നേപ്പാളില്‍ ഒരേ പാതയില്‍ പറന്ന് വിമാനങ്ങള്‍; അപകടം ഒഴിവായത് തലനാരിഴക്ക്: സംഭവത്തില്‍ മൂന്ന് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു

നേപ്പാളില്‍ ഒരേ പാതയില്‍ പറന്ന് വിമാനങ്ങള്‍; അപകടം ഒഴിവായത് തലനാരിഴക്ക്: സംഭവത്തില്‍ മൂന്ന് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു

കാഠ്മണ്ഡു: കാഠ്മണ്ഡു വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിയില്‍ നിന്ന് ഒഴിവായത് തലനാരിഴക്ക്. വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന നേപ്പാള്‍ എയര്‍ലൈന്‍സിന്റെ വിമാനവും ഡല്‍ഹിയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് വരികെയായിരുന്ന എയര്‍ ഇന്ത്യയുടെ വിമാനവുമാണ് അപകടകരമാംവിധം ഒരേ പാതയിലായത്. എയര്‍ ഇന്ത്യ വിമാനം വരുന്നത് കണ്ട് നേപ്പാള്‍ എയര്‍ലൈന്‍സിന്റെ പൈലറ്റ് വിമാനം 7000 അടിയിലേക്ക് താഴ്ത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി.

കാഠ്മണ്ഡുവില്‍ നിന്ന് മലേഷ്യയിലെ ക്വാലാലംപുരിലേക്ക് പോവുകയായിരുന്നു നേപ്പാള്‍ എയര്‍ലൈന്‍സിന്റെ എ-320 എയര്‍ ബസ് വിമാനം. എയര്‍ ഇന്ത്യയുടെ വിമാനം 19,000 അടി ഉയരത്തില്‍ നിന്ന് താഴേക്കിറങ്ങുകയും നേപ്പാള്‍ എയര്‍ലൈന്‍സ് വിമാനം 15,000 അടി ഉയരത്തില്‍ പറക്കുകയുമായിരുന്നു. ഇരുവിമാനങ്ങളും അടുത്തായതായി കണ്ടതോടെ നേപ്പാള്‍ എയര്‍ലൈന്‍സ് വിമാനം 7,000 അടി താഴേക്ക് തിരിച്ചിറക്കിയാണ് കൂട്ടിയിടി ഒഴിവാക്കിയത്.

സംഭവത്തില്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഡിപ്പാര്‍ട്മെന്റിലെ മൂന്ന് ജീവനക്കാരെ നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി സസ്പെന്‍ഡ് ചെയ്തു. നേപ്പാളിലെ ത്രിഭുവന്‍ അന്തര്‍ദേശീയ വിമാനത്താവളത്തിലെ മൂന്ന് ട്രാഫിക് കണ്‍ട്രോളര്‍മാരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇവര്‍ ജോലിയില്‍ പ്രവേശിക്കരുതെന്നാണ് നിര്‍ദേശം.

വിമാനങ്ങള്‍ കൂട്ടിയിടിക്കാന്‍ സാധ്യതയുള്ള തരത്തില്‍ വ്യോമഗതാഗതം നിയന്ത്രിച്ചതിനാണ് നടപടി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നേപ്പാളിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി മൂന്നംഗ സമിതിയെ നിയമിച്ചിട്ടുണ്ട്. സംഭവത്തില്‍ എയര്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.