ഈശോ പിറന്ന പുൽക്കൂടും; അസ്സീസിയിലെ വിശുദ്ധൻ നിർമിച്ച പുൽക്കൂടും;  നമ്മുടെ പുൽക്കൂടും 

ഈശോ പിറന്ന പുൽക്കൂടും; അസ്സീസിയിലെ വിശുദ്ധൻ നിർമിച്ച പുൽക്കൂടും;  നമ്മുടെ പുൽക്കൂടും 

പുൽക്കൂടിന്റെ പിന്നാമ്പുറങ്ങളിലൂടെ...

പുൽക്കൂടില്ലാതെ എന്ത് ക്രിസ്തുമസ്സ് ആഘോഷം?.  വിവിധ നിറത്തിലും, രീതിയിലും വലുപ്പത്തിലുമൊക്കെയുള്ള പുൽക്കൂടുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്.  ക്രിസ്തുമസ്സ് ആഘോഷങ്ങളുടെ ഭാഗമായി വീട്ടിൽ ഒരു പുൽക്കൂടൊരുക്കുക എന്നത് ഇന്ന് കുട്ടികളുടെയും മുതിർന്നവരുടെയും ആഗ്രഹമാണ്.  ഇന്ന് ജാതി മത വ്യത്യാസമില്ലാതെ എല്ലാവരും പുൽക്കൂടും ക്രിസ്തുമസ്സ് ട്രീയും നിർമിക്കുന്നു.  വ്യാപാര സ്ഥാപനങ്ങളിലും, വൻ എയർപ്പോർട്ടുകളിലും, ഓഫീസുകളിലും ഇന്ന് വിവിധ വലുപ്പത്തിലുള്ള പുൽക്കൂടുകൾ കാണാൻ സാധിക്കും.

കാലത്തെ രണ്ടായി കീറി മുറിച്ച് കൊണ്ട് ലോക രക്ഷകനായി ഈശോ മിശിഹാ കാലിൽതൊഴുത്തിൽ പിറന്നതിന്റ ഓർമ പുതുക്കുന്നക്രിസ്തുമസ്സിൽ , മറിയം ഈശോയെ പ്രസവിച്ച കാലിൽതൊഴുത്തിന്റെ പുനരാവിഷ്കരണമാണ് ഇന്നത്തെ പുൽക്കൂടുകൾ.

ആദ്യകാലങ്ങളിൽ പുൽക്കൂടുകൾ നിർമ്മിച്ചിരുന്നത് പുല്ലുകളും ഇഞ്ചിപുല്ലും, വൈക്കോലും പനയോലയും തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ചുകൊണ്ടായിരുന്നു. അങ്ങനെയാണ് പുൽക്കൂട് എന്ന പേര് ആവീർഭവിച്ചത്. ഉണ്ണീശോ, മറിയം ഔസേപ്പ്, പിന്നെ മൂന്ന് രാജാക്കന്മാർ, ആട്ടിടയന്മാർ, ആടുമാടുകൾ, മാലാഖ തുടങ്ങിയവയുടെ രൂപങ്ങൾ പുൽക്കൂടുകളിൽ ഉണ്ടായിരിക്കും. അലങ്കാരമായി നക്ഷത്രങ്ങളും ബലൂണുകളും മറ്റും തൂക്കിയിടുകയും ചെയ്യാറുണ്ട്. ഇപ്പോൾ പുൽക്കൂടുകളുടെ രൂപത്തിനും നിർമ്മാണവസ്തുക്കൾക്കും വളരെയധികം മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. നിയതമായ ഒരു ചട്ടക്കൂടും പുൽക്കൂട് നിർമ്മാണത്തിൽ അവലംബിക്കാറില്ല. പുൽക്കൂട് നിർമ്മിക്കുന്നവരുടെ കലാപരമായ ഭാവനകൾ പുൽക്കൂടുകളിൽ ദൃശ്യമാണ്. ഇന്ന് പുൽക്കൂട് നിർമ്മാണം ഒരു കലാരൂപമായി വളർന്നിരിക്കുന്നു.

ബെതലഹേമില്‍ ഈശോയുടെ ജനനത്തിന്റെ വിവരണം പറയുന്ന സുവിശേഷങ്ങളിലാണ് പുല്‍ക്കൂടിന്‍റെ ഉല്പത്തി കണ്ടെത്താനാവുന്നത്. വിശുദ്ധ ലൂക്കാ സുവിശേഷകന്‍ പച്ചയായി കുറിക്കുന്നത്, “മറിയം തന്‍റെ കടിഞ്ഞൂല്‍പ്പുത്രനെ പ്രസവിച്ചു. പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ് അവനെ പുല്‍ത്തൊട്ടിയില്‍ കിടത്തി. കാരണം, സത്രത്തില്‍ അവര്‍ക്കു സ്ഥലം ലഭിച്ചില്ല” (2, 7). ലത്തീന്‍ ഭാഷയില്‍ പുല്‍ത്തൊട്ടിക്ക് “പ്രെസീപിയൂം” Presipium, ഇംഗ്ലിഷില്‍ Manger എന്ന വാക്കുകളാണ് ഉപയോഗിക്കുന്നത്. പിള്ളത്തോട്ടി എന്നർത്‌ഥം വരുന്ന Crib  എന്ന വാക്കും പുൽക്കൂടിന് പകരമായി ഇന്ന് പരക്കെ ഉപയോഗിക്കുന്നു.

പുൽക്കൂടിന്റെ ആരംഭത്തെ കുറിച്ചക്കുള്ള അന്വേഷണം എത്തിനിൽക്കുന്നത് രണ്ടാം ക്രിസ്തു എന്നറിയപ്പെടുന്ന വി ഫ്രാൻസിസ് അസ്സീസിയിലാണ്.  ക്രിസ്തുവർഷം 1233 ലെ  ക്രിസ്തുമസിന് 15 ദിവസംമുമ്പ് ഇറ്റലിയിലെ ഗ്രേചോ എന്ന ചെറു പട്ടണത്തിലെ ഒരു ഗുഹയിലാണ് ആദ്യമായി ഒരു പ്രതിരൂപകാലിതൊഴുത്ത്  അദ്ദേഹം തയ്യാറാക്കിയത് എന്ന വിശുദ്ധ ഫ്രാന്‍സിസിന്‍റെ ആദ്യത്തെ ജീവചരിത്രകാരന്‍ തോമസ് ചെലാനോ രേഖപ്പെടുത്തിയിട്ടുണ്ട്. ആ പട്ടണത്തിൽ  അടുത്തു പരിചയമുള്ള ജോണ്‍ എന്നൊരാളോട് ഫ്രാന്‍സിസ് ആവശ്യപ്പെട്ടത്, ഈശോ പിറന്ന ബെതലേഹം കുന്നില്‍അവൻ എത്രത്തോളം സൗകര്യക്കുറവുകള്‍ സഹിച്ചാണ് പിറന്നതെന്ന് നഗ്നനേത്രങ്ങള്‍ക്ക് ഗ്രാഹ്യമാകുന്ന വിധത്തില്‍ ജീവനുള്ള കാളയും കഴുതയുമുള്ള ഒരു കാലിത്തൊഴുത്ത് ഒരുക്കാനാണ്. മേരിയും ഉണ്ണിയും, യൗസേപ്പും, ഇടയന്മാരും, മാലാഖമാരുമുള്ള ഒരു പുല്‍ക്കൂട് ഗ്രേചോ ഗുഹയില്‍ പുനരാവഷ്ക്കരിക്കണമെന്നും, ഉണ്ണിയേശുവെ വൈക്കോലില്‍ കിടത്തണമെന്നുമാണ്.

വിശുദ്ധൻ  ആവശ്യപ്പെട്ടതു പ്രകാരമുള്ള എല്ലാ സംവിധാനങ്ങളും വിശ്വസ്തനായ ആ സ്നേഹിതന്‍ ഗുഹയില്‍ ഒരുക്കി. ക്രിസ്തുമസ്സ് രാത്രിയില്‍ തന്‍റെ സഹോദരങ്ങളും ഗ്രേചോയുടെ വിവിധ ഭാഗങ്ങളിലെ കൃഷിയിടങ്ങളിലുള്ളവരും സകുടുംബം ഗുഹയിലെത്തി. അവര്‍ പൂക്കളും വിളക്കുകളുമായി ആ ക്രിസ്തുമസ് രാവിനെ കൂടുതല്‍ ഭംഗിയുള്ളതാക്കി. ഫ്രാന്‍സിസ് സ്ഥലത്തെത്തിയപ്പോള്‍ ഗുഹയില്‍ വൈക്കോലും, കാളയെയും കഴുതയെയും കണ്ടു. പിന്നെ അവിടെയുള്ളവരില്‍നിന്നു തന്നെ പുല്‍ക്കൂട്ടിലെ ഉണ്ണിയും അമ്മയും, യൗസേപ്പും, ഇടയന്മാരും മാലാഖമാരുമെല്ലാം തയ്യാറായി നിന്നിരുന്നു. ഉണ്ണിയെ കിടത്തിയ പുല്‍ത്തൊട്ടിക്കു സമീപം വൈദികന്‍ ദിവ്യബലിയര്‍പ്പിച്ചു. മനുഷ്യാവതാരവും ദിവ്യകാരുണ്യവും തമ്മില്‍ ബന്ധിപ്പിക്കുന്ന ചരിത്ര സംഭവമായിരുന്നു അത്. ഗ്രേചോയില്‍ പ്രതിമകള്‍ ഇല്ലായിരുന്നു. അവിടെ ഉണ്ടായിരുന്നവര്‍ ജീവനോടെ തന്നെയാണ് തിരുപ്പിറവിയുടെ രംഗം പൂര്‍ണ്ണമായും പുനരാവിഷ്ക്കരിച്ചത്.

ജോ കാവാലം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26