കോട്ടയം: ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിലിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും.
എതിർപ്പുകളും വിയോജിപ്പുകളും സധൈര്യം തുറന്ന് പറയാൻ യാതൊരു മടിയും ഇല്ലാത്ത ആളായിരുന്നു മാർ ജോസഫ് പൗവ്വത്തിലെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ചങ്ങനാശേരി എസ്.ബി കോളജിൽ ഗുരുനാഥനായിരുന്നത് മുതലുള്ള ബന്ധം ഓർമ്മിപ്പിച്ചാണ് ഉമ്മൻ ചാണ്ടിയുടെ കുറിപ്പ്.
"ചങ്ങനാശേരി എസ്.ബി കോളജിൽ ബിഎ ഇകണോമിക്സിന് പഠിക്കുന്ന കാലത്ത് ഞങ്ങളുടെ അധ്യാപകനായിരുന്നു പൗവ്വത്തിൽ അച്ചൻ. അന്നു മുതൽ അദ്ദേഹവുമായി വ്യക്തിപരമായി വളരെ അടുത്ത ബന്ധമാണ് എനിക്കുണ്ടായിരുന്നത്.
പൗവ്വത്തിൽ പിതാവ് കേരളത്തിലെ ക്രൈസ്തവ സഭയുടെ ആധ്യാത്മിക ആചാര്യൻമാരിൽ ഏറ്റവും ശ്രദ്ധേയനായ വ്യക്തിയായിരുന്നു. വിദ്യാഭ്യാസ കാര്യങ്ങളിലും രാഷ്ട്രീയ വിഷയങ്ങളിലുമെല്ലാം അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. അദ്ദേഹം അത് പല ഫോറങ്ങളിൽ പ്രകടിപ്പിച്ചിരുന്നു.
സമുദായ മൈത്രിക്കു വേണ്ടി പൗവ്വത്തിൽ പിതാവ് നടത്തിയ പ്രവർത്തനങ്ങൾ എല്ലാ വിഭാഗം ജനങ്ങളുടേയും ബഹുമാനം പിടിച്ചുപറ്റാൻ പര്യാപ്തമായിരുന്നു. ഗുരുനാഥൻ കൂടിയായ പൗവ്വത്തിൽ പിതാവിന്‍റെ മരണാനന്തര ചടങ്ങുകളിൽ ആരോഗ്യപരമായ കാരണങ്ങളാൽ പങ്കെടുക്കാൻ കഴിയാത്തതിൽ ദുഃഖമുണ്ട്"- ഉമ്മൻ ചാണ്ടി തന്റെ അനുശോചന കുറിപ്പിൽ പറഞ്ഞു.
കടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധ സമീപനം പുലർത്തിയ അദ്ദേഹവുമായുള്ള വിയോജിപ്പുകൾ തുറന്നു പറയേണ്ടിവന്ന അനേകം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും തന്‍റെ അഭിപ്രായങ്ങൾ പങ്കുവെക്കുന്നതിൽ യാതൊരു മടിയും അദ്ദേഹത്തിനുണ്ടായിരുന്നില്ലെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അനുശോചന കുറിപ്പിലുള്ളത്.
വിദ്യാഭ്യാസ മേഖലയിൽ തന്റേതായ സംഭാവനകൾ നൽകാൻ അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നു. ദൈവശാസ്ത്ര വിഷയങ്ങളിൽ അഗാധ പാണ്ഡിത്യം അദ്ദേഹത്തിനുണ്ടായിരുന്നു. മാർ പൗവ്വത്തിലിന്റെ വിയോഗം വിശ്വാസ സമൂഹത്തിന് ഏറെ ദുഃഖമുളവാക്കുന്നതാണെന്നും മുഖ്യമന്ത്രി അനുശോചിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.