ബിജു കുര്യന്‍ മുങ്ങിയത് പുണ്യസ്ഥലങ്ങള്‍ കാണാന്‍; തിങ്കളാഴ്ച കേരളത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്

ബിജു കുര്യന്‍ മുങ്ങിയത് പുണ്യസ്ഥലങ്ങള്‍ കാണാന്‍; തിങ്കളാഴ്ച കേരളത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്

ഇരിട്ടി: ആധുനിക കൃഷി രീതികള്‍ പഠിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ഇസ്രയേലിലേക്ക് അയച്ച സംഘത്തില്‍ നിന്ന് മുങ്ങിയ കര്‍ഷകന്‍ ബിജു കുര്യന്‍ നാളെ കേരളത്തില്‍ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്. ബിജു കുര്യന്‍ തിങ്കളാഴ്ച കേരളത്തില്‍ തിരിച്ചെത്തുമെന്ന വിവരം ഒരു ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്.

നിലവില്‍ ഇസ്രയേലിലുള്ള ബിജു കുര്യന്‍ ഇന്ന് ഉച്ചയോടെ ടെല്‍ അവീവ് വിമാനത്താവളത്തില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെടുമെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ അദ്ദേഹം കേരളത്തിലെത്തുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ആധുനിക കൃഷിരീതികള്‍ പഠിക്കാന്‍ അയച്ച സംഘത്തില്‍ നിന്ന് ഒരാള്‍ അപ്രത്യക്ഷനായത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അതോടെ ഏതു വിധേനയും ഇയാളെ നാട്ടില്‍ തിരിച്ചെത്തിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു സംസ്ഥാന സര്‍ക്കാര്‍. ഇതിനിടെയാണ് ഇയാള്‍ നാളെ തിരിച്ചെത്തുമെന്ന റിപ്പോര്‍ട്ട് വരുന്നത്.

അതേസമയം ബിജു കുര്യന്‍ നാളെ തിരിച്ചെത്തുന്നതുമായി ബന്ധപ്പെട്ട് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് കുടുംബത്തിന്റെ പ്രതികരണം. ബിജു തിരിച്ചെത്തുന്ന കാര്യത്തില്‍ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് പായം കൃഷി ഓഫിസറും പ്രതികരിച്ചു.

ഇസ്രയേലിലെത്തിയ ബിജു കുര്യന്‍, പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനാണ് കര്‍ഷക സംഘത്തില്‍ നിന്ന് അപ്രത്യക്ഷനായതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. സംഘത്തില്‍ നിന്ന് വിട്ടുപോയ ബിജു കുര്യന്‍, ആദ്യ ദിവസം ജറുസലം സന്ദര്‍ശിച്ചു. പിറ്റേന്ന് ബെത്ലഹേമിലെത്തി. അവിടെ ഒരു ദിവസം ചെലവഴിച്ച് വീണ്ടും കര്‍ഷക സംഘത്തിനൊപ്പം ചേര്‍ന്ന് കേരളത്തിലേക്കു മടങ്ങാനായിരുന്നു പദ്ധതി.

ഇതിനിടെ കര്‍ഷക സംഘം ബിജു കുര്യനെ കൂടാതെ നാട്ടിലേക്കു മടങ്ങിയിരുന്നു. തുടര്‍ന്നാണ് സ്വന്തം നിലയ്ക്ക് നാട്ടിലേക്കു മടങ്ങാനുള്ള ശ്രമം ബിജു കുര്യന്‍ നടത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടെല്‍ അവീവില്‍ നിന്ന് ബഹ്‌റൈന്‍ വഴി നാട്ടിലേക്കു മടങ്ങാനാണ് നീക്കം. താന്‍ കാരണം സംഭവിച്ച ആശയക്കുഴപ്പങ്ങള്‍ക്കും സകല പ്രശ്‌നങ്ങള്‍ക്കും കൃഷിമന്ത്രിയോട് ഉള്‍പ്പെടെ അദ്ദേഹം ക്ഷമാപണം നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആധുനിക കൃഷിരീതി പഠിക്കാന്‍ കേരളത്തില്‍ നിന്നുള്ള കര്‍ഷക സംഘത്തോടൊപ്പം ഇസ്രയേലിലെത്തിയ കണ്ണൂര്‍ ഇരിട്ടി പേരട്ട കെ.പി മുക്കിലെ കോച്ചേരില്‍ ബിജുവിനെ ഫെബ്രുവരി 17 ന് രാത്രിയിലാണു കാണാതായത്. കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി അശോക് ഉടന്‍ തന്നെ ഇന്ത്യന്‍ എംബസിയെ വിവരം അറിയിക്കുകയും ഇസ്രായേല്‍ അധികൃതര്‍ തിരച്ചില്‍ തുടരുകയുമായിരുന്നു.

ഇതിനിടെ താന്‍ ഇസ്രയേലില്‍ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും വ്യക്തമാക്കി ബിജു കുടുംബാംഗങ്ങള്‍ക്ക് വാട്‌സാപ്പില്‍ മെസേജ് അയച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബിജു ഒഴികെയുള്ള സംഘം 20ന് പുലര്‍ച്ചെ നെടുമ്പാശേരിയില്‍ മടങ്ങിയെത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.