ലഹരി കുടുംബ ബന്ധങ്ങള്‍ ശിഥിലമാക്കും; സംഘടിതമായ വനിതാ പ്രതിരോധം അനിവാര്യം: മാര്‍ ജോസ് പുളിക്കല്‍

ലഹരി കുടുംബ ബന്ധങ്ങള്‍ ശിഥിലമാക്കും; സംഘടിതമായ വനിതാ പ്രതിരോധം അനിവാര്യം: മാര്‍ ജോസ് പുളിക്കല്‍

കോട്ടയം: ലഹരി വിനിയോഗം കുടുംബ ബന്ധങ്ങളും സാമൂഹ്യ സാമ്പത്തിക കെട്ടുറപ്പും ശിഥിലമാക്കുമെന്ന് കെ.സി.ബി.സി. ജസ്റ്റിസ് പീസ് ആന്‍ഡ് ഡവലപ്പ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസ് പുളിക്കല്‍.

അന്തര്‍ദേശീയ വനിതാദിനത്തോടനുബന്ധിച്ച് കോട്ടയത്ത് ആമോസ് സെന്ററില്‍ നടന്ന ദര്‍ശന്‍ സംസ്ഥാന വനിതാദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അടുത്ത കാലത്ത് യുവാക്കളുടെയും വിദ്യാര്‍ഥികളുടേയും ഇടയില്‍ അനിയന്ത്രിതമായി വ്യാപിച്ചിട്ടുള്ള ഈ മഹാ വിപത്തിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സംഘടിത സ്ത്രീ മുന്നേറ്റം അനിവാര്യമാണ്. പഠനത്തിനും ജോലിക്കുമായി യുവതീ യുവാക്കളില്‍ വര്‍ധിച്ചുവരുന്ന വിദേശ ചേക്കേറല്‍ വിഷയത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ കത്തോലിക്കാ രൂപതകളില്‍ നിന്നുള്ള സര്‍വീസ്, ചരക്ക് വാഹനങ്ങളില്‍ ഡ്രൈവര്‍മാരായി ജോലിചെയ്ത് കുടുംബത്തിന്റെ അത്താണിയായി മാറിയ വനിതകളെ ചടങ്ങില്‍ ആദരിച്ചു. സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റികളോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരുന്ന ദര്‍ശന്‍ സ്ത്രീ മുന്നേറ്റത്തിന്റെ സംസ്ഥാന പ്രസിഡന്റ് രാജി പി. സ്‌കറിയ അധ്യക്ഷത വഹിച്ചു.

കെ.സി.ബി.സിയുടെ നേതൃത്വത്തില്‍ കാരിത്താസ് ഇന്ത്യയുടേയും കേരളാ സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെയും കേരളത്തിലെ മുപ്പത്തി രണ്ട് കത്തോലിക്കാ രൂപതകളുടേയും പങ്കാളിത്തത്തോടെ കേരളത്തിലുടനീളം നടന്നുവരുന്ന സജീവം എന്ന ലഹരി വിരുദ്ധ തീവ്ര പ്രചരണ യജ്ഞത്തിന് ദര്‍ശന്‍ സംസ്ഥാന സമിതി പിന്തുണ പ്രഖ്യാപിച്ചു.

സജീവം ലഹരി മുക്ത കാമ്പയിന്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ ആല്‍ബിന്‍ ജോസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ, സാമൂഹ്യ തിന്മകള്‍ക്കെതിരെയുള്ള ബോധവല്‍കരണ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഈ വിഷയങ്ങളില്‍ അഡ്വ. സിസ്റ്റര്‍ റെജി അഗസ്റ്റിന്‍ എംഎംഎസ് സെമിനാര്‍ നയിച്ചു.

കെ.എസ്.എസ്.എഫ്. പ്രോജക്ട് ഓഫീസര്‍ ജിറ്റു ജെ. തോമസ്, ടീം ലീഡര്‍ ടോണി സണ്ണി, സെക്രട്ടറി ജെയിനമ്മ ജോസഫ് ആശംസകള്‍ അര്‍പ്പിച്ചു. വനിതാ ഡ്രൈവര്‍മാര്‍ തങ്ങളുടെ ജീവിത വിജയാനുഭവങ്ങള്‍ പങ്കുവെച്ചു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍ സ്വാഗതവും ദര്‍ശന്‍ വൈസ് പ്രസിഡന്റ് റാണി ചാക്കോ നന്ദിയും പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.