തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ പരാതിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുത്ത് വാദം പൂർത്തിയായിട്ടും വിധി പറയാത്ത ലോകായുക്ത. വിധി വൈകുന്നതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പരാതിക്കാരൻ.
കേസിൽ വാദം പൂർത്തിയായിട്ട് ശനിയാഴ്ച ഒരു വർഷം പിന്നിട്ടിരുന്നു. കേസ് കണക്കിലെടുത്ത് ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കുന്ന ബിൽ നിയമസഭ പാസാക്കിയെങ്കിലും ഇതുവരെ ഗവർണർ ഒപ്പിട്ടിട്ടില്ല.
മുഖ്യന്ത്രി പിണറായി വിജയനും കഴിഞ്ഞ മന്ത്രിസഭയിലെ 18 പേർക്കുമെതിരെയാണ് കേസ്. വാദം പൂർത്തിയായ കേസുകളിൽ ആറ് മാസത്തിനുള്ളിൽ വിധി പറയണമെന്ന സുപ്രീം കോടതി നിർദ്ദേശത്തിന്റെ ചുവട് പിടിച്ചാണ് ലോകായുക്തക്കെതിരായി പരാതിക്കാരൻ ആർ.എസ്. ശശികുമാർ നിയമ നടപടിക്ക് നീങ്ങുന്നത്.
ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ഹാറൂൺ അൽ. റഷീദുമാണ് വിധി പറയേണ്ടത്. വാദത്തിനിടെ സർക്കാരിനെതിരെ അതിരൂക്ഷമായ വിമർശനങ്ങൾ പലതും ലോകായുക്തയിൽ നിന്നുണ്ടായി. സർക്കാർ പണം ഇഷ്ടം പോലെ ചെലവഴിക്കാമോ എന്ന ചോദ്യം വരെ ഉയർന്നു.
അന്തരിച്ച എൻ.സി.പി നേതാവ് ഉഴവൂർ വിജയന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവിന് 25 ലക്ഷവും അന്തരിച്ച എം.എൽ.എ കെ.കെ. രാമചന്ദ്രന്റെ മകന് ജോലിക്ക് പുറമെ സ്വർണ്ണപണയം തിരിച്ചെടുക്കുന്നതിനും കാർ വായ്പക്കുമായി എട്ടര ലക്ഷവും കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ട് മരിച്ച സിവിൽ പൊലീസ് ഓഫീസറുടെ ഭാര്യക്ക് 20 ലക്ഷവും ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചതിലായിരുന്നു പരാതി.
ലോകായുക്ത പതിനാലാം വകുപ്പ് പ്രകാരം വിധി എതിരായാൽ മുഖ്യമന്ത്രിക്ക് സ്ഥാനമൊഴിയേണ്ട സ്ഥിതിയാണ്. നേരത്തെ കെ.ടി. ജലീലിന് മന്ത്രിസ്ഥാനം പോയത് ഈ വകുപ്പ് പ്രകാരമായിരുന്നു. പതിനാലാം വകുപ്പ് ഭേദഗേതി ചെയ്താണ് സർക്കാർ ബിൽ കൊണ്ടുവന്നത്.
മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭക്കും മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും പുനപരിശോധിക്കാൻ വ്യവസ്ഥയുള്ള ബിൽ കഴിഞ്ഞ ഓഗസ്റ്റ് 30 നാണ് പാസാക്കിയത്. പക്ഷെ ഗവർണർ ഇതടക്കമുള്ള വിവാദ ബില്ലിൽ ഇതുവരെ തൊട്ടിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v