'സത്യം പറഞ്ഞതിന് എന്റെ ഭര്‍ത്താവ് ജയിലില്‍': ഓസ്‌കാര്‍ വേദിയില്‍ റഷ്യന്‍ പ്രതിപക്ഷ നേതാവിന്റെ ഭാര്യ

'സത്യം പറഞ്ഞതിന് എന്റെ ഭര്‍ത്താവ് ജയിലില്‍': ഓസ്‌കാര്‍ വേദിയില്‍ റഷ്യന്‍ പ്രതിപക്ഷ നേതാവിന്റെ ഭാര്യ

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനും പ്രതിപക്ഷ നേതാവുമായ അലക്സി നവല്‍നിയെക്കുറിച്ചുള്ള ഡോക്യുമെന്ററിക്കും ഓസ്‌കാര്‍ പുരസ്‌കാരം. റഷ്യയില്‍ തടവിലാക്കപ്പെട്ട അലക്സി നവല്‍നിയുടെ ഭാര്യ ജൂലിയ നവല്‍നയ പുരസ്‌കാരം സ്വീകരിച്ച ശേഷം ഓസ്‌കാര്‍ വേദിയില്‍ വികാരനിര്‍ഭരമായ പ്രസംഗം നടത്തി. റഷ്യ സ്വതന്ത്രമാകുമെന്ന് താന്‍ സ്വപ്നം കാണുന്നതായി അവര്‍ പറഞ്ഞു.

ലോസ് ഏയ്ഞ്ചല്‍സില്‍ നടന്ന ചടങ്ങില്‍ നവല്‍നിയുടെ രണ്ട് കുട്ടികളും ഡോക്യുമെന്ററിയുടെ സംവിധായകനും പങ്കെടുത്തു.

'സത്യം പറഞ്ഞതിന് എന്റെ ഭര്‍ത്താവ് ജയിലിലാണ്,' 95-ാമത് വാര്‍ഷിക അക്കാദമി അവാര്‍ഡില്‍ പങ്കെടുത്ത് സംസാരിക്കവെ ജൂലിയ നവല്‍നയ പറഞ്ഞു. മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം വിഭാഗത്തിലാണ് 'നവല്‍നി' ഓസ്‌കാര്‍ നേടിയത്. 'ജനാധിപത്യം സംരക്ഷിക്കുന്നതിനായി എന്റെ ഭര്‍ത്താവ് ജയിലിലാണ്,' നവല്‍നയ തുടര്‍ന്നു.

'അലക്സി, നിങ്ങള്‍ സ്വതന്ത്രരാകുകയും നമ്മുടെ രാജ്യം സ്വതന്ത്രമാവുകയും ചെയ്യുന്ന ദിവസത്തെക്കുറിച്ച് ഞാന്‍ സ്വപ്നം കാണുന്നു, ധൈര്യമായിരിക്കു' - നവല്‍നയ പറഞ്ഞു. ഡാനിയല്‍ റോഹര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ 2020-ല്‍ നവല്‍നിക്കെതിരേ നടന്ന വധശ്രമവും അതിന് ക്രെംലിനുമായുള്ള ബന്ധവും വിശദമായി പ്രതിപാദിക്കുന്നു. 2021-ലാണ് റഷ്യന്‍ ഭരണകൂടം നവല്‍നിയെ തടവിലാക്കിയത്. നവല്‍നിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് രാജ്യമെങ്ങും വന്‍ പ്രക്ഷോഭം നടന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.