മുംബൈ: പ്രഥമ വനിത പ്രീമിയർ ലീഗ് ടി 20 ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിന് കിരീടം. ഞായറാഴ്ച ബ്രാബൂൺ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഡൽഹി കാപിറ്റൽസിനെ ഏഴു വിക്കറ്റിനാണ് തോൽപിച്ചത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 131 റൺസെടുത്തു. മൂന്ന് പന്തുകൾ മാത്രം ബാക്കിനിൽക്കെ മൂന്നു വിക്കറ്റ് നഷ്ടത്തിൽ മുംബൈ 134 റൺസടിച്ചു. അർധ ശതകം നേടിയ നാറ്റ് സിവർ ബ്രണ്ട് (55 പന്തിൽ 60 നോട്ടൗട്ട്) ആണ് മുംബൈയുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ 39 പന്തിൽ 37 റൺസെടുത്തു.
29 പന്തിൽ 35 റൺസെടുത്ത ക്യാപ്റ്റനും ഓപണറുമായ മെഗ് ലാനിങ് ഒഴികെ ഡൽഹിയുടെ മുൻനിര ബാറ്റർമാരെല്ലാം പരാജയമായപ്പോൾ ടീം 16 ഓവറിൽ ഒമ്പതിന് 79 ലേക്ക് തകർന്നിരുന്നു. പത്താം വിക്കറ്റിൽ ശിഖ പാണ്ഡെയും (17 പന്തിൽ 27 നോട്ടൗട്ട്) രാധ യാദവും (12 പന്തിൽ 27 നോട്ടൗട്ട്) ചേർന്നാണ് മാന്യമായ സ്കോർ സമ്മാനിച്ചത്.
മറുപടിയിൽ നാല് ഓവർ തികക്കും മുമ്പ് രണ്ടിന് 23 ലേക്ക് മുംബൈ പതറിയെങ്കിലും ബ്രണ്ടും കൗറും സംഗമിച്ചതോടെ ടീം കരകയറി. 95 ൽ കൗർ പുറത്തായെങ്കിലും അമേലിയ കേറിനെ (എട്ടു പന്തിൽ 14) കൂട്ടുനിർത്തി ബ്രണ്ട് അവസാന ഓവറിൽ ബൗണ്ടറിയോടെ വിജയ റൺ നേടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v