സ്വകാര്യ വനങ്ങള്‍ ഏറ്റെടുക്കല്‍: 50 സെന്റ് വരെയുള്ള ചെറുകിട കര്‍ഷകര്‍ക്ക് ഇളവ് നല്‍കാന്‍ തീരുമാനം

സ്വകാര്യ വനങ്ങള്‍ ഏറ്റെടുക്കല്‍: 50 സെന്റ് വരെയുള്ള ചെറുകിട കര്‍ഷകര്‍ക്ക് ഇളവ് നല്‍കാന്‍ തീരുമാനം

തിരുവനന്തപുരം: സ്വകാര്യ വനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നിയമ ഭേദഗതിയില്‍ 50 സെന്റ് വരെയുള്ള ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക് ഇളവ് ലഭിക്കും. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ ധാരണയായി. 50 സെന്റ് വരെ സ്വകാര്യ വനഭൂമി കൈവശമുണ്ടെന്ന് തെളിയിക്കുന്നവര്‍ക്ക് ഭൂമിയുടെ ഉടമാവകാശം ലഭിക്കും.

ഇക്കാര്യത്തില്‍ ഒരിളവും പാടില്ലെന്ന് ആദ്യം നിലപാടെടുത്ത സംസ്ഥാന വനം വകുപ്പ്, പിന്നീട് 25 സെന്റ് വരെയുള്ള കര്‍ഷകര്‍ക്ക് ഇളവാകാമെന്ന് മയപ്പെടുത്തി. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലും വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ ഈ നിലപാടാണ് ആവര്‍ത്തിച്ചത്.

50 സെന്റ് വരെയെങ്കിലുമുള്ള കര്‍ഷകര്‍ക്ക് ഇളവ് നല്‍കിയില്ലെങ്കില്‍ നിരവധി സാധാരണക്കാരെ ബാധിക്കുമെന്നും, ഭൂപരിഷ്‌കരണ നിയമത്തിന്റെ അന്തസത്തയെ ഹനിക്കുന്നതാകുമെന്നും റവന്യു മന്ത്രി കെ. രാജന്‍ നിലപാടെടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും നിയമമന്ത്രി പി. രാജീവും ഇതിനോട് യോജിച്ചതോടെ വനം മന്ത്രിയും വഴങ്ങി.

കര്‍ഷകര്‍ ഹാജരാക്കുന്ന രേഖ തര്‍ക്കമറ്റ തെളിവായി കണക്കാക്കണമെന്ന സുപ്രീംകോടതി വിധിയുടെ ബലത്തില്‍, പുതിയ ഭേദഗതി ബില്ലില്‍ അതുള്‍പ്പെടുത്തണമെന്നാണ് റവന്യു വകുപ്പിന്റെ അഭിപ്രായം. ഇല്ലെങ്കില്‍ അംഗീകരിക്കാവുന്ന തെളിവുകളായെങ്കിലും ഉള്‍പ്പെടുത്തണം.

തെളിയിക്കുന്നതിന് വേണ്ടിയുള്ള തെളിവായല്ലാതെ, തര്‍ക്കമറ്റ തെളിവായി കണക്കാക്കാനാവില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്. ഇക്കാര്യത്തില്‍ വനം, റവന്യു, നിയമ മന്ത്രിമാര്‍ വീണ്ടും ചര്‍ച്ച നടത്തി ധാരണയുണ്ടാക്കാനാണ് നിര്‍ദ്ദേശം.

ഭൂപരിഷ്‌കരണ നിയമത്തിലെ 72-ാം വകുപ്പില്‍, കര്‍ഷകര്‍ക്ക് പതിച്ചു കൊടുത്ത ഭൂമിയിലെ അവരുടെ ഉടമാവകാശം സംബന്ധിച്ച രേഖ തര്‍ക്കമറ്റതാണെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ 1971 ലെ സ്വകാര്യ വനങ്ങള്‍ നിക്ഷിപ്തമാക്കലും ഏറ്റെടുക്കലും നിയമം വന്നതോടെ വനത്തിനകത്ത് വരുന്ന കൃഷിഭൂമിക്ക് ഇത് ബാധകമല്ലാതായി.

ഇതിനെതിരെ സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി വന്നതോടെ, കര്‍ഷകര്‍ ഹാജരാക്കുന്ന രേഖ തര്‍ക്കമറ്റ രേഖയായി കണക്കാക്കാമെന്നായി. ഈ വിധി ആദിമ വനങ്ങള്‍ വന്‍തോതില്‍ നഷ്ടപ്പെടാനിടയാക്കുമെന്ന് വിലയിരുത്തിയ വനംവകുപ്പ്, ഇതിനെ മറികടക്കാന്‍ നിയമഭേദഗതി നിര്‍ദ്ദേശിക്കുകയായിരുന്നു.

സുപ്രീം കോടതി വിധി അംഗീകരിക്കപ്പെടുന്നതോടെ, വനം കൈയേറ്റവുമായി ബന്ധപ്പെട്ട് ഹൈക്കോടതി മുമ്പാകെയുള്ള 90 ശതമാനം കേസുകളും സംസ്ഥാനത്തിനെതിരാവാനിടയുണ്ടെന്ന് കാട്ടിയാണിത്. നിയമ ഭേദഗതിയിലുള്ള അനിശ്ചിതത്വം മറികടക്കാന്‍ കൂടിയാണ് 50 സെന്റ് വരെയുള്ള കര്‍ഷകര്‍ക്ക് ഇളവും തെളിവിന്റെ കാര്യത്തില്‍ വ്യക്തതയും വരുത്തുന്ന ധാരണയ്ക്ക് സര്‍ക്കാരിന്റെ ശ്രമം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.