കൊച്ചി: വിമാനത്താവളങ്ങള്‍ വഴി അടുത്ത കാലത്തായി വലിയ തോതിലുള്ള സ്വര്‍ണവേട്ടയാണ് നടക്കുന്നത്. ഈ സാഹചര്യത്തില്‍ സ്വര്‍ണം കടത്തുന്നവരെ കുറിച്ചുള്ള വിവരം കൈമാറുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിച്ചിരിക്കുകയാണ് കസ്റ്റംസ്. ഒരു കിലോ സ്വര്‍ണത്തെ കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് 1.5 ലക്ഷം രൂപ വരെയാണ് പ്രതിഫലമായി പ്രഖ്യാപിച്ചിരിക്കുന്നത്.
വിവരം നല്‍കുന്നവരെ കുറിച്ചുള്ള വിശദാംശങ്ങള്‍ രസഹ്യമായി സൂക്ഷിക്കുമെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു. വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്ത് തടയുന്നതിന് വേണ്ടിയാണ് കസ്റ്റംസിന്റെ നിര്‍ണായക തീരുമാനം. രഹസ്യ വിവരം അറിയിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 0483 - 2712369 എന്ന നമ്പറിലേക്ക് ബന്ധപ്പെടാം.
വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണ വേട്ടയില്‍ 25 എണ്ണം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉള്ളതാണ്. മറ്റുള്ളവ ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയുടെ അടിസ്ഥാനത്തിലും.
കരിപ്പൂരില്‍ നിന്നും കഴിഞ്ഞ ദിവസം 1.1 കോടി രൂപയുടെ സ്വര്‍ണവും എട്ട് ലക്ഷം രൂപയുടെ വിദേശ കറന്‍സിയാണ് കസ്റ്റംസ് പിടികൂടിയത്. സംഭവത്തില്‍ വിവിധ കേസുകളിലായി മൂന്ന് പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. താമരശേരി സ്വദേശി റാഷിക്, മലപ്പുറം സ്വദേശി മുനീര്‍, വടകര സ്വദേശ സെര്‍ബീല്‍ എന്നിവരാണ് അറസ്റ്റിലായത്.
ദോഹയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് റാഷിക് കോഴിക്കോട്ടേക്ക് എത്തിയത്. ഇയാളില്‍ നിന്ന് 1066 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സ്പൈസ് ജെറ്റിന്റെ വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയ പാമ്പോടന്‍ മുനീറില്‍ നിന്ന് 1078 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. രണ്ട് പേരും ക്യാപ്സൂളുകളാക്കി ശരീരത്തില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു.
സ്പൈസ് ജെറ്റ് വിമാനത്തില്‍ ദുബായിലേക്ക് പോകാനെത്തിയ സെര്‍ബീലില്‍ നിന്നാണ് വിദേശ കറന്‍സി പിടിച്ചെടുത്തത്. 2585 ഒമാന്‍ റിയാലും 1035 കുവൈത്തി ദിനാറുമാണ് ബാഗില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. ഇയാളുടെ കൈവശം മതിയായ രേഖകളില്ലായിരുന്നു.
ഈ വര്‍ഷം മാത്രം കോടിക്കണക്കിന് രൂപയുടെ സ്വര്‍ണവേട്ടയാണ് കരിപ്പൂരില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.