തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ആറ് സീറ്റുകള്‍ പിടിച്ചെടുത്ത് യുഡിഎഫ്; കോട്ടകള്‍ പൊളിക്കുമെന്ന് വി.ഡി സതീശന്‍

തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ആറ് സീറ്റുകള്‍ പിടിച്ചെടുത്ത് യുഡിഎഫ്; കോട്ടകള്‍ പൊളിക്കുമെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ 28 തദ്ദേശ വാര്‍ഡുകളിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ നേട്ടം. എല്‍ഡിഎഫ് 15 സീറ്റുകളില്‍ വിജയിച്ചെങ്കിലും ആറ് സിറ്റിങ് സീറ്റുകള്‍ നഷ്ടമായി. ഇതില്‍ അഞ്ചെണ്ണം പിടിച്ചെടുത്തത് യുഡിഎഫ് ആണ്. യുഡിഎഫ് പതിനൊന്ന് സീറ്റുകള്‍ നേടി. എന്‍ഡിഎ രണ്ടിടത്ത് വിജയിച്ചു.

യുഡിഎഫ് ആറ് സീറ്റുകള്‍ പിടിച്ചെടുക്കുകയും അഞ്ച് സീറ്റുകള്‍ നിലനിര്‍ത്തുകയും ചെയ്തു. മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന നാല് സീറ്റിലും യുഡിഎഫിനാണ് വിജയം.

ഇടുക്കി, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു. ഒരു കോര്‍പ്പറേഷന്‍ വാര്‍ഡ്, ഒരു ജില്ലാ പഞ്ചായത്ത് വാര്‍ഡ്, രണ്ട് മുനിസിപ്പാലിറ്റി വാര്‍ഡുകള്‍, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

എല്‍ഡിഎഫ് ഒരു സീറ്റ് യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു. എല്‍ഡിഎഫ് 13 സീറ്റുകളാണ് നിലനിര്‍ത്തിയത്. എന്‍ഡിഎ ഒരു സീറ്റ് എല്‍ഡിഎഫില്‍ നിന്നും പിടിച്ചെടുത്തു.

ആലപ്പുഴ തണ്ണീര്‍മുക്കം പഞ്ചായത്തില്‍ ബിജെപിയും എടത്വയില്‍ എല്‍ഡിഎഫും സീറ്റ് നിലനിര്‍ത്തി. കോട്ടയം കടപ്ലാമറ്റം വയലാ ടൗണ്‍ വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. കേരള കോണ്‍ഗ്രസ് എമ്മിന്റെ കോട്ടയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ചേരവേലിയെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഷിബു പോതംമാക്കിലാണ് 282 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തോല്‍പ്പിച്ചത്.

പത്തനംതിട്ടയിലെ കല്ലൂപ്പാറ ഏഴാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി രാമചന്ദ്രന്‍ വിജയിച്ചു. എല്‍ഡിഎഫ് സീറ്റ് ബിജെപി പിടിച്ചെടുക്കുകയായിരുന്നു. എറണാകുളം കോതമംഗലം പോത്താനിക്കാട് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി. സിപിഎം സ്ഥാനാര്‍ഥി സാബു മാധവന്‍ 43 വോട്ടിന് ജയിച്ചു.

അതേസമയം ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നേറ്റത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്തെത്തി. യുഡിഎഫ് തിളങ്ങുന്ന വിജയമാണ് സ്വന്തമാക്കിയതെന്നും പിണറായി സര്‍ക്കാരിന്റെ അഹങ്കാരത്തിനും ധാര്‍ഷ്ട്യത്തിനും ജനം നല്‍കിയ മറുപടിയാണിതെന്നും പ്രതിപക്ഷ നേതാവ് തന്റെ ഫെയ്‌സ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

തുടര്‍ ഭരണം എന്തും ചെയ്യാനുള്ള ലൈസന്‍സല്ലെന്ന് ഇനിയെങ്കിലും സര്‍ക്കാര്‍ തിരിച്ചറിയണം. നികുതിക്കൊള്ള ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിപക്ഷ നിലപാടിനും സമരങ്ങള്‍ക്കും ജനങ്ങള്‍ നല്‍കിയ അംഗീകാരമായി ഈ ഉപതിരഞ്ഞെടുപ്പ് വിജയത്തെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോട്ടകളെല്ലാം തങ്ങള്‍ പൊളിക്കും. കഴിഞ്ഞ തദ്ദേശ ഉപതിരഞ്ഞെടുപ്പിലും മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പിലും യു.ഡി.എഫിന് ലഭിച്ച ഉജ്ജ്വല വിജയത്തിന്റെ തുടര്‍ച്ചയാണിത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് വിജയക്കൊടി പാറിക്കുമെന്ന് വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.