ബ്രഹ്മപുരത്തെ തീപിടിത്തം; ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും

ബ്രഹ്മപുരത്തെ തീപിടിത്തം; ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഡിവിഷൻ ബ‌‍ഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റീസ് കെ.വിനോദ് ചന്ദ്രന്‍, ജസ്റ്റീസ് സി.ജയചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സര്‍ക്കാരിനു പുറമേ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കൊച്ചി നഗരസഭ എന്നിവരാണ് ഹര്‍ജിയിലെ എതിര്‍ കക്ഷികള്‍. 

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്ന് വിഷപ്പുക പടരുന്ന സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ടാണ് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസ് എസ്. മണികുമാറിന് കത്ത് നല്‍കിയത്. 

കഴിഞ്ഞ അഞ്ചു ദിവസമായി ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീ കത്തുകയാണ്. കാന്‍സര്‍ വരെ ബാധിക്കാവുന്ന വിഷപ്പുകയാണ് കൊച്ചി നഗരവാസികള്‍ ശ്വസിക്കുന്നത്. ഈ നില തുടരുന്നത് അപകടമാണെന്ന് കത്തില്‍ വ്യക്തമാക്കുന്നു. 

വിഷപ്പുക പടരുന്നത് തടയാനും ബ്രഹ്മപുരത്തെ തീ അണയ്ക്കാനും വേണ്ട ക്രമീകരണങ്ങള്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാണ് കത്തിലെ ആവശ്യം. ഇന്നലെ ഉച്ചയോടെ ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ കൈമാറിയ കത്ത് ഹൈക്കോടതി സ്വമേധയാ ഹര്‍ജിയായി പരിഗണിക്കാന്‍ തീരുമാനിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.