ബ്രഹ്മപുരം തീ പിടുത്തം: സഭയിലും മുഖ്യമന്ത്രിക്ക് മൗനം; സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷ വാക്കൗട്ട്

ബ്രഹ്മപുരം തീ പിടുത്തം: സഭയിലും മുഖ്യമന്ത്രിക്ക് മൗനം; സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷ വാക്കൗട്ട്

തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ പിടുത്തത്തില്‍ മൗനം തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ അടിയന്തിര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയെങ്കിലും മുഖ്യമന്ത്രി മറുപടി പറയുന്നതില്‍ നിന്നും ഒഴിഞ്ഞു മാറുകയായിരുന്നു. ബ്രഹ്മപുരം വിഷത്തിൽ സർക്കാർ സ്വീകരിക്കുന്ന നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി.

ആരോഗ്യമന്ത്രി വീണാ ജോര്‍ജും തദ്ദേശവകുപ്പ് മന്ത്രി എം.ബി രാജേഷുമാണ് നിയമസഭയില്‍ മറുപടി നല്‍കിയത്. സഭയിലുണ്ടായിരുന്നിട്ടും വിഷയത്തില്‍ മുഖ്യമന്ത്രി സംസാരിച്ചില്ല. കൊച്ചി വിഷവാതകം ശ്വസിക്കുമ്പോള്‍, സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്തു ചെയ്യുകയാണെന്ന ചോദ്യം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉയര്‍ത്തിയെങ്കിലും പിണറായി വിജയന്‍ മൗനം തുടര്‍ന്നു.

അതേ സമയം ബ്രഹ്മപുരത്തെ ബയോമൈനിങ് കമ്പനിയെ പൂര്‍ണമായും സഭയില്‍ ന്യായീകരിക്കുകയാണ് സര്‍ക്കാര്‍. പ്രചാരണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നായിരുന്നു തദ്ദേശമന്ത്രിയുടെ സഭയിലെ മറുപടി.

കൊച്ചിയെ 12 ദിവസമായി ശ്വാസം മുട്ടിക്കുന്ന ബ്രഹ്മപുരം വിഷപ്പുകയെ ചൊല്ലി വലിയ പോരിനാണ് ഇന്ന് സഭ സാക്ഷിയായത്. തീ അണഞ്ഞെന്ന് ഭരണപക്ഷവും ഇല്ലെന്ന് പ്രതിപക്ഷവും സഭയില്‍ പറഞ്ഞു. കരാര്‍ നല്‍കിയതിലും തീ കത്തലിലുമെല്ലാം ആരോപണം നേരിടുന്ന സോന്‍ടാ കമ്പനിക്ക് അന്വേഷണം തീരും മുമ്പെ ക്ലീന്‍ ചിറ്റ് നല്‍കിയ സര്‍ക്കാറിനെതിരെ പ്രതിപക്ഷം രൂക്ഷ വിമര്‍ശനമാണുയര്‍ത്തിയത്.

പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗത്തിന് മുമ്പ് തദ്ദേശമന്ത്രിക്ക് വിശദീകരണത്തിന് സ്പീക്കര്‍ അവസരം നല്‍കിതോടെ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലേക്കിറങ്ങി ബഹളം വെച്ചു. ബ്രഹ്മപുരത്ത് ഒരു പ്രശ്‌നവുമില്ലെന്ന് ആറിന് സഭയില്‍ പറഞ്ഞ തദ്ദേശമന്ത്രിക്കും 10 ദിവസം കഴിഞ്ഞ് മാസ്‌കിടാന്‍ പറഞ്ഞ ആരോഗ്യമന്ത്രിയെയും പ്രതിപക്ഷ നേതാവ് കടന്നാക്രമിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.