ഉക്രെയ്ന്‍ യുദ്ധം തുടരുമെന്ന് പുടിന്‍; അമേരിക്കയുമായുള്ള ആണവായുധ നിയന്ത്രണ കരാറില്‍ നിന്ന് റഷ്യ പിന്മാറി

  ഉക്രെയ്ന്‍ യുദ്ധം തുടരുമെന്ന് പുടിന്‍; അമേരിക്കയുമായുള്ള ആണവായുധ നിയന്ത്രണ കരാറില്‍ നിന്ന് റഷ്യ പിന്മാറി

മോസ്‌കോ: റഷ്യ-ഉക്രെയ്ന്‍ യുദ്ധം തുടരുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. റഷ്യയെ പരാജയപ്പെടുത്തുക അസാധ്യമാണ്. സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള പാശ്ചാത്യ ശ്രമങ്ങള്‍ക്ക് മുന്നില്‍ തങ്ങള്‍ ഒരിക്കലും കീഴടങ്ങില്ല. ഭൂരിഭാഗം റഷ്യക്കാരും യുദ്ധത്തെ അനൂകൂലിക്കുന്നതായും അദേഹം പറഞ്ഞു. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പുടിന്‍.

യുദ്ധം ഒഴിവാക്കാന്‍ റഷ്യ ശ്രമിച്ചിരുന്നു. എന്നാല്‍ റഷ്യയുടെ നിയന്ത്രണത്തിലുള്ള ക്രിമിയയെ ആക്രമിക്കാന്‍ പാശ്ചാത്യരുടെ പിന്തുണയുള്ള ഉക്രെയ്ന്‍ പദ്ധതിയിട്ടിരുന്നതായും അദേഹം ആരോപിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം ഉക്രെയ്ന്‍ സന്ദര്‍ശിച്ചിരുന്നു. ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം കൂടുതല്‍ ആയുധങ്ങള്‍ നല്‍കുമെന്നും ഉക്രെയ്‌നിന്റെ അഖണ്ഡത സംരക്ഷിക്കുന്നതിന് അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തമാക്കിയിരുന്നു.

റഷ്യ-ഉക്രെയ്ന്‍ യുദ്ധം ആരംഭിച്ച് ഫെബ്രുവരി 24ന് ഒരു വര്‍ഷം തികയാനിരിക്കെയാണ് അമേരിക്കയ്ക്കും നാറ്റോയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി പുടിന്‍ രംഗത്തെത്തിയത്.

അതിനിടെ അമേരിക്കയുമായുള്ള ആണവായുധ നിയന്ത്രണ കരാറില്‍ നിന്ന് റഷ്യ പിന്മാറിയതായും പുടിന്‍ പ്രഖ്യാപിച്ചു. അമേരിക്ക ആണവായുധ പരീക്ഷണം നടത്തുമ്പോള്‍ റഷ്യയും അത് പുനരാരംഭിക്കേണ്ടി വരും. അമേരിക്കയും നാറ്റോ സഖ്യകക്ഷികളും ഉക്രെയ്‌നില്‍ റഷ്യയുടെ പരാജയമെന്ന ലക്ഷ്യം പരസ്യമായി പ്രഖ്യാപിച്ചെന്നും പുടിന്‍ കുറ്റപ്പെടുത്തി.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്വദേവും 2010 ല്‍ ഒപ്പു വച്ചതാണ് പുതിയ ആണവായുധ നിയന്ത്രണ കരാര്‍. ആണവ ശേഖരത്തിന്റെ എണ്ണം 1550 ഉം മിസൈലുകളുടെയും ബോംബറുകളുടെയും എണ്ണം 700 ഉം ആയി കരാര്‍ പ്രകാരം പരിമിതപ്പെടുത്തിയിരിക്കുന്നു.

ഉടമ്പടി പാലിക്കുന്നുണ്ടോയെന്ന് സ്ഥിരീകരിക്കാന്‍ പരിശോധനയും കരാറില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. 2021 ഫെബ്രുവരിയിലാണ് ഉടമ്പടി അവസാനിക്കേണ്ടിയിരുന്നത്. തുടര്‍ന്ന് റഷ്യയും അമേരിക്കയും ഇത് അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ കോവിഡ് വ്യാപനത്തിന് ശേഷം റഷ്യയും അമേരിക്കയും പരസ്പര പരിശോധനകള്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചിരുന്നു. ഇതിനു പിന്നാലെയാണ് കരാറില്‍ നിന്ന് പിന്മാറുകയാണെന്ന് പുടിന്‍ പ്രഖ്യാപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.