മാര്‍ പൗവ്വത്തില്‍ എല്ലാവര്‍ക്കും സ്വീകാര്യന്‍; ജീവിതം തുറന്ന പുസ്തകം: മന്ത്രി റോഷി അഗസ്റ്റിന്‍

മാര്‍ പൗവ്വത്തില്‍ എല്ലാവര്‍ക്കും സ്വീകാര്യന്‍; ജീവിതം തുറന്ന പുസ്തകം: മന്ത്രി റോഷി അഗസ്റ്റിന്‍

ചങ്ങനാശേരി: ദൈവഹിതത്തോട് ചേര്‍ന്നു നിന്നും പരിശുദ്ധ സിംഹാസനത്തോട് വിധേയപ്പെട്ടും സീറോ മലബാര്‍ സഭയുടെ തനിമയും പാരമ്പര്യവും കാത്തു സൂക്ഷിച്ച മഹത് വ്യക്തിത്വമായിരുന്നു മാര്‍ ജോസഫ് പൗവ്വത്തില്‍ പിതാവെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ചങ്ങനാശേരി അതിരൂപത മെത്രാസന മന്ദിരത്തിലെത്തി മാര്‍ പൗവ്വത്തിലിന് ആദരാഞ്ജലി അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദേഹം.

സഭയ്ക്കും സമുദായത്തിനും മാത്രമല്ല, എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും സ്വീകാര്യനായിരുന്ന പിതാവിന്റെ ജീവിതം ഒരു തുറന്ന പുസ്തകമായിരുന്നു. വിദ്യാഭ്യാസ മണ്ഡലത്തില്‍ അദേഹത്തിന്റെ സംഭാവന വിലമതിക്കാനാവാത്തതാണ്. അതുകൊണ്ടാണ് ഈ രംഗത്തുള്ള ചര്‍ച്ചകളില്‍ പിതാവിന്റെ വാക്കിന് വേണ്ടി കേരളം കാതോര്‍ക്കുന്നത്.

വിവിധ നിയമസഭാ സമ്മേളനങ്ങളില്‍ വിദ്യാഭ്യാസ ബില്ലുകള്‍ ചര്‍ച്ചയ്ക്ക് വരുന്ന വേളകളില്‍ പിതാവിന്റെ ഒരു കുറിപ്പ് എത്തുമായിരുന്നുവെന്നും റോഷി അഗസ്റ്റിന്‍ അനുസ്മരിച്ചു.

സാമൂഹിക, ആനുകാലിക വിഷയങ്ങള്‍ക്കും മതേതര കാഴ്ച്ചപ്പാടുകള്‍ക്കും ഏറെ സംഭവന നല്‍കിയ പൗവ്വത്തില്‍ പിതാവിന് താന്‍ പറഞ്ഞ വാക്കുകളൊന്നും പിന്‍വലിക്കേണ്ടി വന്നിട്ടില്ല. അത് പിതാവിന് ലഭിച്ച ഏറ്റവും വലിയ ദൈവാനുഗ്രഹമായിരുന്നുവെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

മാര്‍ ജോസഫ് പൗവ്വത്തില്‍ പിതാവ് തനിക്ക് ഗുരുതുല്യനായിരുന്നുവെന്ന് കോട്ടയം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മാനസിക സമ്മര്‍ദ്ദമുണ്ടാകുന്ന വേളകളില്‍ പിതാവിന്റെ ഉപദേശങ്ങള്‍ ഏറെ ആശ്വാസം നല്‍കിയിരുന്നതായും അദേഹം അനുസ്മരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.