ലൈഫ് മിഷന്‍ കോഴ: രണ്ടാം ദിവസം സി.എം രവീന്ദ്രനെ ഇ.ഡി പത്ത് മണിക്കൂര്‍ ചോദ്യം ചെയ്തു

 ലൈഫ് മിഷന്‍ കോഴ: രണ്ടാം ദിവസം സി.എം രവീന്ദ്രനെ ഇ.ഡി പത്ത് മണിക്കൂര്‍ ചോദ്യം ചെയ്തു

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഇ.ഡി തുടര്‍ച്ചയായ രണ്ടാം ദിവസം പത്ത് മണിക്കൂര്‍ ചോദ്യം ചെയ്തു. ആദ്യദിവസം ഒമ്പത് മണിക്കൂറായിരുന്നു ചോദ്യം ചെയ്യല്‍.

ചോദ്യങ്ങളോട് സഹകരിക്കുന്ന നിലപാടാണ് രവീന്ദ്രന്‍ സ്വീകരിച്ചതെന്ന് ആദ്യ ദിവസം ഇ.ഡി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ലൈഫ് മിഷന്‍ ഇടപാടില്‍ ഏതെങ്കിലും വിധത്തില്‍ ഇടപെട്ടിട്ടുണ്ടോയെന്ന കാര്യത്തിലെ വിശദീകരണമാണ് ആദ്യ ദിവസം ഇ.ഡി ചോദിച്ചത്.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയെന്ന നിലയില്‍ തനിക്ക് ഇടപെടേണ്ട ആവശ്യമില്ലെന്നായിരുന്നു രവീന്ദ്രന്റെ മൊഴി.

വാട്‌സ്ആപ് ചാറ്റ് അടക്കമുള്ള ഡിജിറ്റല്‍ തെളിവുകളും മൊഴികളും മുന്‍നിര്‍ത്തിയായിരുന്നു ഇന്നത്തെ ചോദ്യം ചെയ്യല്‍. ആദ്യ ദിവസത്തെ മൊഴികളുമായി ബന്ധപ്പെട്ട വാട്‌സ്ആപ് ചാറ്റുകളെ അടിസ്ഥാനപ്പെടുത്തി കൂടുതല്‍ വിശദീകരണം ആരാഞ്ഞതായാണ് വിവരം.

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴികളിലെ ആരോപണങ്ങളിലും വിശദീകരണം തേടി. ലൈഫ് മിഷന്‍ ഇടപാടിലെ കമ്മീഷനില്‍ പങ്കുണ്ടോ എന്നത് സംബന്ധിച്ച കാര്യങ്ങളും ഇ.ഡി പരിശോധിക്കുന്നുണ്ട്. രവീന്ദ്രനില്‍ നിന്നും തൃപ്തികരമായ മൊഴി ലഭിക്കുന്നത് വരെ ചോദ്യം ചെയ്യല്‍ തുടര്‍ന്നേക്കുമെന്നാണ് ലഭിക്കുന്ന സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.