ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ പിടുത്തം ഇന്നത്തോടെ നിയന്ത്രണ വിധേയമായേക്കും; നഗരത്തില്‍ പുകയ്ക്ക് നേരിയ ശമനം

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ പിടുത്തം  ഇന്നത്തോടെ നിയന്ത്രണ വിധേയമായേക്കും;  നഗരത്തില്‍ പുകയ്ക്ക് നേരിയ ശമനം

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ പിടുത്തം ഇന്നത്തോടെ നിയന്ത്രണ വിധേയമായേക്കും. മൂന്ന് ദിവസമായി തീ കെടുത്താനുള്ള ശ്രമം തുടരുകയാണ്. കൊച്ചി നഗരത്തിലും ബ്രഹ്മപുരം, കാക്കനാട്, തൃപ്പൂണിത്തുറ, പശ്ചിമകൊച്ചി പ്രദേശങ്ങളില്‍ രാത്രിയും പകലും മൂടല്‍മഞ്ഞുപോലെ വ്യാപിച്ച പുകയ്ക്ക് നിലവില്‍ നേരിയ ശമനമുണ്ടായിട്ടുണ്ട്.

തീപിടിത്തം കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുമെന്ന് ആശങ്കയില്‍ ആളുകള്‍ വീടിന് പുറത്തിറങ്ങരുതെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. പ്രഭാത നടത്തം അടക്കം ഒഴിവാക്കണമെന്നും ആളുകളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളൊന്നും തുറക്കരുതെന്നും ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് ഉത്തരവിട്ടു. എറണാകുളം നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും എല്ലാ ആശുപത്രികളും ആവശ്യത്തിന് ഓക്‌സിജന്‍ ശേഖരം കരുതണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

തീയണയ്ക്കുന്നതിനിടെ പ്ലാസ്റ്റിക് ഉള്‍പ്പെടെ കത്തിയുള്ള വിഷപ്പുക ശ്വസിച്ച് ജില്ലാ ഫയര്‍ ഓഫീസര്‍ അടക്കം 20 പേര്‍ ചികിത്സ തേടി. ചിലര്‍ ചുമച്ച് രക്തം തുപ്പുകയും ചെയ്തു.

ഇന്നലെ വ്യോമസേനാ ഹെലികോപ്ടറുകള്‍ വെള്ളം തളിക്കാന്‍ ശ്രമിച്ചെങ്കിലും കനത്ത പുക വിഘാതമായി. തുടര്‍ന്ന് ഹെലികോപ്ടറുകള്‍ മടങ്ങി. ഏഴ് അഗ്‌നിശമന സേനാ യൂണിറ്റുകള്‍ വ്യാഴാഴ്ച വൈകുന്നേരം മുതല്‍ പ്ലാസ്റ്റിക്ക് കുന്നുകളിലേക്ക് വെള്ളം പമ്പു ചെയ്തുകൊണ്ടിരിക്കുകയാണ്.

തീയുടെ ശക്തി കുറഞ്ഞെങ്കിലും പുക ശക്തമായി പരക്കുന്നുണ്ട്. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെയും സിയാലിന്റെയും ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെ ഇന്ന് വിന്യസിക്കും. കടമ്പ്രയാറില്‍ നിന്ന് നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിന് രണ്ടു വലിയ പമ്പുകളും ഇന്ന് എത്തിക്കും.

അതിനിടെ തീ പിടുത്തം അട്ടിമറിയെന്ന സംശയം ബലപ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഇന്നലെ കളക്ടറേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ കെ.സേതുരാമന് ചീഫ് സെക്രട്ടറി വി.പി.ജോയി നിര്‍ദ്ദേശം നല്‍കി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.