ആലപ്പുഴ: എടത്വയില്‍ വനിതാ കൃഷി ഓഫീസര്‍ എം. ജിഷമോള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ കള്ളനോട്ട് കേസിന്റെ ഫയലുകള്‍ പരിശോധിച്ച ശേഷം വിശദമായ അന്വേഷണം തുടങ്ങുമെന്ന് അറിയിച്ച് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി. ആലപ്പുഴ സൗത്ത് പൊലീസ് അന്വേഷിച്ചിരുന്ന കേസ് കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ചിന് കൈമാറി.
മുന്‍പ് കായംകുളത്ത് നിന്ന് കണ്ടെത്തിയ കള്ളനോട്ട് ഇടപാടുമായി ആലപ്പുഴയിലെ സംഘത്തിന് ബന്ധമുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുള്ളതിനാല്‍ രണ്ടു കേസുകളും ക്രൈംബ്രാഞ്ച് വിശദമായി പഠിക്കുന്നുണ്ട്. എന്നാല്‍ ഡിസംബറില്‍ അഞ്ചുപേര്‍ പിടിയിലായ ചാരുംമൂട് കള്ളനോട്ട് ഇടപാടുമായി ആലപ്പുഴ സംഘത്തിന് ബന്ധമുള്ളതായി അറിയില്ലെന്നും ഇക്കാര്യത്തില്‍ ഇപ്പോള്‍ അന്വേഷണമൊന്നും നടത്തുന്നില്ലെന്നും കേസ് അന്വേഷിക്കുന്ന സംസ്ഥാന ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം മാവേലിക്കര സ്പെഷ്യല്‍ സബ് ജയിലിന്റെ വനിത സെല്ലില്‍ കഴിഞ്ഞിരുന്ന പ്രതി എം. ജിഷമോള്‍ ഇപ്പോള്‍ തിരുവനന്തപുരത്തെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. കഴിഞ്ഞ പത്താം തീയതിയാണ് ഇവരെ ആശുപത്രിയിലേക്കു മാറ്റിയത്. മാനസിക പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞതിനാല്‍ 10 ദിവസം ചികിത്സയ്ക്കായി കോടതി നിര്‍ദേശ പ്രകാരമാണ് ജിഷയെ ആശുപത്രിയിലാക്കിയത്.
ജിഷയുടെ മാനസികനില പരിശോധിക്കുന്ന സൈക്യാട്രി വിഭാഗം സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതനുസരിച്ച് ഇവരെ തിരികെ കോടതിയില്‍ ഹാജരാക്കും. ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.