വത്തിക്കാന്‍ സിറ്റി: കൊച്ചിയിലെ ബ്രഹ്‌മപുരത്തുനിന്നുള്ള വിഷപ്പുക ഉയര്‍ത്തിയ കോലാഹലങ്ങള്‍ കേരളത്തില്‍ ഇന്നും അവസാനിച്ചിട്ടില്ല. വലിച്ചെറിയല്‍ സംസ്‌കാരത്തിന്റെ ഫലമായി ആകാശത്തോളം ഉയര്‍ന്ന മാലിന്യമലയും അതു സംസ്‌കരിക്കാന്‍ ഭരണകൂടം വരുത്തിയ വീഴ്ച്ചയും ചര്‍ച്ചയാകുമ്പോള്‍ ഫ്രാന്‍സിസ് പാപ്പ എഴുതിയ 'ലൗദാത്തോ സി' എന്ന ചാക്രികലേഖനം മുന്നോട്ടു വയ്ക്കുന്ന ചിന്തകള്‍ ഏറെ പ്രസക്തമാണ്. വരും തലമുറയ്ക്കു നാം കൈമാറാന്‍ പോകുന്നത് ഏതു തരത്തിലുള്ള ലോകമാണെന്ന ചോദ്യമാണ് ഈ ചാക്രികലേഖനത്തിന്റെ കേന്ദ്രബിന്ദു.
സൃഷ്ടിയെയും സൃഷ്ടിജാലങ്ങളെയും ആദരവോടെ വീക്ഷിക്കാനും അതുവഴി ഭൂമിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും വരുംതലമുറയ്ക്ക് ആവാസയോഗ്യമാക്കി ഈ പ്രപഞ്ചത്തെ കാത്തു പരിപാലിക്കാനുമുള്ള ആഹ്വാനമാണ് ആറ് അദ്ധ്യായങ്ങളിലുടെ മാര്‍പാപ്പ ഈ ലേഖനത്തില്‍ വ്യക്തമാക്കുന്നത്. ഈ ലേഖനത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് തായ്‌ലന്‍ഡില്‍ ഒരു കന്യാസ്ത്രീ നടത്തുന്ന മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്.
കേരത്തിലടക്കം മാലിന്യ സംസ്‌കരണം കോടിക്കണക്കിനു രൂപ സമ്പാദിക്കാനുള്ള കുറുക്കുവഴിയാകുമ്പോഴാണ് നിസ്വാര്‍ത്ഥമായ സേവനത്തിലൂടെ ഈ ഭൂമിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താനുള്ള സിസ്റ്ററിന്റെ ശ്രമങ്ങള്‍ ശ്രദ്ധ ആകര്‍ഷിക്കുന്നത്.
തായ്ലന്‍ഡിലെ ബാങ്കോക്ക് കേന്ദ്രകരിച്ച് സിസ്റ്റര്‍ ആഗ്‌നസ് കന്‍ലയ ട്രിസോപ നടത്തുന്ന മാലിന്യം വേര്‍തിരിക്കല്‍ പദ്ധതി ആ സമൂഹത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു കഴിഞ്ഞു.
മാലിന്യം വേര്‍തിരിക്കുന്ന പദ്ധതി ആരംഭിക്കാന്‍ സിസ്റ്ററിനെ പ്രേരിപ്പിച്ചത് പാപ്പയുടെ 'ലൗദാത്തോ സി' എന്ന ചാക്രികലേഖനമാണ്. ഭൂമിയെ പരിപാലിക്കുന്നതിനായി നമ്മുടെ ദൈനംദിന ജീവിതത്തില്‍ പ്രകൃതിയോടിണങ്ങിയ മാറ്റങ്ങളും സദ്ഗുണങ്ങളും പരിശീലിക്കണമെന്ന് മാര്‍പ്പാപ്പ ആഹ്വാനം ചെയ്യുന്നു. പരിശുദ്ധ പിതാവ് നിര്‍ദേശിച്ച നിരവധി പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് മാലിന്യം തരംതിരിക്കല്‍.
സിസ്റ്റര്‍ ആഗ്‌നസ് ജോലിക്കിടയില്‍
പ്രാ അജന്‍ സുചുത് പാച്ചോട്ടോ എന്ന ബുദ്ധ സന്യാസിയുമായി സഹകരിച്ചാണ് സിസ്റ്ററിന്റെ പ്രവര്‍ത്തനം. ബുദ്ധ സന്യാസിമാരും മാതാപിതാക്കളും 400 കുട്ടികളും ഉള്‍പ്പെടുന്ന നിരവധി നെറ്റ്വര്‍ക്കുകളുമായി ഇദ്ദേഹം സഹകരിക്കുന്നുണ്ട്. മാലിന്യം വേര്‍തിരിച്ച് സീറോ വേസ്റ്റിലേക്കു കൊണ്ടുവരുന്നത് എങ്ങനെയെന്ന് അദ്ദേഹത്തില്‍ നിന്നാണു പഠിച്ചത്.
മനുഷ്യക്കടത്ത് തടയുക എന്ന ലക്ഷ്യവും ഈ പദ്ധതിക്കുണ്ട്. ദാരിദ്ര്യവും തൊഴിലില്ലായ്മയുമാണ് ആളുകള്‍ അടിമത്തത്തിന്റെ ചങ്ങലയില്‍ അകപ്പെടാനുള്ള കാരണം. അതിനാല്‍, സാമ്പത്തിക പ്രതിസന്ധിയുള്ള കുടുംബങ്ങള്‍ക്ക് മാലിന്യം വേര്‍തിരിക്കുന്നത് വരുമാനം വര്‍ദ്ധിപ്പിക്കുന്ന ഒരു തൊഴിലായി മാറി.
പദ്ധതി നടപ്പാക്കി ഏകദേശം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍തന്നെ നല്ല ഫലങ്ങള്‍ കണ്ടുതുടങ്ങി. സഭകള്‍, സ്‌കൂളുകള്‍, ക്രിസ്ത്യന്‍ കമ്മ്യൂണിറ്റികള്‍, സഭാ സംഘടനകള്‍ എന്നിവയില്‍ നിന്ന് സിസ്റ്ററിന് നല്ല പ്രതികരണവും സഹകരണവും ലഭിച്ചു.
തന്റെ കുടുംബത്തെ പോറ്റാന്‍ എല്ലാ മാസവും പണം സമ്പാദിക്കുന്നതിനൊപ്പം, ലോകത്തെ പരിപാലിക്കുന്നതിന് അനിവാര്യമായ മാലിന്യ സംസ്‌കരണത്തെക്കുറിച്ചുള്ള അറിവ് നേടുന്നതിലും സ്ത്രീകള്‍ സ്ഥിരോത്സാഹം കാണിച്ചു. മാലിന്യങ്ങള്‍ വില്‍ക്കുന്നതിലൂടെയും പുനരുപയോഗം ചെയ്യുന്നതിലൂടെയും അവര്‍ കൂടുതല്‍ പണം സമ്പാദിക്കുന്നു.
സമൂഹത്തിലെ താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിലേക്ക് ഈ പദ്ധതി വ്യാപിപ്പിക്കാനാണ് തന്റെ തീരുമാനമെന്ന് സിസ്റ്റര്‍ ആഗ്‌നസ് പറഞ്ഞു.
തരംതിരിച്ച മാലിന്യങ്ങള്‍ റീസൈക്കിള്‍ ചെയ്ത് വരുമാനമുണ്ടാക്കാനും സാധിക്കുന്നതെങ്ങനെയെന്നും സിസ്റ്റര്‍ വിശദീകരിച്ചു. പ്ലാസ്റ്റിക് ഉപയോഗിച്ച് ഡീസലുണ്ടാക്കാം. പേപ്പര്‍ വീണ്ടും പേപ്പറാക്കി മാറ്റാം. വാട്ടര്‍ ബോട്ടിലുകള്‍ ഉപയോഗിച്ച് തുണി നിര്‍മിക്കാം. ക്യാനുകള്‍ ഹാന്‍ഡ്ബാഗ് നിര്‍മാണത്തിന് ഉപയോഗിക്കാം. ഇതുകൂടാതെ മാലിന്യങ്ങള്‍ കൊണ്ട് മനോഹരമായ ബലിപീഠങ്ങള്‍, തലയിണകള്‍, അലങ്കാരങ്ങള്‍, പാത്രങ്ങള്‍, സ്‌കാര്‍ഫുകള്‍, ഹെയര്‍ ആക്‌സസറികള്‍, വളകള്‍ എന്നിവ നിര്‍മിക്കുന്നു.
ബ്രഹ്‌മപുരത്തെ മാലിന്യ മലയ്ക്കു തീ പിടിച്ചപ്പോള്‍ (ഫയല്‍ ചിത്രം)
പ്ലാസ്റ്റിക് കുപ്പികളില്‍ നിന്ന് തുണി നിര്‍മിക്കുന്നത് സ്ത്രീകള്‍ക്ക് സുസ്ഥിരമായ തൊഴില്‍ സൃഷ്ടിക്കും. അങ്ങനെയായാല്‍ ജോലി തേടി അവര്‍ മറ്റിടങ്ങളിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിക്കില്ല. മനുഷ്യക്കടത്തിന്റെ ഇരകളാകാനുള്ള അപകടസാധ്യത കുറയുകയും ചെയ്യും.
ഈ പദ്ധതി നമ്മുടെ ഗ്രഹത്തെ വൃത്തിയായും മലിനീകരണ വിമുക്തമായും നിലനിര്‍ത്താന്‍ സഹായിക്കുമെന്നു തനിക്ക് ബോധ്യമായതായി സിസ്റ്റര്‍ ആഗ്‌നസ് പറയുന്നു. അതിനു വഴികാട്ടിയ മാര്‍പ്പാപ്പയോടുള്ള നന്ദിയും അവര്‍ പ്രകടിപ്പിക്കുന്നു. ദരിദ്ര കുടുംബങ്ങള്‍ക്ക് വരുമാനം നേടാന്‍ സഹായിക്കുന്നതിനൊപ്പം ഭൂമിയെ വരും തലമുറയ്ക്കു വേണ്ടി മികച്ച ഭവനമാക്കി മാറ്റുകയും ചെയ്യാമെന്ന് സിസ്റ്റര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.