ന്യൂഡല്‍ഹി: പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജി കെ. വിനോദ് ചന്ദ്രനെ നിയമിച്ചു. നോര്‍ത്ത് പറവൂര്‍ സ്വദേശിയാണ്. വിനോദ് ചന്ദ്രനെ ചീഫ് ജസ്റ്റിസാക്കിക്കൊണ്ട് കേന്ദ്രം വിജ്ഞാപനമിറക്കി.
2011ലാണ് ഹൈക്കോടതി ജഡ്ജിയായി ചുമതലയേല്‍ക്കുന്നത്. ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ നിയമനവുമായി ബന്ധപ്പെട്ട് കൊളീജിയം മുന്‍പു നല്‍കിയ പല ശുപാര്‍ശകളില്‍ കേന്ദ്ര സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്തിരുന്നില്ല. ബോംബെ ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റാന്‍ നേരത്തേ കൊളീജിയം ശുപാര്‍ശ നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ മടക്കിയിരുന്നു.
തുടര്‍ന്ന് ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാന്‍ ഡിസംബറില്‍ ശുപാര്‍ശ നല്‍കിയെങ്കിലും അനുകൂലനടപടിയുണ്ടായില്ല. ഫെബ്രുവരിയിലാണ് പട്‌നയിലേക്കുള്ള ശുപാര്‍ശ നല്‍കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ ജോലി നോക്കവേ സായാഹ്ന പഠനത്തിലൂടെയാണ് നിയമബിരുദം നേടിയത്.
തുടര്‍ന്ന് ബാങ്ക് ഉദ്യോഗം രാജിവെച്ച് അഭിഭാഷക വൃത്തിയിലേക്ക് കടന്നു. 1990 ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. 2011 നവംബര്‍ എട്ടിന് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിതനായി. 2013 ജൂണ്‍ 24 ന് സ്ഥിരം ജഡ്ജിയായി. ചന്ദ്രബോസ് വധക്കേസില്‍ വ്യവസായി മുഹമ്മദ് നിഷാമിന്റെ ജീവപര്യന്തം കഠിനതടവ് ശരിവച്ചത് അടക്കം ഒട്ടേറെ ശ്രദ്ധേയ വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v