അണയാതെ തീ: ബ്രഹ്‌മപുരം കത്തിയമരുന്നു; തീ അണക്കാൻ തീവ്ര ശ്രമം; പുക നിറഞ്ഞ് നഗരം

അണയാതെ തീ: ബ്രഹ്‌മപുരം കത്തിയമരുന്നു; തീ അണക്കാൻ തീവ്ര ശ്രമം; പുക നിറഞ്ഞ് നഗരം

മ്പലമേട്: കൊച്ചി ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിൽ വ്യാഴാഴ്ച പടർന്ന് പിടിച്ച തീ അണക്കാനാകുന്നില്ല. ഇന്നലെ രാത്രിയോടെ കൂടുതൽ ഭാഗങ്ങളിലേക്ക് തീ പടർന്നു. 50 അടിയോളം ഉയരത്തില്‍ മല പോലെ കിടക്കുന്ന മാലിന്യത്തിലേക്ക് തീ പടരുകയായിരുന്നു. അഗ്നിശമന സേന രാവും പകലും കിണഞ്ഞ് പരിശ്രമിച്ചിട്ടും തീ നിയന്ത്രണ വിധേയമാക്കാനാകുന്നില്ല. ഇതോടെ ബ്രഹ്‌മപുരത്തിന്റെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ പൂര്‍ണ്ണമായും പുക പടര്‍ന്നിരിക്കുകയാണ്. 

ഇരുപതോളം ഫയര്‍ഫോഴ്‌സ്‌ യൂണിറ്റുകളാണ് തീയണയ്ക്കല്‍ ശ്രമം നടത്തുന്നത്. ആവശ്യമെങ്കില്‍ ഫയര്‍ഫോഴ്‌സിനെ സഹായിക്കാന്‍ നാവികസേന സന്നദ്ധത അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയോടെ തീ നിയന്ത്രണ വിധേയമായതായിരുന്നു. വൈകുന്നേരം കാറ്റ് ശക്തമായതാണ് വീണ്ടും തീ ആളിപ്പടരാൻ ഇടയായത്.

ബ്രഹ്‌മപുരം, കരിമുകള്‍, പിണര്‍മുണ്ട, അമ്പലമുകള്‍, പെരിങ്ങാല, ഇരുമ്പനം, കാക്കനാട് പ്രദേശങ്ങളില്‍ പുകശല്യം രൂക്ഷമായിട്ടുണ്ട്. പ്ലാസ്റ്റിക് കത്തുന്ന ദുര്‍ഗന്ധവും രൂക്ഷമാണ്. തീപ്പിടിത്തത്തില്‍ പ്ലാന്റിനുള്ളിലെ ബയോ മൈനിങ് നടക്കുന്ന പ്രദേശമുള്‍പ്പെടെ കത്തിച്ചാമ്പലായി. സമീപത്തെ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്കും തീ പടര്‍ന്നു. മാലിന്യ സംസ്‌കരണത്തിനായി പ്ലാന്റിലുണ്ടായിരുന്ന നൂറോളം തൊഴിലാളികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

പ്രദേശങ്ങളിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ശ്വാസംമുട്ട് അനുഭവപ്പെടുന്നതായി നാട്ടുകാര്‍ പറഞ്ഞു. കിലോമീറ്ററുകള്‍ അകലെ വരെ പുക ഉയരുന്നുണ്ട്. ഏക്കര്‍ കണക്കിന് പ്രദേശത്താണ് പ്രളയ മാലിന്യങ്ങള്‍ ഉള്‍പ്പെടെ ലോഡ് കണക്കിന് മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. ഇതിന്റെ നാല് വശവും കത്തിപ്പിടിച്ചതോടെ അഗ്‌നിരക്ഷാ സേനയ്ക്ക് കടന്നുചെല്ലാന്‍ കഴിയാത്ത അവസ്ഥയായി. വാഹനങ്ങള്‍ കടന്നുപോകുന്നതിന് ഒരു സംവിധാനവും അവിടെ ഒരുക്കിയിട്ടില്ല. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.