തിരുവനന്തപുരം: കേരള കാത്തലിക് യൂത്ത് മൂവ്മെന്റ് (കെ.സി.വൈ.എം) സംസ്ഥാന പ്രസിഡന്റായി തിരുവനന്തപുരം മലങ്കര മേജർ അതിഭദ്രാസനത്തിൽ നിന്നുള്ള ശ്രീ ഷാരോൺ കെ. റെജി തെരഞ്ഞെടുക്കപ്പെട്ടു. 2019 സംസ്ഥാന സമിതി ട്രഷർ ആയിരുന്നു. നെയ്യാറ്റിൻകര രൂപതാംഗമായ ശ്രീ ജോജി ടെന്നിസനാണ് സംസ്ഥാന ജനറൽ സെക്രട്ടറി മൂന്ന് വർഷക്കാലമായി നെയ്യാറ്റിൻകര രൂപതാ പ്രസിഡണ്ടായിരുന്നു. തിരുവനന്തപുരം നാലാഞ്ചിറ മാർ ഗ്രിഗോറിയോസ് റിന്യൂവൽ സെന്ററിൽ വച്ചു നടന്ന നാല്പത്തിയഞ്ചാമത് സംസ്ഥാന വാർഷിക സെനറ്റിൽ വച്ചാണ് 2023 പ്രവർത്തന വർഷത്തേക്കുള്ള സംസ്ഥാന ഭാരവാഹികൾ തിരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാന പ്രസിഡന്റ് ശ്രീ ഷിജോ ഇടയാടിയിൽ അധ്യക്ഷനായിരുന്ന സമ്മേളനം കെ സി ബി സി പ്രസിഡന്റ് അഭിവന്ദ്യ മോറാൻ മോർ ബ്സേലിയോസ് കർദിനാൾ ക്ലിമീസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. കെ സി ബി സി യൂത്ത് കമ്മിഷൻ ചെയർമാൻ അഭിവന്ദ്യ ബിഷപ്പ് മാർ ക്രിസ്തുദാസ് പിതാവ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ബിച്ചു കുര്യൻ തോമസ് സംസ്ഥാന റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റുമാരായി ശ്രീ ലിബിൻ മുരിങ്ങലത്ത് (ഇരിഞ്ഞാലക്കുട രൂപത), കുമാരി ഗ്രാലിയ അന്ന അലക്സ് (മാനന്തവാടി രൂപത), സെക്രട്ടറിമാരായി ശ്രീ ഷിബിൻ ഷാജി (മാവേലിക്കര ഭദ്രാസനം), കുമാരി ഫെബിന ഫെലിക്സ് (കണ്ണൂർ രൂപത), കുമാരി അനു ഫ്രാൻസിസ് (കോതമംഗലം രൂപത), കുമാരി മറിയം ടി തോമസ് (തിരുവല്ല അതിഭദ്രാസനം) എന്നിവരും ട്രഷററായി ശ്രീ ഫ്രാൻസിസ് എസ് (സുൽത്താൻപേട്ട് രൂപത) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, സംസ്ഥാന അസിസ്റ്റന്റ് ഡയറക്ടർ സി. റോസ്മെറിൻ എസ്. ഡി എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26