ന്യൂഡൽഹി: വിദേശ സംഭാവന നിയമലംഘനം ആരോപിച്ച് രാജ്യത്തെ പ്രമുഖ ഗവേഷക ഗ്രൂപ്പായ ‘സെന്റർ ഫോർ പോളിസി റിസർച്ചി’ (സി.പി.ആർ) ന്റെ ലൈസൻസ് റദ്ദാക്കി. വിദേശ സംഭാവന നിയന്ത്രണ നിയമ പ്രകാരമുള്ള (എഫ്.സി.ആർ.എ) ലൈസൻസാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയത്.
മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ മകൾ യാമിനി അയ്യർ അധ്യക്ഷയും ചീഫ് എക്സിക്യൂട്ടിവുമായ സ്ഥാപനമാണ് സി.പി.ആർ.
ആറുമാസത്തേക്കാണ് ലൈസൻസ് റദ്ദാക്കിയത്. ഇതോടെ സ്ഥാപനത്തിന് വിദേശത്തുനിന്നുള്ള ധനസഹായം മുടങ്ങും. ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ, പെൻസൽവേനിയ സർവകലാശാല, വേൾഡ് റിസോഴ്സ് ഇൻസ്റ്റിറ്റ്യൂട്ട്, ഡ്യൂക് സർവകലാശാല തുടങ്ങിയവയാണ് സി.പി.ആറിന് ധനസഹായം നൽകിവരുന്നത്.
വിദേശഫണ്ട് സ്വീകരിച്ചതിലെ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കണമെന്ന് സ്ഥാപനത്തോട് അധികൃതർ ആവശ്യപ്പെട്ടതായാണ് വിവരം. തങ്ങൾ പൂർണമായും നിയമവിധേയമായാണ് പ്രവർത്തിക്കുന്നതെന്നും അധികൃതരുമായി സഹകരിക്കുമെന്നും സി.പി.ആർ പ്രസ്താവനയിൽ പറഞ്ഞു.
വിവിധ സർക്കാർ വകുപ്പുകളും സ്വയംഭരണ സ്ഥാപനങ്ങളും സംഘടനകളും സർവകലാശാലകളുമായി ചേർന്ന് പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് സി.പി.ആർ. ലോകമെമ്പാടുമുള്ള സർവകലാശാലകൾ ഇവരുടെ അഞ്ചു പതിറ്റാണ്ടുകാലത്തെ പ്രവർത്തന മികവ് അംഗീകരിച്ചിട്ടുണ്ട്.
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്, ജസ്റ്റിസ് വൈ.വി. ചന്ദ്രചൂഡ്, ബി.ജി. വർഗീസ് തുടങ്ങിയവർ സി.പി.ആറിന്റെ ഗവേണിങ് ബോർഡ് അംഗങ്ങളായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.