സംരംഭകരുടെ പരാതികൾ കേൾക്കാൻ ഓൺലൈൻ സംവിധാനം: 30 ദിവസത്തിനകം പരിഹാരം; വീഴ്ച്ച വരുത്തുന്ന ഉദ്യോഗസ്ഥന് 10,000 രൂപ പിഴ

സംരംഭകരുടെ പരാതികൾ കേൾക്കാൻ ഓൺലൈൻ സംവിധാനം: 30 ദിവസത്തിനകം പരിഹാരം; വീഴ്ച്ച വരുത്തുന്ന ഉദ്യോഗസ്ഥന് 10,000 രൂപ പിഴ

തിരുവനന്തപുരം: സംരംഭകരുടെ പരാതികൾ 30 ദിവസത്തിനകം പരിഹരിക്കുന്നതിന് ഓൺലൈൻ പരാതി പരിഹാര സംവിധാനം നിലവിൽ വന്നു. രാജ്യത്ത്‌ ആദ്യമായാണ്‌ ഇത്തരമൊരു സംവിധാനം. ജില്ലാ, സംസ്ഥാന തല പരാതി പരിഹാര സമിതികൾ രൂപീകരിച്ചാണ്‌ വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ സംവിധാനം പ്രവർത്തിക്കുന്നത്.

പൂർണമായും ഓൺലൈനായി പ്രവർത്തിക്കുന്ന സംവിധാനത്തിലേക്ക് സംരംഭകരിൽനിന്ന് പരാതി ലഭിച്ചാൽ 30 ദിവസത്തിനുള്ളിൽ പരിഹാരം ഉറപ്പുവരുത്തും. പരിഹാരം നിർദേശിച്ച ശേഷം 15 ദിവസത്തിനകം നടപടിയുണ്ടായില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഒരു ദിവസത്തിന്‌ 250 രൂപ എന്ന നിലയിൽ പിഴ ഒടുക്കണം. പരമാവധി 10,000 രൂപവരെ ഇത്തരത്തിൽ പിഴ ഈടാക്കാനാകും.

10 കോടി രൂപവരെ നിക്ഷേപമുള്ള വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതി കളക്ടർ അധ്യക്ഷനും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കൺവീനറുമായ ജില്ലാതല സമിതി പരിശോധിക്കും. 10 കോടിക്കു മുകളിൽ നിക്ഷേപമുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികളും ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിന്മേലുള്ള അപ്പീലും സംസ്ഥാന സമിതി പരിശോധിക്കും.

സംസ്ഥാന സമിതിയിൽ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനും വ്യവസായ വാണിജ്യ ഡയറക്ടർ കൺവീനറുമാണ്. പരാതിയുടെ വിചാരണ വേളയിൽ ജില്ലാ, സംസ്ഥാന സമിതികൾക്ക്‌ സിവിൽ കോടതിക്ക് തുല്യമായ അധികാരം ഉണ്ടാകും. സേവനം നൽകാൻ നിയുക്തനായ ഉദ്യോഗസ്ഥൻ മതിയായ കാരണം കൂടാതെ കാലതാമസമോ വീഴ്‌ചയോ വരുത്തിയാൽ പിഴ ചുമത്താനും വകുപ്പുതല നടപടിക്ക്‌ ശുപാർശ ചെയ്യാനും ഈ സമിതികൾക്ക്‌ അധികാരമുണ്ടാകും. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.