ബിപിഎല്‍ കുടുംബങ്ങളുടെ അന്തിമ പട്ടിക തയാറായില്ല; കെ ഫോണ്‍ പദ്ധതി ഇഴയുന്നു

ബിപിഎല്‍ കുടുംബങ്ങളുടെ അന്തിമ പട്ടിക തയാറായില്ല; കെ ഫോണ്‍ പദ്ധതി ഇഴയുന്നു

കൊച്ചി: കെ ഫോണ്‍ പദ്ധതിയുടെ നടപടികള്‍ ഇഴയുന്നതായി റിപ്പോര്‍ട്ട്. സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന് അര്‍ഹരായ ബിപിഎല്‍ കുടുംബങ്ങളുടെ അന്തിമ പട്ടിക ഇതുവരെ തയാറായിട്ടില്ല.

പതിനാലായിരം പേരുടെ ലിസ്റ്റ് നല്‍കാന്‍ തദ്ദേശഭരണ വകുപ്പിനെ ചുമതലപ്പെടുത്തിയെങ്കിലും ആവശ്യപ്പെട്ടതില്‍ പകുതി മാത്രമാണ് ഇതുവരെ കൈമാറിയത്. പ്രവര്‍ത്തന മൂലധനം കണ്ടെത്താന്‍ വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ ചൊല്ലിയുള്ള വകുപ്പുതല തര്‍ക്കങ്ങള്‍ തീര്‍ന്നിട്ടുമില്ല.

ആദ്യഘട്ടത്തില്‍ 14,000 കുടുംബങ്ങള്‍ക്കാണ് സൗജന്യ കണക്ഷന്‍. പട്ടിക തയ്യാറാക്കാന്‍ തദ്ദേശ ഭരണ വകുപ്പിനെ ഏല്‍പ്പിച്ചത് ആറ് മാസം മുന്‍പ്. ഇത് വരെ കൊടുത്തത് 10 ജില്ലകളില്‍ നിന്നായി 7569 പേരുടെ ലിസ്റ്റ്. നാല് ജില്ലകളില്‍ നിന്ന് ഒരാള്‍ പോലും ലിസ്റ്റിലുള്‍പ്പെട്ടിട്ടില്ല. നിയോജക മണ്ഡല അടിസ്ഥാനത്തില്‍ 100 പേരെങ്കില്‍ ഒരു വാര്‍ഡില്‍ നിന്ന് പരമാവധി ഉള്‍പ്പെടുത്താനാകുക ഒന്നോ രണ്ടോ കുടുംബങ്ങളെ മാത്രമാണ്.

അതുകൊണ്ട് തന്നെ സര്‍ക്കാര്‍ മാനദണ്ഡപ്രകാരം ലിസ്റ്റെടുക്കാന്‍ പഞ്ചായത്തുകള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്നാണ് ബാക്കി ലിസ്റ്റ് ചോദിക്കുമ്പോള്‍ തദ്ദേശ ഭരണ വകുപ്പ് വിശദീകരണം.

പ്രവര്‍ത്തന മൂലധനവും സൗജന്യ കണകക്ഷന്‍ അടക്കം പരിപാലന ചെലവും ചേര്‍ത്ത് പ്രതിവര്‍ഷം 300 കോടി രൂപയെങ്കിലും കണ്ടെത്താനായാലേ കെ ഫോണിന് പിടിച്ച് നില്‍ക്കാനാകു. വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് മുന്നിലുണ്ടെങ്കിലും വകുപ്പുതല തര്‍ക്കം വെളിച്ചം കണ്ടിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.