ആലപ്പുഴ: കള്ളനോട്ട് കേസില്‍ അറസ്റ്റിലായ വനിതാ കൃഷി ഓഫിസറെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. തിരുവനന്തപുരം സര്‍ക്കാര്‍ മാനസികാരോഗ്യ ആശുപത്രിയിലേക്കാണ് എം. ജിഷ മോളെ മാറ്റിയത്. കോടതി നിര്‍ദേശപ്രകാരമാണ് നടപടി.
മാവേലിക്കര ജയിലില്‍ പാര്‍പ്പിച്ചിരുന്ന ജിഷയെ വ്യാഴാഴ്ച രാത്രിയില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയിരുന്നു. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തനിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് ജിഷ പറയുകയായിരുന്നു. ജിഷമോള്‍ മാനസികാരോഗ്യപ്രശ്നത്തിനു മരുന്ന് കഴിക്കുന്നുണ്ടെന്ന് അഭിഭാഷകരും കോടതിയെ അറിയിച്ചിരുന്നു. എന്നാലിത് കള്ളനോട്ട് സംഘത്തിലുള്ളവരെ രക്ഷിക്കാനുള്ള ശ്രമമാണെന്നാണ് പൊലീസ് സംശയം.
നേരത്തേ ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടികളാണ് ജിഷയില്‍ നിന്ന് പോലീസിന് ലഭിച്ചത്. ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമേ ഇനി കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ജിഷമോളെ വിട്ടുകിട്ടുകയുള്ളൂ.
ആലപ്പുഴ കോണ്‍വെന്റ് സ്‌ക്വയറിലെ ബാങ്ക് ശാഖയില്‍ വ്യാപാരി കൊണ്ടുവന്ന 500 രൂപയുടെ ഏഴ് നോട്ടുകളെക്കുറിച്ച് മാനേജര്‍ക്ക് തോന്നിയ സംശയമാണ് കൃഷി ഓഫിസറായ ജിഷമോളെ കുടുക്കിയത്. ബാങ്ക് മാനജരുടെ പരാതി പ്രകാരം സൗത്ത് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ജിഷയുടെ വീട്ടിലെ ജോലിക്കാരന്‍ കുഞ്ഞുമോന്‍ വ്യാപാരിക്ക് നല്‍കിയ നോട്ടുകളാണെന്ന് ഇതെന്ന് കണ്ടെത്തുകയായിരുന്നു.
ടാര്‍പോളിന്‍ വാങ്ങിയതിന്റെ വിലയായി കുഞ്ഞുമോന്‍ 3,500 രൂപയുടെ കള്ളനോട്ടുകളാണ് വ്യാപാരിക്ക് കൈമാറിയത്. ഈ പണം കുഞ്ഞുമോന് നല്‍കിയത് ജിഷയാണ്. തുടര്‍ന്ന് യുവതിയുടെ വീട്ടില്‍ റെയ്ഡ് നടത്തുകയും ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. യുവതി കള്ളനോട്ട് ശൃംഖലയുടെ ഭാഗമാണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.
കള്ളനോട്ടു മാഫിയയുടെ ഭാഗമായി പ്രവര്‍ത്തിച്ചതായി വ്യക്തമായതിനെത്തുടര്‍ന്ന് നേരത്തേ ജിഷമോളെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ജിഷയെ ചോദ്യം ചെയ്തതില്‍ നിന്ന് മുഖ്യപ്രതിയെക്കുറിച്ചു സൂചന ലഭിച്ചതായാണ് വിവരം. ഇയാളാണ് ജിഷയ്ക്കു കള്ളനോട്ട് നല്‍കിയിരുന്നത്. ആലപ്പുഴയില്‍ ആയോധനകലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഇയാള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം അറസ്റ്റിലായ ജിഷമോളുടെ പ്രവര്‍ത്തനങ്ങള്‍ ദുരൂഹത നിറഞ്ഞതാണെന്നാണു പൊലീസ് പറയുന്നു. കൃഷി ഓഫീസില്‍ കൃത്യമായി ഇവര്‍ ഹാജരാകാറില്ലായിരുന്നു. കൃഷിമന്ത്രി പി. പ്രസാദ് ആലപ്പുഴയില്‍ വിളിച്ച ഒരുയോഗത്തിലും ഇവര്‍ പങ്കെടുത്തിരുന്നില്ല. കുട്ടനാട്ടില്‍ വിളിച്ച പ്രധാനയോഗത്തിലും എത്തിയില്ല. ഇത്തരം ദിവസങ്ങളിലെല്ലാം അവധിയെടുക്കുമായിരുന്നു. വിവാഹിതയായ ജിഷ ആലപ്പുഴ നഗരസഭ പൂന്തോപ്പ് വാര്‍ഡില്‍ സിനിയാസ് ഹൗസില്‍ ഒറ്റയ്ക്കായിരുന്നു താമസം.
ഫാഷന്‍ഷോയോടും മോഡലിങ്ങിനോടുമായിരുന്നു ഇവര്‍ക്ക് താല്‍പര്യം. പതിവായി അവധിയെടുത്ത് ജിഷ ഇത്തരം കാര്യങ്ങള്‍ക്കും മത്സരങ്ങള്‍ക്കും പോയിരുന്നു. സൗന്ദര്യമത്സര രംഗത്തെ താരമായിരുന്നു ഇവര്‍. ചെന്നൈ ഫാഷന്‍ ഷോയിലും കൊച്ചിയില്‍ നടന്ന ഇന്ത്യ ഫാഷന്‍ ഐക്കണിലും വിജയിയായ ജിഷയ്ക്ക് കോളജ് പഠനകാലം മുതല്‍ മോഡലിങ് ഹരമായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.
ആലപ്പുഴ അവലൂക്കുന്ന് ജെ.എം മന്‍സിലില്‍ ജിഷമോള്‍ വെള്ളായണിക്കര കാര്‍ഷിക കോളജില്‍ പഠിക്കുമ്പോള്‍ മോഡലിങിലും നൃത്തത്തിലും മികവുപുലര്‍ത്തിയിരുന്നു. വ്യാപാര സ്ഥാപനങ്ങളുടെയും മറ്റും മോഡലായിട്ടുമുണ്ട്. ബി.എസ്.സി അഗ്രികള്‍ച്ചര്‍ ബിരുദം ഉയര്‍ന്ന മാര്‍ക്കോടെ പാസായ ശേഷം ലഭിച്ചത് നാല് ജോലികളാണ്. എയര്‍ഹോസ്റ്റസായും സ്പൈസസ് ബോര്‍ഡ് ഫീല്‍ഡ് ഓഫീസറായും വി.എച്ച്.എസ്.ഇ ട്യൂട്ടറായും ജിഷ പ്രവര്‍ത്തിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.