'ബ്രഹ്മപുരത്തെ മാലിന്യമല നീക്കിയില്ലെങ്കില്‍ ദുരന്തം ആവര്‍ത്തിക്കും': മുന്നറിയിപ്പുമായി ഹരിത ട്രിബ്യൂണല്‍ മോണിറ്ററിംഗ് കമ്മിറ്റി

'ബ്രഹ്മപുരത്തെ മാലിന്യമല നീക്കിയില്ലെങ്കില്‍ ദുരന്തം ആവര്‍ത്തിക്കും': മുന്നറിയിപ്പുമായി ഹരിത ട്രിബ്യൂണല്‍ മോണിറ്ററിംഗ് കമ്മിറ്റി

കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ മല ഇനിയും നീക്കിയില്ലെങ്കില്‍ തീപിടുത്ത ദുരന്തം ആവര്‍ത്തിക്കുമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ നിയോഗിച്ച സ്റ്റേറ്റ് ലെവല്‍ മോണിറ്ററിംഗ് കമ്മിറ്റിയുടെ മുന്നറിയിപ്പ്.

തീപിടുത്തത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം കൊച്ചി കോര്‍പറഷനാണ്. ബയോ മൈനിങ് പൂര്‍ണ പരാജയമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ദേശീയ ഹരിത  ട്രിബ്യൂണലിന്റെ  ചെന്നൈ ബെഞ്ചിന് മുന്‍പാകെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്.

അതിനിടെ ബ്രഹ്മപുരത്ത് കത്തിയ പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നുള്ള വിഷജലം കടമ്പ്രയാറിലൂടെ ഒഴുകിയെത്തുന്നത് വേമ്പനാട് കായലിലെയും കൊച്ചി തീരക്കടലിലെയും ആവാസ വ്യവസ്ഥയ്ക്കും പൊതുജനാരോഗ്യത്തിനും ഭീഷണിയായി.

25 ഫയര്‍ എന്‍ജിനുകളും കടമ്പ്രയാറില്‍ നിന്നുള്ള ഉയര്‍ന്ന ശേഷിയുള്ള നിരവധി പമ്പുകളും ഉപയോഗിച്ച് 12 ദിവസം രാപ്പകല്‍ മാലിന്യക്കൂമ്പാരത്തില്‍ ഒഴിച്ച വെള്ളം വിഷ ജലമായി ഒഴുകി കടമ്പ്രയാറില്‍ തന്നെ തിരിച്ചെത്തകയാണ്.

പ്ലാസ്റ്റിക് മാലിന്യം കത്തി രൂപംകൊണ്ട വിഷ വാതകങ്ങളുടെയും മറ്റ് മാരകമായ രാസ വസ്തുക്കളുടെയും അവശിഷ്ടങ്ങള്‍ അടങ്ങിയ ചാരം ജലത്തിലൂടെയാണ് നദിയിലേക്കെത്തുന്നത്. കാന്‍സറിനും ജനിതക വൈകല്യങ്ങള്‍ക്കും കാരണമാകുന്ന ഡയോക്‌സിന്‍ സംബന്ധിച്ചാണ് ആശങ്കകള്‍ ഏറെയും.

ഡയോക്‌സിന്‍ സാന്നിധ്യം  പഠിക്കാന്‍ തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി (എന്‍.ഐ.ഐ.എസ്.ടി) സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോര്‍ട്ട് ലഭ്യമായാല്‍ മാത്രമേ വ്യക്തമായ ധാരണ ലഭിക്കൂ.

വായുവിലേതിനെക്കാള്‍ അപകടകാരിയാണ് ജലത്തിലെ ഡയോക്‌സിന്‍ എന്ന് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. ഇത് നിര്‍വീര്യമാകാന്‍ കൂടുതല്‍ കാലമെടുക്കും. വായുവിന്റെ ഗുണമേന്മ പരിശോധന പോലെ ജലത്തിന്റെ മലിനീകരണം പരിശോധിക്കപ്പെടുന്നില്ല എന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.