ജാതി വിവേചനം നിരോധിച്ച ആദ്യത്തെ അമേരിക്കൻ നഗരമായി സിയാറ്റിൽ

ജാതി വിവേചനം നിരോധിച്ച ആദ്യത്തെ അമേരിക്കൻ നഗരമായി സിയാറ്റിൽ

സിയാറ്റില്‍: അമേരിക്കൻ സംസ്ഥാനമായ വാഷിംഗ്ടണിൽ ഇന്ത്യക്കാർ കൂടുതലായി അധിവസിക്കുന്ന സിയാറ്റിൽ, ജാതിയെ അടിസ്ഥാനമാക്കിയുള്ള വിവേചനം പൂർണമായി നിരോധിച്ചു. ചൊവ്വാഴ്ച നടന്ന സിറ്റി കൗണ്‍സിലിന്റെ വോട്ടെടുപ്പിന് ശേഷമായിരുന്നു തീരുമാനം. ഇതോടെ ജാതി വിവേചനം നിരോധിക്കുന്ന ആദ്യത്തെ അമേരിക്കൻ നഗരമായും ദക്ഷിണേഷ്യയ്ക്ക് പുറത്ത് ഇത്തരമൊരു നിയമം പാസാക്കുന്ന ലോകത്തിലെ ആദ്യ നഗരമായും സിയാറ്റിൽ മാറി.

സിയാറ്റിൽ സിറ്റി ഹാളിൽ ജാതിനിരോധനത്തെ അനുകൂലിച്ചതും പ്രതികൂലിച്ചും കൂടിയിരുന്നവർക്കിടയിൽ പിരിമുറുക്കം ദൃശ്യമായിരുന്നു. ജാതി വിവേചനം ദേശീയതയെ മറികടക്കുന്നുവെന്ന് കൗൺസിലിന്റെ ഭൂരിപക്ഷം 6-1 വോട്ടിന് അംഗീകരിച്ചതോടെ വാദപ്രതിവാദങ്ങൾക്ക് ശമനമുണ്ടായി.

ജാതി പക്ഷപാതത്തിനെതിരായ പോരാട്ടം എല്ലാത്തരം അടിച്ചമര്‍ത്തലുകള്‍ക്കുമെതിരായ പോരാട്ടവുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നിയമനിര്‍മ്മാണം എഴുതിയ കൗണ്‍സിലര്‍ ക്ഷമാ സാവന്ത് പറഞ്ഞു. അമേരിക്കയിൽ ജാതി പക്ഷപാതം കൂടുതല്‍ വ്യാപകമാകുന്നത് തടയാന്‍ ഈ നിയമം ആവശ്യമാണെന്ന് നിരോധനത്തിന്റെ വക്താക്കളും വ്യക്തമാക്കുന്നു.

അമേരിക്കൻ പ്രവാസി സമൂഹങ്ങളിൽ ജാതി വിവേചനം വ്യാപകമാണെന്നാണ് ദലിത് ഗ്രൂപ്പുകളും അവരെ പിന്തുണയ്ക്കുന്നവരും പറയുന്നത്. ദക്ഷിണേഷ്യക്കാർ പ്രധാന പങ്ക് വഹിക്കുന്ന വീടുകൾ, വിദ്യാഭ്യാസം, സാങ്കേതിക മേഖല എന്നിവയിലെ സാമൂഹിക അന്യവൽക്കരണത്തിന്റെയും വിവേചനത്തിന്റെയും രൂപത്തിലാണ് ഈ ജാതിവിവേചനം പ്രത്യക്ഷപ്പെടുന്നത്.

ഇന്ത്യയിൽ തൊട്ടുകൂടാത്തവനായി വളർന്ന, പിന്നീട് സിയാറ്റിലിലെത്തിയ യോഗേഷ് മാനെ കൗൺസിലിന്റെ തീരുമാനം കേട്ട് പൊട്ടിക്കരഞ്ഞു. ഇതൊരു ചരിത്ര നിമിഷമാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തി.

സിയാറ്റിലിൽ നിന്നും രാജ്യത്തുടനീളമുള്ള 200 ലധികം സംഘടനകളിൽ നിന്നും തങ്ങൾക്ക് പിന്തുണ ലഭിച്ചുവെന്ന്, ജാതി വിവേചന നിയമങ്ങൾ നടപ്പിലാക്കാൻ പ്രയത്നിക്കുന്ന കാലിഫോർണിയ ആസ്ഥാനമായുള്ള ഇക്വാലിറ്റി ലാബ്‌സിലെ ഓക്ക്‌ലാൻഡിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർ തേൻമൊഴി സൗന്ദരരാജൻ വ്യക്തമാക്കി.

ഇന്ത്യയിലെ ജാതി വ്യവസ്ഥ 3000 വര്‍ഷത്തിലേറെ പഴക്കമുള്ളതാണ്. മുസ്ലീം-ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ നൂറ്റാണ്ടുകളായി വികസിച്ച ഒരു വ്യവസ്ഥയാണിത്. കൂടാതെ ഹിന്ദു സമൂഹത്തെ കര്‍ക്കശമായ ശ്രേണിപരമായ ഗ്രൂപ്പുകളായി വിഭജിക്കുന്നു. അടുത്ത കാലത്തായി അമേരിക്കൻ സര്‍വ്വകലാശാലകളുടെ കാമ്പസുകളില്‍ ഏര്‍പ്പെടുത്തിയ ജാതി പക്ഷപാതത്തിനെതിരായ സമാനമായ നിരോധനങ്ങളെ തുടര്‍ന്നാണ് ചൊവ്വാഴ്ച സിയാറ്റില്‍ പാസാക്കിയ ഓര്‍ഡിനന്‍സ്.

ജാതി വിവേചനം മറ്റ് രാജ്യങ്ങളില്‍ മാത്രമല്ല നടക്കുന്നതെന്ന് സിയാറ്റില്‍ സിറ്റി കൗണ്‍സിലിലെ ഏക ഇന്ത്യന്‍ അമേരിക്കക്കാരിയായ സാവന്ത് പറഞ്ഞു. ദക്ഷിണേഷ്യന്‍ അമേരിക്കക്കാരും മറ്റ് കുടിയേറ്റ തൊഴിലാളികളും ടെക് മേഖലയിലും സിയാറ്റിലിലും രാജ്യമെമ്പാടുമുള്ള നഗരങ്ങളിലും ഉള്‍പ്പെടെയുള്ള അവരുടെ ജോലിസ്ഥലങ്ങളില്‍ ഇത് അഭിമുഖീകരിക്കുന്നു.

സോഷ്യലിസ്റ്റ് ആയ സാവന്ത് ഇന്ത്യയിലെ ഒരു ഉയര്‍ന്ന ജാതി ഹിന്ദു ബ്രാഹ്‌മണ കുടുംബത്തില്‍ വളര്‍ന്നതിനെ കുറിച്ചും അത്തരം വിവേചനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നതിനെ കുറിച്ചും മുമ്പും പറഞ്ഞിട്ടുണ്ട്.

മൈഗ്രേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച് 1980 ൽ ഏകദേശം 2,06,000 ആയിരുന്ന അമേരിക്കൻ പ്രവാസികൾ 2021 ൽ ഏകദേശം 2.7 ദശലക്ഷമായി വളർന്നുവെന്ന് കണക്കാക്കുന്നു. വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ താമസിക്കുന്ന രണ്ടാമത്തെ സ്ഥലമാണ് അമേരിക്ക.

2010 ലെ സെൻസസിൽ കണക്കാക്കിയ 3.5 ദശലക്ഷം ദക്ഷിണേഷ്യക്കാർ അമേരിക്കയിൽ താമസിക്കുന്നു. മിക്കവരും ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, നേപ്പാൾ, പാകിസ്ഥാൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. അമേരിക്കയിൽ കഴിഞ്ഞ മൂന്ന് വർഷമായി, ജാതി വിവേചനം നിരോധിക്കാൻ നിരവധി കോളേജുകളും സർവകലാശാല സംവിധാനങ്ങളും മുന്നോട്ട് വന്നിട്ടുണ്ട്.

2019 ഡിസംബറിൽ, ബോസ്റ്റണിനടുത്തുള്ള ബ്രാൻഡീസ് യൂണിവേഴ്സിറ്റി ജാതിയെ വിവേചനരഹിത നയത്തിൽ ഉൾപ്പെടുത്തിയ ആദ്യത്തെ അമേരിക്കൻ കോളേജായി മാറി. കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി സിസ്റ്റം, കോൾബി കോളേജ്, ബ്രൗൺ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ഡേവിസ് എന്നിവയെല്ലാം സമാനമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.