ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കുന്നത് അഭിഭാഷകവൃത്തിയുള്‍പ്പെടെ സമൂഹത്തിന്റെ എല്ലാ മേഖലയുടെയും അഭിവൃദ്ധിയ്ക്ക് കാരണമാകുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. വനിതാ നിയമവിദഗ്ധരുടെ എണ്ണം എങ്ങനെ വര്‍ധിപ്പിക്കാമെന്ന് തന്നോട് പലരും ചോദിക്കാറുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
സുപ്രീം കോടതിയില്‍ എന്തുകൊണ്ടാണ് നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ വനിതാ ജഡ്ജിമാര്‍ ഉണ്ടാകാത്തത്, സ്ത്രീകളില്‍ നിന്ന് എന്തുകൊണ്ട് കൂടുതല്‍ ഹൈക്കോടതി ജഡ്ജിമാര്‍ ഉണ്ടാകുന്നില്ലെന്നും പലരും തന്നോട് ചോദിക്കാറുണ്ട്. അതിനുള്ള ഉത്തരം ലളിതമല്ല, അല്‍പം സങ്കീര്‍ണ്ണമാണ്. അതില്‍ സത്യമുണ്ടെന്ന് താന്‍ കരുതുന്നുവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
2000 നും 2023 നും ഇടയില്‍ സ്ത്രീകള്‍ക്ക് അഭിഭാഷക ജോലിയില്‍ പ്രവേശിക്കാനും അഭിവൃദ്ധിപ്പെടാനുമുള്ള സാഹചാര്യം ഇല്ലാതിരുന്നതിനാല്‍ 2023 ല്‍ സുപ്രീം കോടതി ജഡ്ജിമാരെ സ്ത്രീകളില്‍ നിന്ന് സൃഷ്ടിക്കാന്‍ ഒരു മാന്ത്രിക വടിയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല വനിതകളുടെ തൊഴിലില്‍ കൂടൂതല്‍ വൈവിദ്ധ്യപൂര്‍ണമായ ഭാവി സൃഷ്ടിക്കണമെങ്കില്‍ അതിന് തക്കതായ ഒരു തൊഴില്‍ ചട്ടക്കൂട് അല്ലെങ്കില്‍ അടിത്തറ സൃഷ്ടിക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ ജില്ലാ ജുഡീഷ്യറിയിലെ സമീപകാല സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച് പല സംസ്ഥാനങ്ങളിലും 50 ശതമാനത്തിലധികം അഭിഭാഷകര്‍ സ്ത്രീകളാണ്. ഇന്ത്യയിലെ വിദ്യാഭ്യാസ പുരോഗതിയാണ് അതിന് കാരണമെന്നും ഇന്ത്യയുടെ വിദ്യാഭ്യാസം വിപുലമായപ്പോള്‍ സ്ത്രീകളുടെ വിദ്യാഭ്യാസ നിരക്ക് വര്‍ധിച്ചതായും അദ്ദേഹം പറഞ്ഞു.
ഒരു ശരാശരി ഇന്ത്യന്‍ കുടുംബത്തിന്റെ അഭിവൃദ്ധിയുടെ താക്കോല്‍ അവരുടെ പെണ്‍മക്കളെ പഠിപ്പിക്കുക എന്നതാണ്. ഈ ചിന്ത ഇന്ത്യന്‍ മധ്യ വര്‍ഗത്തിന്റെ ഇടയില്‍ വേരോടിയിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
2027 ല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി അധികാരമേല്‍ക്കാനിരിക്കുന്നത് ജസ്റ്റിസ് ബി.വി നാഗരത്‌നയാണ് അങ്ങനെയെങ്കില്‍ ആ സ്ഥാനത്തേക്കെത്തുന്ന ആദ്യ വനിത ജസ്റ്റിസ് ബി.വി നാഗരത്‌ന ആയിരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.