ബ്രിട്ടണില്‍ അബോര്‍ഷന്‍ ക്ലിനിക്കിനു മുന്നില്‍ നിശബ്ദമായി പ്രാര്‍ത്ഥിച്ചതിന് ക്രിമിനല്‍ കുറ്റം ചുമത്തിയ വൈദികനും പ്രോലൈഫ് പ്രവര്‍ത്തകയ്ക്കും കോടതിയില്‍ ജയം

ബ്രിട്ടണില്‍ അബോര്‍ഷന്‍ ക്ലിനിക്കിനു മുന്നില്‍ നിശബ്ദമായി പ്രാര്‍ത്ഥിച്ചതിന് ക്രിമിനല്‍ കുറ്റം ചുമത്തിയ വൈദികനും പ്രോലൈഫ് പ്രവര്‍ത്തകയ്ക്കും കോടതിയില്‍ ജയം

ലണ്ടന്‍: ഇംഗ്ലണ്ടില്‍ അബോര്‍ഷന്‍ ക്ലിനിക്കിനു മുന്നില്‍ നിന്നു നിശബ്ദമായി പ്രാര്‍ത്ഥിച്ചതിന് ക്രിമിനല്‍ കുറ്റം ചുമത്തിയ വൈദികന്‍ ഉള്‍പ്പെടെയുള്ള രണ്ടു കത്തോലിക്ക വിശ്വാസികള്‍ കുറ്റവിമുക്തരായി. ബര്‍മിങ്ഹാം അതിരൂപതയിലെ വൈദികനായ ഫാ. സീന്‍ ഗഫ്, യു.കെ മാര്‍ച്ച് ഫോര്‍ ലൈഫിന്റെ ഡയറക്ടര്‍ ഇസബെല്‍ വോഗന്‍-സ്പ്രൂസ് എന്നിവരാണ് നിയമം ലംഘിച്ചെന്ന ആരോപണത്തിന്മേല്‍ നിയമ നടപടികള്‍ നേരിട്ടത്.

അബോര്‍ഷന്‍ ക്ലിനിക്കിനു ചുറ്റും പ്രോലൈഫ് പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുള്ള ബഫര്‍സോണില്‍ നിന്നുകൊണ്ടാണ് ഇവര്‍ നിശബ്ദമായി പ്രാര്‍ത്ഥിച്ചത്. ബര്‍മിങ്ഹാം പൊതുസ്ഥല സംരക്ഷണ നിയമം ലംഘിച്ചെന്നായിരുന്നു ഇവര്‍ക്കെതിരേയുള്ള ആരോപണം. ബര്‍മിങ്ഹാം മജിസ്ട്രേറ്റ് കോടതിയാണ് ഇരുവരെയും കുറ്റവിമുക്തരാക്കിയത്.

'ഇന്നത്തെ കോടതി വിധി വലിയ സാംസ്‌കാരിക പ്രാധാന്യമുള്ളതാണ്. ഒരാളും അവരുടെ വിശ്വാസം, പ്രാര്‍ത്ഥന, പൊതുനിരത്തിലെ അഭിപ്രായ പ്രകടനം എന്നിവയുടെ പേരില്‍ കുറ്റവാളികളാകരുതെന്ന് ഇരുവര്‍ക്കും വേണ്ടി കോടതിയില്‍ ഹാജരായ, മതസ്വാതന്ത്ര്യ നിയമ സംഘടനയായ അലയന്‍സ് ഡിഫന്‍ഡിംഗ് ഫ്രീഡത്തിന്റെ നിയമോപദേശകന്‍ ജെറമിയ ഇഗ്നുബോള്‍ അഭിപ്രായപ്പെട്ടു.

തങ്ങളുടെ വിശ്വാസത്തിന്റെ പേരില്‍ ആളുകളെ അപമാനിക്കുന്നതും വേട്ടയാടി അറസ്റ്റ് ചെയ്യുന്നതും മതിയായ തെളിവില്ലെന്ന കാരണത്താല്‍ വിട്ടയക്കുന്നതും അംഗീകരിക്കാനാവില്ലെന്നും ഇഗ്നുബോള്‍ ചൂണ്ടിക്കാട്ടി.

സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍നിന്ന് ജനങ്ങളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പൊതുസ്ഥല സംരക്ഷണ നിയമം നടപ്പാക്കിയിരിക്കുന്നത്. അേതസമയം, ഈ പ്രത്യേക ഉത്തരവ് ദുരുപയോഗപ്പെടാനുമുള്ള സാധ്യതയുണ്ട്. പൊതുസ്ഥലത്ത് ജാഗരണ പ്രാര്‍ത്ഥന നടത്തുക, കുരിശടയാളം വരയ്ക്കുക, തിരുവെഴുത്തുകള്‍ പാരായണം ചെയ്യുക, മുട്ടുകുത്തി പ്രാര്‍ത്ഥിക്കുക, സമാധാനപരമായി പ്രതിഷേധിക്കുക എന്നിവ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കെതിരേ നടപടിയെടുക്കാനും പ്രാദേശിക അധികാരികള്‍ക്ക് ഉത്തരവ് പ്രകാരം കഴിയുമെന്നാണ് ഈ സംഭവം ചൂണ്ടിക്കാണിക്കുന്നത്.

ഫെബ്രുവരി ഒന്‍പതിന് ബര്‍മിങ്ഹാമിലെ സ്റ്റേഷന്‍ റോഡിലെ അടഞ്ഞു കിടന്ന ഒരു അബോര്‍ഷന്‍ ക്ലിനിക്കിന് സമീപമാണ് 'സ്വാതന്ത്ര്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു' എന്നെഴുതിയ ബോര്‍ഡുമായി താന്‍ നിന്നതെന്ന് ഫാ. ഗഫ് പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥര്‍ വൈദികനെ സമീപിച്ച് പോലീസ് സ്റ്റേഷനില്‍ ചെല്ലണമെന്ന് ആവശ്യപ്പെട്ടു.

പോലീസ് സ്റ്റേഷനില്‍ എത്തിയ വൈദികന്റെ പ്രവൃത്തിയെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയും ഗര്‍ഭച്ഛിദ്ര ക്ലിനിക്കിലെത്തുന്ന ഉപയോക്താക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാരോപിച്ച് ക്രിമിനല്‍ കുറ്റം ചുമത്തി. പാര്‍ക്ക് ചെയ്തിരുന്ന വൈദികന്റെ കാറില്‍  'unborn lives matter' എന്നെഴുതിയ സ്റ്റിക്കര്‍ പതിപ്പിച്ചതിന്റെ പേരിലും അദ്ദേഹത്തിനു മേല്‍ കുറ്റം ചുമത്തി.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ആറിന് ബര്‍മിങ്ഹാമിലെ അടഞ്ഞു കിടന്നിരുന്ന ഒരു അബോര്‍ഷന്‍ ക്ലിനിക്കിനു മുന്നില്‍ വെച്ച് നിശബ്ദമായി പ്രാര്‍ത്ഥിച്ച കുറ്റത്തിനാണ് ഇസബെല്‍ വോഗന്‍ അറസ്റ്റിലാകുന്നത്.

ഫാ. ഗഫിനും ഇസബെല്ലിനും എതിരെയുള്ള കുറ്റങ്ങള്‍ മതിയായ തെളിവുകളില്ലാത്തതിനാല്‍ ഒടുവില്‍ ഒഴിവാക്കപ്പെട്ടു. പൊതുസ്ഥലത്ത് നിന്ന് മനസില്‍ പ്രാര്‍ത്ഥിച്ചുവെന്ന കുറ്റത്തിന് തന്നെ ഒരു കുറ്റവാളിയേപ്പോലെ അറസ്റ്റ് ചെയ്തത് ശരിയായില്ലെന്ന് വോഗന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

എല്ലാവര്‍ക്കും അവരുടെ മനസില്‍ പ്രാര്‍ത്ഥിക്കാന്‍ അവകാശമുണ്ടെന്ന് ഫാ. സീന്‍ ഗഫ് പറഞ്ഞു. ഗര്‍ഭച്ഛിദ്രത്തിന് ബദല്‍ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് വലിയ സഹായകരമായേക്കാവുന്ന സമാധാനപരമായ ചര്‍ച്ചകളില്‍ നിന്നും പ്രാര്‍ത്ഥനയില്‍ നിന്നും അധികാരികള്‍ വിലക്കുന്നത് തെറ്റാണ്. എല്ലാ ജീവനുകളും വിലപ്പെട്ടതാണ്. ഗര്‍ഭസ്ഥ ശിശുക്കള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്നതില്‍ താന്‍ അഭിമാനിക്കുന്നു - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രിട്ടണ്‍ അടുത്തിടെ പുറത്തിറക്കിയ പബ്ലിക് സ്പേസസ് പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ പ്രകാരം ഗര്‍ഭച്ഛിദ്ര ക്ലിനിക്കുകള്‍ സേഫ് സോണുകളായി പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് ക്ലിനിക്കുകള്‍ക്ക് മുന്നിലോ സമീപ പ്രദേശങ്ങളിലോ നിശബ്ദമായി പ്രാര്‍ത്ഥിക്കുന്നതിന് പോലും കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഗര്‍ഭച്ഛിദ്രം നടത്താന്‍ ക്ലിനിക്കുകളില്‍ എത്തുന്ന സ്ത്രീകളെ മാനസാന്തരത്തിലേക്ക് നയിക്കാന്‍ ശ്രമിക്കുന്ന പ്രോലൈഫ് പ്രവര്‍ത്തകരുടെ ശ്രമങ്ങള്‍ക്ക് തടയിടാനാണ് ഇത്തരമൊരു നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നത്.

നിയമം നിലവില്‍ വന്നതിന് ശേഷം സംശയത്തിന്റെ പേരില്‍ പോലും നിരവധി അറസ്റ്റുകളും പിഴ ശിക്ഷ ചുമത്തലുമാണ് ബ്രിട്ടണില്‍ നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തില്‍ ലിവര്‍പൂളില്‍ ഗര്‍ഭഛിദ്ര കേന്ദ്രത്തിനു സമീപത്ത് നിശബ്ദമായി പ്രാര്‍ത്ഥിച്ചതിന്റെ പേരില്‍ അറസ്റ്റിലായ റോസ ലാലോര്‍ എന്ന എഴുപത്തിയാറുകാരി നടത്തിയ നിയമപോരാട്ടം ഒടുവില്‍ വിജയം കണ്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.