'ക്രിസ്തീയ ആശയങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും ഉല്‍പന്നങ്ങള്‍ക്കും സമൂഹത്തില്‍ മികച്ച ഇടമുണ്ടാക്കിയെടുക്കണം. സമൂഹ മാധ്യമങ്ങള്‍ മുതല്‍ കുത്തക മാധ്യമ തറവാടുകളില്‍ വരെ മാറ്റത്തിന്റെ അലയൊലികളുണ്ടാകണം'.
ക്രൈസ്തവ പാരമ്പര്യത്തില്‍ കെട്ടിപ്പടുത്ത പല രാജ്യങ്ങളിലും ഇന്ന് ക്രിസ്തീയ വിശ്വാസം അന്യം നിന്നു പോവുകയാണ്. ഈ സാഹചര്യം വസ്തുനിഷ്ഠമായി വിലയിരുത്തി വേണ്ട പ്രതിവിധി നിര്‍ദേശിക്കുന്ന പ്രത്യേക വാര്‍ത്താ അവലോകന പരിപാടി ഇന്നു മുതല്‍ സീന്യൂസ് ലൈവില്‍.
ആശയ സങ്കലനം:
പ്രകാശ് ജോസഫ്
(അഡ്വൈസറി എഡിറ്റര്‍).
ഓസ്ട്രേലിയ, ന്യൂസീലന്‍ഡ്, കാനഡ, അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ ... ഒരു കാലത്ത് ക്രിസ്തീയതയുടെ വിള ഭൂമിയായിരുന്ന ഈ രാജ്യങ്ങളില്‍ ഇന്ന് ക്രൈസ്തവ ജനസംഖ്യ ആശങ്കാജനകമാം വിധം ഇടിയുന്നു. ഓസ്ട്രേലിയയില്‍ അടുത്ത ജനസംഖ്യാ കണക്കെടുപ്പോടെ ഒരു മതത്തിലും വിശ്വാസമില്ലാത്തവര്‍ ഭൂരിപക്ഷ സ്ഥാനം കൈവരിക്കുമെന്ന് അടുത്തിടെ പ്രസിദ്ധീകരിച്ച സെന്‍സസ് കണക്കുകള്‍ വ്യക്തമാക്കുന്നു.
രാഷ്ട്ര നിര്‍മാണത്തിന്റെ അടിസ്ഥാന ശിലയായിരുന്ന ക്രിസ്തീയ വിശ്വാസം പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കുന്നതില്‍ വിനാശകരമായ വീഴ്ച്ച വരുത്തിയ കഴിഞ്ഞ തലമുറയ്ക്ക് കാലം മാപ്പു നല്‍കട്ടെ. ന്യൂസീലന്‍ഡ്, യൂറോപ്യന്‍ രാജ്യങ്ങള്‍, കാനഡ, അമേരിക്ക എന്നിവിടങ്ങളിലും സ്ഥിതി വിഭിന്നമല്ല.
മതമില്ലാത്ത ഒരു സമൂഹത്തിലേക്കുള്ള വളര്‍ച്ചയില്‍ ക്രിസ്തീയ മൂല്യങ്ങളും പ്രതീകങ്ങളുമെല്ലാം അപ്രത്യക്ഷമാകുകയാണ്. കേള്‍ക്കുമ്പോള്‍ നിസാരമെന്നു തോന്നാമെങ്കിലും ഇതിന്റെ വ്യാപ്തി വളരെ വലുതാണ്. നഷ്ടപ്പെട്ടു പോകുന്ന വിശ്വാസ മൂല്യങ്ങള്‍ ചിറകെട്ടി സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.
ഈ ചിറകെട്ടല്‍ വിശ്വാസികളുടെ ജീവിത രീതിയിലും മനോഭാവത്തിലും പ്രവൃത്തിയിലും മാത്രം ഒതുങ്ങിയാല്‍ പോര. സംഘടിതവും ക്രിയാത്മകവുമായ ഇടപെടലുകള്‍ ഒട്ടേറെ മേഖലകളില്‍ അനിവാര്യമാണ്. അത് വിപണിയിലെ കൊടുക്കല്‍ വാങ്ങലുകളില്‍ തുടങ്ങി രാജ്യങ്ങള്‍ അനുവദിക്കുന്ന രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക ഇടപെടലുകളിലും പ്രതികരണങ്ങളിലും ചെന്നെത്തേണ്ടതുണ്ട്.
ക്രിസ്തീയ ആശയങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും ഉല്‍പന്നങ്ങള്‍ക്കും സമൂഹത്തില്‍ മികച്ച ഇടമുണ്ടാക്കിയെടുക്കണം. ഇത്തരം നീക്കങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ കൂട്ടായ ശ്രമങ്ങള്‍ ഉണ്ടാകണം. സമൂഹ മാധ്യമങ്ങള്‍ മുതല്‍ കുത്തക മാധ്യമ തറവാടുകളില്‍ വരെ മാറ്റത്തിന്റെ അലയൊലികളുണ്ടാകണം. അതുവഴി സുന്ദരമായ ഈ രാജ്യങ്ങള്‍ വിശ്വാസ മൂല്യങ്ങളുടെ മുന്‍കാല പ്രൗഢിയിലേക്കു മടങ്ങി വരണം. ഈ നോമ്പുകാലത്ത് നമ്മുടെ ചിന്തകള്‍ ഈ വിധം കൂടി ഉയരട്ടെ.
ക്രൈസ്തവ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെട്ടില്ലെങ്കില്‍ അവയെന്തെന്ന് വരും തലമുറയ്ക്ക് പറഞ്ഞു കൊടുക്കാന്‍ പോലും കഴിയാത്ത വിധം മതവിദ്വേഷ സ്വാധീനങ്ങള്‍ സമൂഹത്തില്‍ അപകടകരമാം വിധം വേരുറപ്പിക്കും.
ഓസ്ട്രേലിയ, ന്യൂസീലന്‍ഡ്, യൂറോപ്പ്, കാനഡ, അമേരിക്ക തുടങ്ങിയ പാരമ്പര്യ ക്രിസ്തീയ രാജ്യങ്ങളില്‍ ജീവിക്കുന്ന മൂല്യബോധമുള്ള വ്യക്തികള്‍ എങ്ങനെ ചിന്തിക്കണം, വിവേകത്തോടെ എങ്ങനെ ഇടപെടണം എന്നുള്ള വിവിധങ്ങളായ അഭിപ്രായങ്ങള്‍ സുമനസുകളില്‍ നിന്ന് പ്രതീക്ഷിക്കുന്നു. നിങ്ങള്‍ക്കും പ്രതികരിക്കാം. 'എങ്ങനെ ചിറകെട്ടാം വിശ്വാസ മൂല്യങ്ങള്‍ക്ക്'.
രാജ്യ നിയമങ്ങളും അനുവദനീയമായ അഭിപ്രായ സ്വാതന്ത്ര്യവും അടിസ്ഥാനമാക്കിയുള്ള പ്രതികരണങ്ങളായിരിക്കണം പങ്കുവയ്ക്കേണ്ടത്.
സീന്യൂസ് ലൈവ് തുടങ്ങി വയ്ക്കുന്ന ഈ അഭിപ്രായ സ്വരൂപണത്തില്‍ നിങ്ങള്‍ക്കും പങ്കുചേരാം. പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു.
പ്രകാശ് ജോസഫ്
അഡ്വൈസറി എഡിറ്റര്‍
ഇ-മെയില്‍: [email protected]
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.