മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ വന്‍ തട്ടിപ്പ്; പിന്നില്‍ കളക്ടറേറ്റിലെ ഉദ്യോഗസ്ഥരും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ വന്‍ തട്ടിപ്പ്; പിന്നില്‍ കളക്ടറേറ്റിലെ ഉദ്യോഗസ്ഥരും

തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെ സഹായത്തോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ വന്‍ തട്ടിപ്പ് നടത്തുന്നതായി വിജിലന്‍സ് കണ്ടെത്തല്‍. ഇതിനായി സംസ്ഥാന വ്യാപകമായി ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായും വ്യക്തമായിട്ടുണ്ട്.

വ്യാജ രേഖകളുണ്ടാക്കിയാണ് വന്‍ തോതില്‍ പണം തട്ടിയെടുക്കുന്നത്. കളക്ടറേറ്റിലെ ഉദ്യോഗസ്ഥരും തട്ടിപ്പിന് കൂട്ടുനില്‍ക്കുന്നതായാണ് വിജിലന്‍സ് കണ്ടെത്തല്‍. അന്വേഷണത്തിന്റെ ഭാഗമായി ഓപ്പറേഷന്‍ സിഎംആര്‍ഡിഎഫ് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി കളക്ടറേറ്റുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തുകയാണ്.

ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം ലഭിക്കുന്നതിനായി കളക്ടറേറ്റുകള്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. സഹായം ആവശ്യപ്പെട്ട് നിരവധി അപേക്ഷകളാണ് സംസ്ഥാന വ്യാപകമായി ഓരോ കളക്ടറേറ്റുകളിലും ലഭിക്കാറുള്ളത്.

ഈ അപേക്ഷകള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് അര്‍ഹരെ കണ്ടെത്തിയ ശേഷം സെക്രട്ടറിയേറ്റിലേക്ക് അയക്കും. തുടര്‍ന്ന് പണം അക്കൗണ്ടിലേക്ക് വരും. കാലങ്ങളായി തുടരുന്ന ഈ രീതിയിലാണ് അഴിമതി കണ്ടെത്തിയത്.

സിഎംആര്‍ഡിഎഫ് കൈകാര്യം ചെയ്യുന്ന കളക്ടറേറ്റിലെ ഉദ്യേഗസ്ഥര്‍, ഏജന്റുമാരുമായി ചേര്‍ന്ന് പണം വാങ്ങി വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റുകളടക്കം നല്‍കി പണം തട്ടുന്നുവെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. അനര്‍ഹരായ ആളുകളുടെ പേരില്‍ അപേക്ഷ സമര്‍പ്പിക്കുന്നതാണ് തട്ടിപ്പ് രീതി.

വ്യാജ രേഖകളാകും നല്‍കുന്നത്. ഫോണ്‍ നമ്പറുകളും ബാങ്ക് അക്കൗണ്ട് രേഖകളും ഏജന്റുമാരുടേതാണ്. പണം ലഭിച്ച ശേഷം ഒരു വിഹിതം തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കും അപേക്ഷ സമര്‍പ്പിച്ച വ്യക്തിക്കും നല്‍കും. ഈ രീതിയിലാണ് കാലങ്ങളായി തട്ടിപ്പ് നടക്കുന്നതെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.