തിരുവനന്തപുരം: ദേവികുളം മണ്ഡലത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ സിപിഎം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. നാളെ തന്നെ അപ്പീല്‍ നല്‍കാനാണ് തീരുമാനം.
നിയമസഭാ സമ്മേളനം നടക്കുന്നതിനിടെയാണ് ഇടതുമുന്നണിക്ക് തിരിച്ചടിയായി ഹൈക്കോടതിയില്‍ നിന്ന് ഉത്തരവെത്തിയത്. ദേവികുളം മണ്ഡലത്തില്‍ നിന്ന് എംഎല്‍എയായി നിയമസഭയിലെത്തിയ എ. രാജയുടെ വിജയവും ഹൈക്കോടതി അസാധുവാക്കി.
പട്ടികജാതി സംവരണ വിഭാഗത്തില്‍പ്പെട്ട ദേവികുളം മണ്ഡലത്തില്‍ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് രാജ മത്സരിച്ചതെന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി. കുമാറിന്റെ ഹര്‍ജി അംഗീകരിച്ചാണ് ഹൈക്കോടതിയുടെ നടപടി. ഇത് രണ്ടാം തവണയാണ് ദേവികുളം മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് അസാധുവാക്കപ്പെടുന്നത്.
ക്രിസ്ത്യന്‍ മതാചാരം പിന്തുടരുന്ന രാജയ്ക്ക് പട്ടിക ജാതി സംവരണ മണ്ഡലത്തില്‍ മത്സരിക്കാന്‍ അര്‍ഹതയില്ലെന്നായിരുന്നു ഹര്‍ജിയിലെ പ്രധാനവാദം. പരിവര്‍ത്തിത ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ടവരാണെന്നും മാട്ടുപ്പെട്ടി കുണ്ടള ഈസ്റ്റ് ഡിവിഷനിലെ സി.എസ്.ഐ. പള്ളിയില്‍ മാമ്മോദീസാ സ്വീകരിച്ചവരാണ് രാജയുടെ മാതാപിതാക്കളെന്നും രാജയും അതേ മതത്തില്‍പ്പെട്ടതാണെന്നും ഹര്‍ജിയിലുണ്ടായിരുന്നു.
ഇത് അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്. പട്ടിക ജാതിസംവരണ വിഭാഗത്തില്‍പ്പെട്ട മണ്ഡലത്തില്‍ രാജയുടെ നാമനിര്‍ദേശപത്രിക വരണാധികാരി നേരത്തെ തന്നെ തള്ളേണ്ടതായിരുന്നെന്നും ഹിന്ദു പറയ സമുദായത്തില്‍പ്പെട്ടയാളാണ് താനെന്ന രാജയുടെ വാദം അഗീകരിക്കാനാകില്ലെന്നും ഉത്തരവിലുണ്ട്.
ഉത്തരവിന്റെ പകര്‍പ്പ് തെരഞ്ഞെടുപ്പ് കമ്മീഷനും നിയമസഭാ സ്പീക്കര്‍ക്കും സര്‍ക്കാരിനും കൈമാറാനും കോടതി നിര്‍ദേശിച്ചു. കോടതിവിധി പഠിച്ചശേഷം തുടര്‍ നടപടിയെന്ന് അയോഗ്യനാക്കപ്പെട്ട എ. രാജ പ്രതികരിച്ചു. ഉത്തരവിനെതിരെ മേല്‍ക്കോടതിയെ സമീപിക്കാന്‍ രാജയ്ക്ക് അവസരമുണ്ട്.
അതില്‍ തീരുമാനമാകും വരെ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെടാം. സത്യം ജയിച്ചെന്നായിരുന്നു ഹര്‍ജിക്കാരനായ ഡി കുമാറിന്റെ പ്രതികരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.