'തൃശൂര്‍ എനിക്കു വേണം, എടുത്തിരിക്കും'; വീണ്ടും മാസ് ഡയലോഗുമായി സുരേഷ് ഗോപി

'തൃശൂര്‍ എനിക്കു വേണം, എടുത്തിരിക്കും'; വീണ്ടും മാസ് ഡയലോഗുമായി സുരേഷ് ഗോപി

തൃശൂർ: തൃശൂര്‍ എടുത്തിരിക്കുമെന്ന മാസ് ഡയലോഗുമായി വീണ്ടും സുരേഷ് ഗോപി. തൃശൂരില്‍ ബിജെപിയുടെ ജനശക്തി റാലിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വേദിയിലിരുത്തിയാണ് സിനിമയെ വെല്ലുന്ന ഡയലോഗുകളുമായി പാര്‍ട്ടിപ്രവര്‍ത്തകരെ ആവേശം കൊള്ളിച്ചത്.

'തൃശൂര് എനിക്ക് വേണം. ഏത് ഗോവിന്ദന്‍ വന്നാലും തൃശൂര്‍ ഞാന്‍ ഹൃദയം കൊണ്ട് ആവശ്യപ്പെടുന്നു. തൃശൂര്‍ക്കാരെ നിങ്ങളെനിക്ക് തരണം. തൃശൂര്‍ എടുത്തിരിക്കും. തൃശൂര് മാത്രമല്ല കണ്ണൂരും വേണമെങ്കില്‍ മത്സരിക്കും. ഇരട്ട ചങ്കുണ്ടായത് 'ലേല'ത്തിലാണ്. അതിനുശേഷം വന്ന ചില ഓട്ട ചങ്കുകളാണ് ഇരട്ടചങ്കുകളായത്. ഗോവിന്ദനും അദ്ദേഹത്തിന്റെ രാഷ്ട്രീയ മുതലാളിയും മനസിലാക്കിക്കോ. കേരളം ഞാന്‍ എടുത്തിരിക്കും. ഒരു സംശയവും വേണ്ട.' ഇങ്ങനെ നീങ്ങുന്ന അദ്ദേഹത്തിന്റെ മാസ് ഡയലോഗുകള്‍.  

2024 ല്‍ താന്‍ ഇവിടെ സ്ഥാനാര്‍ഥിയാകണമെങ്കില്‍ രണ്ടു നേതാക്കന്മാര്‍ മാത്രമാണ് തീരുമാനമെടുക്കേണ്ടത്. മറ്റാര്‍ക്കും അതില്‍ അവകാശമില്ല. അങ്ങനെയൊരു ഉത്തരവാദിത്വം എല്‍പ്പിക്കുകയാണെങ്കില്‍ തൃശൂര്‍ അല്ലെങ്കില്‍ കണ്ണൂര്‍ വേണമെന്ന് അദ്ദേഹം അമിത് ഷായോട് ആവശ്യപ്പെട്ടു.

ബ്രഹ്മപുരത്തെ പ്രശ്‌നം പരിഹരിക്കാന്‍ പ്രാപ്തരല്ലെങ്കില്‍ കേന്ദ്രത്തിന്റെ സഹായം തേടാന്‍ കേരള സര്‍ക്കാരിനോട് അപേക്ഷിക്കുകയാണ്. വോട്ടു തന്നു ജയിപ്പിച്ച് രണ്ടാമതും ഭരണം തന്ന കേരള ജനതയോട് നന്ദി രേഖപ്പെടുത്താനുള്ള ഏറ്റവും അവസാനത്തെ അവസരമാണിതെന്നും സുരേഷ് ഗോപി പറഞ്ഞു.

സുരേഷ് ഗോപി തൃശൂരില്‍നിന്ന് ജയിക്കാന്‍ പോകുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് തൃശൂര്‍ ഹൃദയം കൊണ്ട് ഏറ്റെടുക്കുമെന്ന് ജനശക്തി റാലിയില്‍ സുരേഷ് ഗോപി പറഞ്ഞത്. കേരളത്തില്‍ തൃശൂര്‍ ആണ് ഏറ്റവും വിജയ സാധ്യതയുള്ള മണ്ഡലമായി ബിജെപി കാണുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്നും സുരേഷ് ഗോപി മൂന്നു ലക്ഷത്തിനടുത്ത് വോട്ട് നേടിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.