പ്രതിപക്ഷ പ്രതിഷേധം: നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു; ബില്ലുകള്‍ ചര്‍ച്ചയില്ലാതെ പാസാക്കും

പ്രതിപക്ഷ പ്രതിഷേധം: നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു; ബില്ലുകള്‍ ചര്‍ച്ചയില്ലാതെ പാസാക്കും

തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധം ചൂണ്ടിക്കാട്ടി നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. പ്രതിപക്ഷം നടുത്തളത്തില്‍ അസാധാരണ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തില്‍ സഭാ നടപടികള്‍ വെട്ടിച്ചുരുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിച്ചു. ഇതേത്തുടര്‍ന്ന് നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.

സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇന്ന് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയെങ്കിലും ഈ നോട്ടീസും സഭയില്‍ ഒഴിവാക്കപ്പെട്ടു. സഭയില്‍ ഇന്ന് ചോദ്യോത്തര വേളയും റദ്ദ് ചെയ്തിരുന്നു.

ഈ മാസം 30 വരെയാണ് സഭാ സമ്മേളനം തീരുമാനിച്ചിരുന്നത്. ബില്ലുകള്‍ ചര്‍ച്ചയില്ലാതെയാകും പാസാക്കുക. പ്രതിപക്ഷ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ നടപടിക്രമങ്ങളും ഇന്ന് തന്നെ പൂര്‍ത്തിയാക്കി സഭ പിരിയണമെന്നാണ് മുഖ്യമന്ത്രി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്. ധനാഭ്യര്‍ത്ഥന ബില്ലുകളും ബജറ്റ് ചര്‍ച്ചകളും അതിവേഗം പാസാക്കിയാണ് ഇന്ന് തന്നെ സഭ പിരിയുന്നത്. സഭാ നടപടികള്‍ വരും ദിവസങ്ങളിലും സുഗമമാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ധനബില്ലുകള്‍ ഗില്ലറ്റിന്‍ ചെയ്തത്.

പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങളോട് രൂക്ഷമായ ഭാഷയിലാണ് സ്പീക്കര്‍ പ്രതികരിച്ചത്. പൂച്ചയ്ക്ക് ആര് മണി കെട്ടുമെന്ന ചോദ്യത്തിന് പൂച്ചയ്ക്ക് മണി കെട്ടാന്‍ ചെയര്‍ തയാറാണെന്നായിരുന്നു സ്പീക്കറുടെ മറുപടി. സ്പീക്കറുടെ റൂളിംഗ് അവഗണിച്ച് നിയമസഭയില്‍ നടുത്തളത്തില്‍ അഞ്ച് പ്രതിപക്ഷ എംഎല്‍എമാരാണ് അനിശ്ചിതകാല സത്യഗ്രഹം നടത്തിയത്. ഇത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഭരണപക്ഷം ഇതിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് സഭയില്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്.

അന്‍വര്‍ സാദത്ത്, ടി ജെ വിനോദ്, ഉമാ തോമസ്, എകെഎം അഷ്റഫ്, കുറുക്കോളി മൊയ്തീന്‍ എന്നീ എംഎല്‍എമാര്‍ നടുത്തളത്തില്‍ സത്യഗ്രഹമിരുന്ന് പ്രതിഷേധിച്ചു. എന്നാല്‍ സഭാ ടിവി പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തില്ല. സര്‍ക്കാരിന് ധിക്കാരമാണെന്നും സഭാ നടപടികളോട് സഹകരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.