സീറോമലബാർ സഭയ്ക്ക് അഭിമാനവും സഭാ വിരുദ്ധർക്ക് അസൂയാപാത്രവും

സീറോമലബാർ സഭയ്ക്ക് അഭിമാനവും സഭാ വിരുദ്ധർക്ക് അസൂയാപാത്രവും

സൈജു മുളകുപാടം (എസ് എം സി എ കുവൈറ്റ് സ്ഥാപകാംഗം)

തൻറെ സ്വർഗ്ഗീയ യജമാനൻ്റെ സന്തോഷത്തിലേക്കു പ്രവേശിച്ച ആവൂൻ മാർ യൗസേഫ് പൗവ്വത്തിൽ പിതാവിൻ്റെ ദീപ്തമായ ഓർമ്മകൾ അനുസ്മരിക്കുമ്പോൾ, കേരള സമൂഹത്തിൽ ജീവിച്ചിരുന്ന പ്രമുഖ എഴുത്തുകാരനും ഭരണകർത്താവും ആയിരുന്ന ഡോ.ബാബു പോൾ പൗവ്വത്തിൽ പിതാവിന് നൽകിയ "ബൗദ്ധിക സത്യസന്ധതയുടെ കർമ്മ സാക്ഷി" എന്ന വിശേഷണവും ഡോ.സിറിയക് ജോസഫ് നൽകിയ "സീറോമലബാർ സഭയ്ക്ക് അഭിമാനവും സഭാ വിരുദ്ധർക്ക് അസൂയാപാത്രവും"
എന്ന വിശേഷണവും ഈ അവസരത്തിൽ ഓർക്കുന്നത് തീർത്തും അനുയോജ്യമെന്ന് കരുതുന്നു.

സുദീർഘമായ തൻ്റെ വായനയിലൂടെയും അന്വേഷണത്തിലൂടെയും പ്രാർത്ഥനയിലൂടെയും താൻ സ്വായത്തമാക്കിയ ഉത്തമ ബോധ്യങ്ങളിൽ അടിയുറച്ചുനിൽക്കുവാനും ശരിയായവ നടപ്പിലാക്കുവാനും തുറന്നുപറയുവാനും അഭിവന്ദ്യ പിതാവ് കാട്ടിയ നിശ്ചയദാർഢ്യമാണ് അദ്ദേഹത്തെ "സിറോമലബാർ സഭയുടെ കിരീടം" എന്ന വിശേഷണത്തിന് അർഹനാക്കിയതും അതിലൂടെ തൻ്റെ മാതൃസഭയുടെ ദൈവോന്മുഖ ഉന്നമനത്തിനും വളർച്ചക്കും കാരണമായതും. അതിനായുള്ള അദ്ദേഹത്തിന്റെ നിലപാടുകളും പ്രവർത്തനങ്ങളും ചില ശത്രുക്കളെയും പ്രദാനം ചെയ്തു. സഭയുടെ ശത്രുപക്ഷത്തു നിന്നുകൊണ്ട് അവരിൽ ചിലർ ഇന്നും ഒളിഞ്ഞും തെളിഞ്ഞും സഭാതാരകത്തെ കല്ലെറിയുന്നുയെന്നത് വേദന ഉളവാക്കുന്നു.

ഉത്‌ഥാനം ചെയ്ത ഈശോയെ സഭയിൽ അനുഭവിച്ചറിഞ്ഞ പൗലോശ്ലീഹാ ഫിലിപ്പിയർ ലേഖനം 1 : 26 ൽ ഇങ്ങനെ കുറിച്ചു "എനിക്ക് ജീവിക്കുക മിശിഹായാണ്" അതെ തീഷ്ണതയും പാതയും പിന്തുടർന്ന അഭിവന്ദ്യ പൗവ്വത്തിൽ പിതാവും ഇങ്ങനെ കുറിച്ചു, "എനിക്ക് ജീവിക്കുക സഭയാണ്" തൻ്റെ സഭ ജീവിതവും സഭയോടുള്ള അടങ്ങാത്ത അദ്ദേഹത്തിന്റെ സ്നേഹവുമാണ് ഈ വാക്കുകളിലൂടെ അദ്ദേഹം വ്യക്തമാക്കുന്നത്.

1986 ൽ ഭാരത സന്ദർശനം കഴിഞ്ഞു മടങ്ങിയ ജോൺ പോൾ രണ്ടാമൻ മാർപാപ്പ 1987 മെയ് 28 നു ഭാരതത്തിലെ എല്ലാ മെത്രാൻമാർക്കുമായി എഴുതിയ കത്തിൽ പൗരസ്ത്യ സഭകളെപ്പറ്റിയുള്ള രണ്ടാം വത്തിക്കാൻ കൗൺസിൽ നിർദ്ദേശങ്ങൾ നടപ്പിലാക്കുവാൻ ഉതകുന്ന തരത്തിലുള്ള ബോധവൽക്കരണവും പഠിപ്പിക്കലും വൈദികർക്കും സന്യസ്തർക്കും അല്മായർക്കും നൽകണമെന്ന് നിർദ്ദേശിച്ചു. ഈ നിർദ്ദേശം നടപ്പിലാക്കുവാൻ അക്ഷീണം പ്രയത്നിക്കുകയും പഠിക്കുകയും അതിലൂടെ ലഭ്യമായ അറിവുകൾ തന്നെ ഭരമേല്പിക്കപ്പെട്ട ദൈവജനത്തെ ഉത്ബോധിപ്പിക്കുവാനും അദ്ദേഹം ശ്രമിച്ചു.

സഭ ഭ്രമണം ചെയ്യുന്നത് സഭയുടെ ആരാധനാക്രമത്തിനു ചുറ്റുമാണെന്നും സർവ്വ ശക്തിയും നിർഗ്ഗളിക്കുന്നതു അതിൽനിന്നാണെന്നുമുള്ള അദ്ദേഹത്തിന്റെ ഉത്തമ ബോധ്യത്തിൽനിന്നും രൂപപ്പെട്ട് 1996 ഡിസംബറിൽ പ്രസിദ്ധീകരിച്ച "സഭ ആരാധനയിൽ " എന്ന ഒരു പുസ്തകം മാത്രം മതി അഭിവന്ദ്യ പിതാവിന്റെ ആരാധനക്രമ കാര്യത്തിലുള്ള ആഴമായ അറിവും അക്കാര്യത്തിൽ അദ്ദേഹം നടത്തിയ ഗവേഷണവും തിരിച്ചറിയാൻ.
രണ്ടാം വത്തിക്കാൻ കൗൺസിലിലെ പൗരസ്ത്യ സഭകളെ സംബന്ധിച്ചുള്ള വിശകലനത്തിൻ്റെയും വിവിധ കാരണങ്ങളാൽ നഷ്ടപ്പെട്ട അവരുടെ തനതു ആരാധനക്രമ പാരമ്പര്യങ്ങളിലേക്കു മടങ്ങണം എന്ന ആഹ്വാനവും ഉൾക്കൊണ്ട്, മാർത്തോമ്മാ നസ്രാണികൾ എന്നറിയപ്പെട്ടിരുന്ന സിറോമലബാർ സഭയ്ക്ക് വിദേശ അധിനിവേശത്തിൽ നഷ്‌ടമായ പൗരസ്ത്യ സുറിയാനി ആരാധനാക്രമത്തിലേക്കും സഭാ പാരമ്പര്യങ്ങളിലേക്കുമുള്ള മടക്കം ഭാഗികമായെങ്കിലും ഇന്ന് സാധ്യമാക്കുന്നതിൽ എക്കാലവും മുന്നിൽ നിന്ന സഭാപിതാവിനെയാണ് നമുക്ക് ഇന്ന് നഷ്ടമായിരിക്കുന്നത്. ആ ഒരു പരിശ്രത്തിൽ അദ്ദേഹത്തിന് ഏറെ കുറ്റപ്പെടുത്തലുകളും ആരോപണങ്ങളും എല്ലാം നേരിടേണ്ടിവന്നു എങ്കിലും എതിർപ്പ് ഉയർത്തിയവരെപോലും യാഥാർഥ്യബോധമുള്ളവരാക്കി മാറ്റുവാൻ സാധിച്ചുവെന്ന  കൃതാർഥതയോടെയാണ് അഭിവന്ദ്യ പിതാവിൻറെ മടക്കം.

കേരളത്തിലും ഇന്ത്യയിലെ ഏതാനും ഇടങ്ങളിലും മാത്രം ഉണ്ടായിരുന്ന സീറോ മലബാർ സഭ ഇന്ന് ആഗോള തലത്തിൽ പടർന്നു പന്തലിച്ചു നിൽക്കുമ്പോൾ  പൗവ്വത്തിൽ പിതാവിൻ്റെ അക്കാര്യത്തിലുള്ള സമീപനവും ഈ അവസരത്തിൽ പ്രതിപാദിക്കണം.
1995 ൽ കുവൈറ്റ് എന്ന മധ്യപൂർവ്വ ദേശത്തെ ഒരു ചെറു രാജ്യത്തിൽ ഈയുള്ളവൻ ഉൾപ്പടെയുള്ള 18 സഭാ വിശ്വാസികൾ ചേർന്ന് രൂപം നൽകിയ മധ്യപൂർവ്വ ദേശത്തെ ആദ്യ സീറോമലബാർ അൽമായ കൂട്ടായ്മയായ എസ് എം സി എ കുവൈറ്റിൻ്റെ ശൈശവകാല വളർച്ചയിൽ ധാരാളം എതിർപ്പുകൾ നേരിടേണ്ടിവന്നപ്പോൾ ആത്മീയ ഉപദേശങ്ങൾ നൽകിയും സംഘടനയ്ക്ക് കൃത്യമായ ദിശാബോധം ഉറപ്പുവരുത്തുവാൻ തന്റെ രൂപതയിൽ നിന്നും പാറേൽ സെൻ്റ് മേരീസ് പള്ളി വികാരിയായിരുന്ന ഫാ. ജോൺ പുരക്കലിനെ കുവൈറ്റിലേക്ക് അയച്ചു.

പിന്നീട്  പിതാവ് 1997ൽ വെല്ലുവിളികൾക്കിടയിലും നേരിട്ട് കുവൈറ്റിൽ എത്തിയും കൂട്ടായ്മയെ ശക്തിപ്പെടുത്തിയതിന്റെ ഫലമാണ് വർഷത്തിൽ ഒരിക്കൽ മാത്രം ലഭ്യമായിരുന്ന സീറോമലബാർ വിശുദ്ധ കുർബാന ഇന്ന് എല്ലാദിവസവും ലഭ്യമാകുന്ന നിലയിലേക്കും, ലോകത്തിലെ ഏറ്റവും വലിയ അതായതു 3200 ൽ അധികം കുട്ടികൾ തങ്ങളുടെ മാതൃഭാഷയിൽ വിശ്വാസ പരിശീലനം നടത്തുന്ന ഇടവക സമൂഹം എന്ന നിലയിലേക്കും, സഭയുടെ സോഷ്യൽ സർവീസ് സൊസൈറ്റിയുമായി ചേർന്നും അല്ലാതെയും വിവിധ മതസ്ഥരായ 675 ൽ അധികം ഭവനരഹിതരുടെ സ്വപ്ന സാക്ഷാത്‍കാരത്തിലേക്കും എല്ലാ എത്തിച്ചേർന്നത് എസ് എം സി എ കുവൈറ്റ് എന്ന അൽമായ കൂട്ടായ്മയുടെ രൂപീകരണംകൊണ്ടാണ്. ആരംഭ കാലത്ത് തങ്ങൾ നേരിട്ട മാനസിക സംഘർഷങ്ങളെയും പ്രാദേശികമായ എതിർപ്പുകളെയും മറികടക്കുവാൻ നായകസ്ഥാനത്തുനിന്നു ഞങ്ങളെ ഉപദേശിച്ച അഭിവന്ദ്യ പൗവ്വത്തിൽ പിതാവായിരുന്നു എന്നത് അഭിമാനത്തോടെ സ്മരിക്കുന്നു.

ചങ്ങനാശേരി അതിരൂപതയുടെ അദ്ധ്യക്ഷനായിരിക്കെ സഭയിൽ മാത്രമല്ല സഭയുടെ പുറത്തുള്ള എല്ലാ ക്രിസ്ത്രീയ വിശ്വാസികളെയും കൂട്ടിയിണക്കുന്നതിൽ അദ്ദേഹം വലിയ ശ്രദ്ധാലുവായിരുന്നു. അതിന്റെ ഭാഗമായി ഐക്യ സംഗമങ്ങൾ സംഘടിപ്പിക്കുകയും ഇന്റർ ചർച്ച് കൗസിൽ രൂപീകരിച്ച് വിവിധങ്ങളായ വിഷയങ്ങളിൽ സാധ്യമാകുന്ന ഇടങ്ങളിലെല്ലാം ചേർന്ന് പ്രവൃത്തിക്കുവാനുള്ള സാഹചര്യങ്ങളും ഒരുക്കി.

ക്രൈസ്തവ ഇതര സമുദായങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിലും അദ്ദേഹം വലിയ ശ്രദ്ധാലുവായിരുന്നു. മതേതരത്വത്തിന് പേരുകേട്ട ചങ്ങനാശേരിയിൽ സൗഹാർദ്ദ അന്തരീക്ഷം ഉറപ്പുവരുത്തുന്നതിലും തന്റേതായ ഭാഗഭാഗിത്വം അദ്ദേഹം ഉറപ്പുവരുത്തി. രാഷ്ട്രീയ, വിദ്യാഭ്യാസ, വിഷയങ്ങളിലും സാമൂഹിക വിഷയങ്ങളിലും തന്റെ തുറന്ന നിലപാട് പ്രകടിപ്പിക്കുന്നതിൽ അദ്ദേഹം മടികാട്ടിയില്ല. അതുകൊണ്ടുതന്നെ സാക്ഷാൽ ഇ എം എസ് പോലെയുള്ള രാഷ്ട്രീയ പ്രഗത്ഭരുടെ തൂലിക പലപ്പോഴും അദ്ദേഹത്തിനെതിരെ തിരിഞ്ഞ സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ അതൊന്നും തന്റെ ഉറച്ച നിലപാടുകളെയും കാഴ്ചപ്പാടുകളെയും മാറ്റുവാൻ ഉതകുന്നതായിരുന്നില്ല. അതാണ്  പൗവ്വത്തിൽ പിതാവിനെ മറ്റുള്ളവരിൽനിന്നും വ്യത്യസ്തനാക്കുന്നത്. നിലപാടുകളുടെ സൂര്യതേജസ് സഭയിൽ നിന്നും മറയുമ്പോൾ അത് സൃഷ്ടിക്കുന്ന വിടവ് വളരെ വലുതായിരിക്കും എന്നതിൽ സംശയമില്ല.

ഈ ഭൂമിയിൽ തന്റെ ദൗത്യം പൂർത്തിയാക്കി വാഗ്ദത്തമായ ദൈവവരാജ്യത്തിലേക്കു മടങ്ങിയ  മാർ ജോസഫ് പൗവ്വത്തിൽ പിതാവ് സഭാ സ്നേഹികളായ ഒരോ വിശ്വസിക്കും അഭിമാനമാണ്. അദ്ദേഹത്തിന്റെ വിയോഗം സഭയിൽ വലിയ വിടവ് സൃഷ്ടിക്കും എന്നതിൽ സംശയമില്ല.  പിതാവ് ജീവിച്ച കാലഘട്ടത്തിൽ സഭയുടെ ഭാഗമായി വിശ്വാസത്തിൽ ജീവിക്കുവാൻ സഭയുടെ തനതു ആരാധനാക്രമത്തിലുള്ള ബലിയർപ്പണത്തിൽ പങ്കുചേരുവാനും സാധിച്ചതിൽ അഭിമാനം കൊള്ളുന്നു.

മൽപാൻ മാത്യു വെള്ളാനിക്കൽ അച്ചന്റെ വാക്കുകൾ കടമെടുത്തുപറയട്ടെ, മാർ ജോസഫ് പവ്വത്തിൽ പിതാവിന്റേതു പോലുള്ള സഭാസ്നേഹത്തിന്റെയും സഭാദർശനത്തിന്റെയും അഭാവമാണ് ഇന്നത്തെ സീറോ മലബാർ സഭയുടെ പ്രധാനപ്പെട്ട പ്രതിസന്ധി എന്നു പറയുവാൻ സാധിക്കും. ഈ സഭാദർശനം ഉൾക്കൊള്ളുവാൻ സീറോ മലബാർ സഭാംഗങ്ങളായ എല്ലാ മെത്രാന്മാർക്കും വൈദികർക്കും സന്യസ്തർക്കും അൽമായർക്കും സാധിച്ചിരുന്നെങ്കിൽ ഇന്നത്തെ സീറോ മലബാർ സഭയുടെ പ്രതിസന്ധിയെ അതിജീവിക്കുവാനും അതിന്റെ അജപാലനപരവും സുവിശേഷ പ്രഘോഷണപരവുമായ ദൗത്യം സ്തുത്യർഹമായ വിധത്തിൽ നിർവഹിക്കുവാനും സാധിക്കുമെന്നതിന് സംശയമില്ല. അപ്രകാരം എല്ലാ സഭാംഗങ്ങൾക്കും പൗവ്വത്തിൽ പിതാവിന്റെ ഈ സഭാദർശനം സ്വായത്തമാക്കുവാൻ സാധിക്കട്ടെയെന്ന് ആശംസിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു.


ജനഹൃദയങ്ങളിലെ പൗവ്വത്തിൽ പിതാവ്  എന്ന ഈ പരമ്പരയുടെ ഇതുവരെയുള്ള ഭാഗങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയുക



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26