ഡിലെ മഞ്ഞുപാളികള്‍ കൂടുതല്‍ വേഗത്തില്‍ കുറയുകയും പ്രതിവര്‍ഷം 270 ബില്യണ്‍ ടണ്‍ നഷ്ടപ്പെടുകയും ചെയ്യുന്നുണ്ടെന്നും ഗുട്ടറസ് പറഞ്ഞു.

യു.എന്നിന്റെ വേള്‍ഡ് മിറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്റെ 2022ലെ റിപോര്‍ട്ട് പ്രകാരം, കഴിഞ്ഞ എട്ട് വര്‍ഷം ഏറ്റവും ചൂടേറിയതായിരുന്നു. 1993ന് ശേഷം സമുദ്ര നിരപ്പ് ഉയരുന്നതിന്റെ നിരക്ക് ഇരട്ടിയാകുകയും ചെയ്തു. ഏറ്റവും ഉയര്‍ന്ന മഞ്ഞുള്ള പ്രദേശങ്ങള്‍ക്ക് പോലും, ചരിത്രത്തിലാദ്യമായി വേനല്‍ക്കാലം അതിജീവിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായെന്നും റിപോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ഈ പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെടുന്നതിന്റെ അനന്തരഫലങ്ങള്‍ ചിന്തിക്കാനാവാത്തതാണ്. ഗുട്ടെറസ് പറഞ്ഞു. താഴ്ന്ന പ്രദേശങ്ങള്‍ എന്നെന്നേക്കുമായി അപ്രത്യക്ഷമായേക്കാം. ബൈബിളില്‍ പറയുന്നതു പോലെ മുഴുവന്‍ ജനങ്ങളുടേയും കൂട്ട പലായനത്തിന് നാം സാക്ഷ്യം വഹിക്കും. ശുദ്ധജലത്തിനും ഭൂമിക്കും മറ്റ് വിഭവങ്ങള്‍ക്കും വേണ്ടി കടുത്ത മത്സരമുണ്ടാകുമെന്നും ഗുട്ടറസ് മുന്നറിയിപ്പ് നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.