രാജയെ അയോഗ്യനാക്കിയ വിധിക്ക് ഇടക്കാല സ്റ്റേ: സുപ്രീം കോടതിയെ സമീപിക്കാന്‍ 10 ദിവസത്തെ സാവകാശം; തടസ ഹര്‍ജി നല്‍കി ഡി.കുമാര്‍

 രാജയെ അയോഗ്യനാക്കിയ വിധിക്ക് ഇടക്കാല സ്റ്റേ: സുപ്രീം കോടതിയെ സമീപിക്കാന്‍ 10 ദിവസത്തെ സാവകാശം; തടസ ഹര്‍ജി നല്‍കി ഡി.കുമാര്‍

കൊച്ചി: ദേവികുളം എംഎല്‍എ എ. രാജയുടെ നിയമസഭാംഗത്വം റദ്ദാക്കിയ വിധി 10 ദിവസത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി. സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതിനാണിത്. ഹൈക്കോടതി വിധിക്കെതിരേ പത്ത് ദിവസത്തിനകം രാജ സുപ്രീം കോടതിയെ സമീപിക്കണം.

രാജയുടെ നിയമസഭാംഗത്വം അസാധുവാക്കി കഴിഞ്ഞ ദിവസം വിധി പ്രസ്താവിച്ച അതേ ബെഞ്ച് തന്നെയാണ് സുപ്രീം കോടതിയെ സമീപിക്കാന്‍ ചൊവ്വാഴ്ച ഇടക്കാല സ്റ്റേ നല്‍കിയത്. അതേസമയം എംഎല്‍എ എന്ന നിലയില്‍ രാജയ്ക്ക് നിയമസഭയില്‍ വോട്ടിങില്‍ പങ്കെടുക്കാന്‍ അവകാശമുണ്ടാകില്ലെന്നും നിയമസഭാംഗമെന്ന നിലയില്‍ മറ്റ് ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാകില്ലെന്നും ഇടക്കാല ഉത്തരവില്‍ കോടതി വ്യക്തമാക്കി.

പട്ടികജാതി വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്ത മണ്ഡലത്തില്‍ മത്സരിക്കാന്‍ രാജയ്ക്ക് യോഗ്യതയില്ലെന്ന് വിലയിരുത്തിയാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി എംഎല്‍എയുടെ നിയമസഭാംഗത്വം റദ്ദാക്കിയിരുന്നത്. ക്രിസ്തുമത വിശ്വാസിയായ രാജയ്ക്ക് സംവരണ മണ്ഡലത്തില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന യുഡിഎഫിലെ ഡി. കുമാറായിരുന്നു ഹര്‍ജി നല്‍കിയത്.

ഹിന്ദു പറയന്‍ സമുദായാംഗമാണെന്ന് അവകാശപ്പെട്ടാണ് രാജ മത്സരിച്ചത്. രാജ വളരെ മുമ്പ് ക്രിസ്തു മതത്തിലക്ക് മാറിയതാണെന്നും ആ വിശ്വാസമാണ് പിന്തുടരുന്നതെന്നും വിലയിരുത്തിയായിരുന്നു ജനപ്രാതിനിധ്യ നിയമ പ്രകാരമുള്ള കോടതി നടപടി.

അതിനിടെ കേസില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി. കുമാര്‍ സുപ്രീം കോടതിയില്‍ തടസ ഹര്‍ജി ഫയല്‍ ചെയ്തു. എ. രാജയുടെ നിയമസഭാംഗത്വം അസാധുവാക്കിയ ഹൈക്കോടതി വിധിയില്‍ തന്റെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ടാണ് തടസ ഹര്‍ജി. അഭിഭാഷകന്‍ അല്‍ജോ ജോസഫ് വഴിയാണ് തടസ ഹര്‍ജി ഫയല്‍ ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.