മാങ്കുളം അപകടം: കുട്ടികള്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ച് മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി

മാങ്കുളം അപകടം: കുട്ടികള്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ച് മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: മാങ്കുളത്ത് വിനോദസഞ്ചാരത്തിനിടെ പുഴയില്‍ മുങ്ങിമരിച്ച അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ച് മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി. വിദ്യാര്‍ഥികളായ കാലടി മാണിക്യമംഗലം മടുക്കാങ്കല്‍ പരേതനായ ഷിബുവിന്റെ മകന്‍ അര്‍ജുന്‍ ഷിബു (14), അയ്യമ്പുഴ കോളാട്ടുകുടി ജോബിയുടെ മകന്‍ ജോയല്‍ ജോബി (14), തുറവൂര്‍ കൂരന്‍ ബ്രസി ചെറിയാന്റെ മകന്‍ റിച്ചാര്‍ഡ് ബ്രസി (14) എന്നിവരാണ് മരിച്ചത്. എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറല്‍ റവ. ഫാ. ജോസ് പൊട്ടക്കലും അദ്ദേഹത്തൊടൊപ്പം എത്തിയിരുന്നു.

ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് അപകടമുണ്ടായത്. പ്രിന്‍സിപ്പലായ സിസ്റ്റര്‍ ഉള്‍പ്പെടെ മൂന്ന് അധ്യാപകരും 30 വിദ്യാര്‍ഥികളും ഉള്‍പ്പെടുന്ന സംഘമായിരുന്നു മാങ്കുളത്ത് വിനോദ സഞ്ചാരത്തിനെത്തിയത്. സംഘമെത്തിയ ബസ് മാങ്കുളം ടൗണിന് സമീപം നിര്‍ത്തിയിട്ട ശേഷം ട്രക്കിങിന്റെ ഭാഗമായി മൂന്ന് ജീപ്പുകളിലായിട്ടായിരുന്നു ആനക്കുളം വല്യപാറക്കുട്ടിയില്‍ എത്തിയത്. ഇവിടെ നല്ലതണ്ണിയാറ്റില്‍ ഇറങ്ങിയ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്.

അഞ്ച് വിദ്യാര്‍ഥികള്‍ മുങ്ങിപ്പോയിരുന്നു. ഇതില്‍ രണ്ട് പേരെ ഉടന്‍ തന്നെ ഒപ്പമുണ്ടായിരുന്ന വാഹനമോടിച്ചിരുന്നവരും മറ്റും ചേര്‍ന്ന് രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. മറ്റു മൂന്ന് പേരെക്കൂടി രക്ഷപ്പെടുത്തി അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.