കാസർകോഡ്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ ഉദ്ഘാടനം ഉൾപ്പടെ അഞ്ച് പരിപാടികൾക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കാസർകോഡ്. കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കടുത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.
കാസർകോഡ് ജില്ലയ്ക്ക് പുറമേ നാല് ജില്ലകളിൽ നിന്നുള്ള പൊലീസുകാരെ കൂടി ഉൾപ്പെടുത്തി 911 പേരെ വിന്യസിച്ചാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. 14 ഡിവൈഎസ്പിമാരും സുരക്ഷ ചുമതലയിൽ ഉണ്ട്. കാസർകോഡ് ജില്ലാ പൊലീസ് മേധാവിക്കാണ് സുരക്ഷാ ചുമതല.
മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തുന്ന കരിങ്കൊടി പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷ കര്‍ശനമാക്കിയത്. അതേസമയം മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുപ്പിന് വിലക്കില്ലെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ കോഴിക്കോട് കറുത്ത മാസ്‌ക് ധരിച്ചെത്തിയവരുടെ മാസ്‌ക് അഴിച്ചുമാറ്റിയത് ചര്‍ച്ചയായിരുന്നു.
നികുതി വർധനക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധ സമരത്തിലാണ് യുഡിഎഫ്. ഇതിന്‍റെ ഭാഗമായാണ് മുഖ്യമന്ത്രിക്ക് നേരെയുള്ള പ്രതിഷേധങ്ങളും. മുഖ്യമന്ത്രിയെ വഴിയിൽ കരിങ്കൊടി കാണിക്കുമെന്ന് യൂത്ത് കോൺഗ്രസും കെ.എസ്.യുവും വ്യക്തമാക്കിയതിനു പിന്നാലെ മുഖ്യമന്ത്രി സഞ്ചരിച്ച മിക്ക ഇടങ്ങളിലും പ്രതിഷേധം ഉയർന്നു.
മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കാനെന്ന പേരിൽ പൊലീസ് സുരക്ഷ പലയിടത്തും സാധാരണക്കാരുടെ യാത്രകളെ വരെ സാരമായി ബാധിച്ചു. പ്രതിഷേധം ഭയന്ന് പാലക്കാടേക്കുള്ള യാത്ര മുഖ്യമന്ത്രി ഹെലികോപ്ടറിലാക്കിയെങ്കിലും സമ്മേളന സ്ഥലത്തേക്കുള്ള യാത്രയിൽ പോലും കരിങ്കൊടി പ്രതിഷേധം ഉണ്ടായി.
പ്രതിഷേധം മുന്നിൽ കണ്ട് മുഖ്യമന്ത്രി എത്തുന്ന സ്ഥലങ്ങളിലെ യൂത്ത് കോൺഗ്രസ് നേതാക്കളെ പൊലീസ് കരുതൽ തടങ്കലിലാക്കുന്നുണ്ട്. അനധികൃത കരുതൽ തടങ്കലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി.
അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കും വര്‍ഗീയതക്കുമെതിരെ എം.വി. ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇന്ന് തുടക്കമാകും. ഒരുമാസം നീളുന്ന ജനകീയ പ്രതിരോധ ജാഥയാണ് കുമ്പളയില്‍ നിന്ന് തുടങ്ങുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ സജ്ജമാക്കുകയാണ് ലക്ഷ്യമിടുന്നത്.
പി.കെ. ബിജുവാണ് ജാഥാ മാനേജര്‍. സി.എസ്. സുജാത, എം.സ്വരാജ്, കെ.ടി. ജലീല്‍, ജെയ്ക് സി.തോമസ് എന്നിവരാണ് ജാഥാംഗങ്ങള്‍. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ജാഥ പര്യടനം നടത്തും. മാര്‍ച്ച് 18 ന് തിരുവനന്തപുരത്താണ് സമാപനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.